• ആധാർ; ഒരു ജനത എങ്ങനെ വഞ്ചിക്കപ്പെടുന്നു?

    പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ ഏകപക്ഷീയവും ഏകാധിപത്യപരവുമായ തരത്തിൽ പരിവർത്തനപ്പെടുത്തുന്ന ഒരു ജനാധിപത്യവിരുദ്ധ സങ്കൽപ്പമാണ്: 2018, ഒക്ടോബർ 22-ലെ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സമഗ്ര രൂപം.

  • നിരീക്ഷണ മുതലാളിത്തത്തിന്റെ കാണാപ്പുറങ്ങള്‍;

    ഫേയ്‌സ്ബുക്കും ആധാറും കേവലം സുരക്ഷാ പ്രശ്‌നങ്ങളല്ല; നിരീക്ഷണ മുതലാളിത്തത്തിന്റെ സാംസ്‌കാരികാ-അധികാര ആയുധങ്ങളാണ്

  • മതാത്മകമായ ദേശീയത;

    ഗാന്ധി ജയിച്ചു. കോണ്‍ഗ്രസ് ജയിച്ചു. ദേശീയ പ്രസ്ഥാനം ജയിച്ചു. പക്ഷേ, ദേശീയത പരാജയപ്പെട്ടു ഇപ്പോഴും ഘര്‍വാപസി നടത്തിയവരുടെ ജാതി തേടുകയാണ് നാം. ഇതിനിടയിലെവിടെയോ ഇരുളില്‍ ഇരുന്നു തേങ്ങുന്നുണ്ട് മതേതരത്വം.; രാജ്യം വിഭ ജിക്കപ്പെട്ടു. ;.

  • ഇവരെ കൈയ്യൊഴിയരുത്;

    കത്തിയെരിയുന്ന സ്വന്തം നാടൂ വിട്ട് ഓടുന്ന മനുഷ്യര്‍, ഈ കുട്ടികള്‍ നിങ്ങളോടെന്താണ് ചെയ്തത്...?

  • ചരിത്രം, ഈ വിധി

    "2017 ഓഗസ്‌റ്റ്‌ 24 ചരിത്രമാണ്‌. കേന്ദ്ര സര്‍ക്കാരിന്റെയും ചില സംസ്‌ഥന സര്‍ക്കാരുകളുടെയും ശക്‌തമായ സമ്മര്‍ദങ്ങളെ അതിജീവിച്ച്‌ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിലെ ഒമ്പതു ന്യായാധിപര്‍ ചരിത്രമെഴുതി- സ്വകാര്യത മൗലികാവകാശമാണ്‌.

  • മുത്തലാക്കിന്റെ വിധിന്യായം

    അംബേദ്കര്‍ പറഞ്ഞതുപോലെ വിവാഹവും സ്വത്തവകാശവുമൊന്നും ആര്‍ട്ടിക്കിള്‍ 25ഉം 26ഉം പ്രകാരം സംരക്ഷിക്കപ്പെടേണ്ട മതപരമായ അനുഷ്ഠാനങ്ങളുടെ ഭാഗമല്ല.

  • ജാഗ്രത: ഇനി ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ കാലം

    നിയമത്തിന്റെ ഈ പ്രകടമായ പരിമിതികള്‍ക്ക്‌ പുറമെ െസെബര്‍ സുരക്ഷയെക്കുറിച്ചുള്ള അജ്‌ഞതകൂടിയാകുമ്പോള്‍ ഇന്ത്യ ഡിജിറ്റല്‍ ലോകത്ത്‌ ഏറ്റവും അരക്ഷിതമായ രാജ്യങ്ങളിലൊന്നാകും.

  • ജാഗ്രത: ഇനി ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ കാലം-2 : ഡിജിറ്റല്‍ പിക്‌പോക്കറ്റിങ്‌

    സാധാരണ പോക്കറ്റടിച്ചാല്‍ നഷ്‌ടപ്പെടുന്ന ശരാശരി തുക ആയിരമോ രണ്ടായിരമോ ആണെങ്കില്‍ ഇ-വാലറ്റുകളുള്ള ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ കൈമോശം വന്നാല്‍ നഷ്‌ടപ്പെടുക അതിന്റെ എത്രയോ മടങ്ങായിരിക്കും

  • ഭീമും ആധാറും ബയോമെട്രിക്‌സും

    ഇന്ത്യയില്‍ ഡിജിറ്റല്‍ ബ്ലാക്ക്‌ മണിയുടെ ഏറ്റവും വലിയ കേന്ദ്രമാകാന്‍ പോകുന്നത്‌ ആധാര്‍ അധിഷ്‌ഠിത ഇകെ.വൈ.സി ബാങ്ക്‌ അക്കൗണ്ടുകളായിരിക്കും.

പൗരത്വ ബിൽ: ആൾക്കൂട്ടം ഭരണഘടനയെ തല്ലിക്കൊല്ലുമ്പോൾ

Monday, December 9, 2019 0 comments



പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്,  രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്രജകളായി കഴിഞ്ഞ ജനതക്ക്​ നൽകുന്ന പ്രതീക്ഷനിർഭരമായ വാഗ്ദാനമാണത്​. ഒരു ജനാധിപത്യസംവിധാനത്തിൽ ഭരണഘടനാദത്തമായ എല്ലാവിധ സ്വാതന്ത്ര്യങ്ങളോടും അവകാശങ്ങളോടുംകൂടി അഭിമാനപൂർവം ജീവിതം നയിക്കാനുള്ള അവകാശമാണത്. അവകാശങ്ങൾക്കുള്ള അവകാശമാണ് പൗരത്വമെന്ന്  പറയാം. മറുവശത്ത് അത് ബഹിഷ്കരണത്തിനുള്ള ഉപാധികൂടിയാണ്. ഒരു പ്രദേശത്ത്​ ജീവിക്കുന്നവരിൽ ഒരു സംഘം ആളുകൾ പൗരന്മാരായി പ്രഖ്യാപിക്ക​െപ്പട്ടാൽ അതിനർഥം ശേഷിക്കുന്ന വിഭാഗത്തിന്   ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും അപ്രാപ്യമായിരിക്കും എന്നുകൂടിയാണ്. അത്തരത്തിൽ പുറന്തള്ളപ്പെടുന്നവർ അധികാരത്തി​​െൻറ, ധനത്തി​​െൻറ, ആൾബലത്തി​​െൻറ, സംസ്കാരത്തി​​െൻറ എല്ലാം പുറമ്പോക്കുകളിൽ ഉള്ളവരായിരിക്കും. ജാതി, മത, ഭാഷ, വംശീയ, സാംസ്കാരിക ന്യൂനപക്ഷങ്ങളും അധഃസ്ഥിത-തൊഴിലാളി വർഗങ്ങളുമായിരിക്കും അന്യവത്കരിക്കപ്പെടുന്നത്. അവർക്ക് നഷ്​ടമാകുന്നത് അവകാശങ്ങൾക്കുള്ള അവകാശമാണ്. മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണ്.    മനുഷ്യനിർമിതമായ, ചരിത്രത്തിൽ വളരെ ചെറിയ ആയുസ്സ്​ മാത്രമുള്ള കൃത്രിമമായ ദേശാതിർത്തികൾക്കകത്ത് ഇത്തരം ബഹിഷ്കൃതരെ സൃഷ്​ടിക്കുന്നതിന് നൈതികവും ധാർമികവുമായ ഒരു ന്യായീകരണവുമില്ല. ഈ രാഷ്​ട്രീയം മനസ്സിലാക്കി ജന്മംകൊണ്ട് പൗരത്വം നൽകുന്നത് ഒരു കുട്ടിയുടെ മൗലികാവകാശമായി അന്താരാഷ്‌ട്രധാരണകളിൽ കണക്കാക്കിപ്പോരുന്നു. ആധുനിക-ലിബറൽ-ജനാധിപത്യ രാഷ്​ട്രങ്ങളെല്ലാം ഈ തത്ത്വം അംഗീകരിക്കുന്നുണ്ട്.

നമ്മുടെ ഭരണഘടനാ ശിൽപികൾ ഈ സാർവദേശീയ യാഥാർഥ്യം അംഗീകരിച്ചവരായിരുന്നു. വിഭജനത്തി​​െൻറയും അഭയാർഥി പ്രവാഹത്തി​​െൻറയും സങ്കൽപാതീതമായ വർഗീയഹിംസകളുടെയും കാലത്ത് തികച്ചും ബഹുസ്വരമായ ഒരു ദേശത്ത് വംശത്തി​​െൻറയോ മതത്തി​​െൻറയോ നാഗരികതയുടെയോ അടിസ്ഥാനത്തിലുള്ള പൗരത്വസങ്കൽപങ്ങൾ എത്രമാത്രം അപകടകരമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പൗരത്വത്തെ സംബന്ധിച്ച ഉദാരമായ സമീപനമാണ് ഭരണഘടനയിൽ കാണാനാകുക. അഞ്ചാം വകുപ്പിൽ ഭരണഘടന നിലവിൽ വന്ന ദിവസത്തിനുമുമ്പ്​ ആറു മാസമെങ്കിലും ഇന്ത്യയിൽ തുടർച്ചയായി താമസിച്ചവർക്കെല്ലാം പൗരത്വം വാഗ്ദാനം ചെയ്യുന്നു. പിന്നീടങ്ങോട്ട് ജനനമായി പൗരത്വത്തി​​െൻറ അടിസ്ഥാനം. പൗരത്വത്തെ, 11ാം വകുപ്പ്​ നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചു നിർവചിക്കണമെന്ന് പാർലമ​െൻറിനു തോന്നുന്നത് 1956ൽ മാത്രമാണ്; പൗരത്വ നിയമത്തിലൂടെ (Citizenship Act-1956 ). പിന്നീട് 1986, 1992, 2003, 2005, 2015 വർഷങ്ങളിൽ  നിയമം ഭേദഗതി ചെയ്തു. ഇപ്പോൾ 1986 ജൂലൈ ഒന്നിനുമുമ്പ്​ ഇന്ത്യയിൽ ജനിച്ചവർ ജനനം വഴി പൗരന്മാരാണ്. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ മൂന്നിനും ഇടയിൽ ജനിച്ചവരുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യക്കാരനെങ്കിൽ  അയാൾ ഇന്ത്യൻ പൗരനാണ്. അതിനുശേഷം ജനിച്ചവരുടെ രക്ഷിതാക്കൾ ഇരുവരും ഇന്ത്യൻ പൗരരെങ്കിൽ മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.

അങ്ങനെ ഭരണഘടന മുന്നോട്ടു​െവച്ച ഉദാരമായ പൗരത്വസങ്കൽപത്തിൽനിന്നു നമ്മൾ ഏറെ അകന്നുകഴിഞ്ഞു. ജന്മനാ ലഭിക്കുന്ന പൗരത്വം എന്ന ആശയം ഉപേക്ഷിച്ച്, നമ്മൾ ഇന്ന് പിന്തുടരുന്നത് രക്തബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വമാണ്. അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത് ജന്മംകൊണ്ടുള്ള പൗരത്വമാണെന്ന് ഓർക്കണം. അനധികൃതകുടിയേറ്റം, രാജ്യസുരക്ഷ എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിവിധ നിയമഭേദഗതികളിലൂടെ പൗരത്വസങ്കൽപത്തെ നമ്മൾ കൂടുതൽ സങ്കുചിതമാക്കിക്കൊണ്ടേയിരിക്കുന്നത്. ഭൂരിപക്ഷ തീവ്ര ദേശീയതയുടെ വൈകാരികാധിപത്യത്തിൽ പ്രതിപക്ഷത്തിന് ശബ്​ദം ഇല്ലാതെ പോവുന്ന ഇന്ത്യൻ പാർലമ​െൻറ്​ ഭരണഘടനാപരമായ പൗരത്വസങ്കൽപം സവർക്കറുടെ ഹിന്ദുത്വസങ്കൽപത്തിലേക്ക് അടുക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. 19 ലക്ഷം ജനങ്ങളെ രാജ്യരഹിതരാക്കിയ അസമിലെ പൗരത്വ പ്പട്ടിക പരീക്ഷണം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടൊപ്പമാണ് ഇസ്രായേലി​​െൻറ ബിൽ ഓഫ് റിട്ടേണിന് സമാനമായ പൗരത്വ നിയമഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം കൊടുത്തിരിക്കുന്നത്.

പൗരത്വ  നിയമ ഭേദഗതി ബില്ല് 2019 
പൗരത്വനിയമം വകുപ്പ്  (മൂന്ന്​) ഭേദഗതി ചെയ്ത് അനധികൃത കുടിയേറ്റക്കാരുടെ നിർവചനം മാറ്റിയെഴുതുകയാണ് കേന്ദ്ര സർക്കാർ. അഫ്‌ഗാനിസ്​താൻ, പാകിസ്​താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്​തവ വിഭാഗങ്ങൾ ‘അനധികൃത കുടിയേറ്റക്കാർ’ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. മാത്രമല്ല, അവരുടെ കാര്യത്തിൽ വൈദേശികർക്ക് ഇന്ത്യൻ പൗരത്വം  നൽകുന്നതിനുള്ള കാലാവധി 12 വർഷത്തിൽനിന്ന് ആറു വർഷമായി കുറക്കുകയും ചെയ്​തു. അതായത് മുസ്​ലിംകളല്ലാത്ത എല്ലാവർക്കും ആറു  വർഷം ഇന്ത്യയിൽ താമസിച്ചാൽ ഇന്ത്യൻ പൗരത്വം നൽകാമെന്നു വരുന്നു. അസമിൽ തയാറാക്കിയ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തുപോയ 19 ലക്ഷത്തിൽ, അതുപോലെ രാജ്യത്താകമാനം ഇതുപോലെയൊരു രജിസ്​റ്റർ ഉണ്ടാക്കിയാൽ പുറത്തുപോകാൻ സാധ്യതയുള്ള അനേകരിൽ മുസ്​ലിംകളെ മാത്രം പുറത്താക്കാൻ രാജ്യം തീരുമാനിക്കുന്നു എന്നാണ് അതിനർഥം. ബാക്കിയെല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകുന്നു. മുസ്​ലിംകൾ മാത്രം പുറത്താക്കപ്പെടാം. പുറത്താക്കണമെങ്കിൽ മറ്റേതെങ്കിലും രാജ്യം അവരെ സ്വീകരിക്കേണ്ടതായുണ്ട്, അന്താരാഷ്​ട്ര നിയമബാധ്യതകളുണ്ട്. അപ്പോൾ പൗരരല്ലാത്ത അവകാശരഹിത ജനങ്ങളായി ഇവിടെ കഴിയേണ്ടിവന്നേക്കാം. മിനിമം വേതനത്തിന്, സ്വത്തിന്, വിവേചന രഹിതമായ ജീവിതത്തിന്, സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഒന്നും അർഹതയില്ലാതെ ജീവിക്കേണ്ടി വന്നേക്കാം. ബഹുസ്വരതയും തുല്യതയും മതേതരത്വവും അടിസ്ഥാനപ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു രാജ്യത്താണ് ആൾക്കൂട്ട നീതിയുടെ പൊതുബോധം പാർലമ​െൻറിനെ കീഴടക്കുന്നത്.

ഭരണഘടനാ വിരുദ്ധത 

രണ്ടു തരത്തിലുള്ള വിഭജനങ്ങൾ ബില്ലിൽ പ്രകടമാണ്​. ഒന്ന്, ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്‌സി എന്നിങ്ങനെ മതപരമായ വിഭജനം. രണ്ട്, അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിങ്ങനെ രാജ്യങ്ങൾക്കനുസരിച്ചുള്ള വിഭജനം. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. 14 ാം വകുപ്പനുസരിച്ച് ഇന്ത്യൻ അതിരുകൾക്കുള്ളിൽ ഒരു മനുഷ്യനും നിയമത്തിനു മുന്നിൽ തുല്യതയോ തുല്യമായ നിയമപരിരക്ഷയോ നിഷേധിക്കാൻ പാടുള്ളതല്ല. നിയമം എല്ലാവർക്കും തുല്യമായിരിക്കണം. അതിനർഥം ഒരു വേർതിരിവും പാടില്ലെന്നല്ല. ‘വിവേകപൂർണമായ വേർതിരിവുകൾ’ ആകാം. മാത്രമല്ല, അതിന് നിയമത്തി​​െൻറ ഉദ്ദേശ്യവുമായി യുക്തിപൂർവമായ ബന്ധവും ഉണ്ടാകണം.  ഉദാഹരണത്തിന് സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേകനിയമങ്ങൾ പോലെ. ഏതു  തരംതിരിവിനും ഒരു മാനദണ്ഡമുണ്ടാകണം.  മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാരണങ്ങൾകൊണ്ട് വിവേചനങ്ങൾ പാടില്ല എന്ന് 15 ാം വകുപ്പിൽ പറയുന്നുണ്ടെങ്കിലും അത് ഇന്ത്യൻ പൗരർക്ക് മാത്രം ബാധകമാണ്. അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ പൗരർ അല്ലാത്തതുകൊണ്ടുതന്നെ ഇൗ വകുപ്പി​​െൻറ സംരക്ഷണം ലഭിക്കുകയില്ല. എന്നിരുന്നാലും വകുപ്പ്​ 14 അനുവദിക്കുന്ന ‘വിവേകപൂർണമായ വർഗീകരണം’ നീതിയുക്തമായിരിക്കണം എന്ന് സ്വവർഗരതിയെ ക്രിമിനൽവത്കരിക്കുന്ന സെക്​ഷൻ 377 റദ്ദാക്കിയ സുപ്രധാന വിധിയിൽ സുപ്രീംകോടതി സമത്വത്തെ കൂടുതൽ വിശാലമായി വ്യാഖ്യാനിച്ചിട്ടുണ്ട്. വിവേകപൂർണമായ വർഗീകരണത്തിന് ഒരു പൊതുമാനദണ്ഡം ഉണ്ടാവണം എന്നു മാത്രമല്ല, അത് നീതിയുക്തമായിരിക്കണം എന്നുകൂടി കോടതി വിലയിരുത്തി. മനുഷ്യ​​െൻറ ആന്തരിക സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, വ്യക്തിയുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള  വർഗീകരണങ്ങൾ പാടില്ല എന്ന് പ്രസ്താവിച്ചു. മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾ അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമാണ്.

അതുപോലെതന്നെയാണ് രാജ്യങ്ങൾ അനുസരിച്ചുള്ള വർഗീകരണവും. നമ്മുടെ അയൽരാജ്യങ്ങളാണ് മാനദണ്ഡമെങ്കിൽ ശ്രീലങ്കയും നേപ്പാളും ചൈനയും മ്യാന്മറും നിയമത്തി​​െൻറ ഭാഗമാകേണ്ടതായിരുന്നു. അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം സംരക്ഷിക്കപ്പെടേണ്ടത് മ്യാന്മറിൽ വേട്ടയാടപ്പെടുന്ന റോഹിങ്ക്യകളാണ്. ശ്രീലങ്കയിലെ തമിഴ് വംശജരാണ് മറ്റൊരു വിഭാഗം. അവരും ബില്ലി​​െൻറ പരിധിയിലില്ല. പാകിസ്​താനിൽ പീഡനം അനുഭവിക്കുന്ന ശിയ, അഹമ്മദീയ വിഭാഗങ്ങൾ അങ്ങനെ എത്രയോ പേർ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിൽ നിന്നും ഈ വർഗീകരണത്തിന് നിയമത്തി​​െൻറ ഉദ്ദേശ്യലക്ഷ്യവുമായി യുക്തിഭദ്രമായ ബന്ധങ്ങളൊന്നുമി​െല്ലന്നു കാണാം. അതുകൊണ്ടുതന്നെ രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വേർതിരിവും ഭരണഘടനാവിരുദ്ധമാണ്.

ആൾക്കൂട്ട ഭരണത്തിലേക്കോ?

ജനാധിപത്യം എന്നാൽ കേവലം ഭൂരിപക്ഷാഭിപ്രായങ്ങൾ നടപ്പാക്കുന്ന ഭരണസംവിധാനമല്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. ഭരണം ആൾക്കൂട്ട നീതിയിലേക്ക് വഴുതിവീഴാതെ ഭരണകൂടത്തി​​െൻറ അധികാരത്തെ പരിമിതപ്പെടുത്തുന്ന, ജനങ്ങളുടെ അവകാശ പ്രഖ്യാപനരേഖയാണ് ഭരണഘടന. നിയമവ്യവസ്ഥയും ഭരണഘടനയുമെല്ലാം അധികാരം കൈയാളുന്നവർക്ക് അസൗകര്യങ്ങളായിരിക്കും. അതിനെ മറികടക്കാനുള്ള മാർഗങ്ങൾ അവർ തേടിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ചും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെയും സ്വാതന്ത്ര്യത്തി​​െൻറയും സമത്വത്തി​​െൻറയും വിശാല ദർശനങ്ങളെ നിഷേധിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ പിൻപറ്റുന്നവർ അധികാരത്തിലിരിക്കുമ്പോൾ.

ആര്യാധിനിവേശാനന്തരം രൂപംകൊണ്ട സംസ്കാരത്തി​​െൻറ വിശുദ്ധി അധിഷ്ഠിതമായ ദേശരാഷ്​ട്ര സങ്കൽപമാണത്. അതിൽ പ്രതിപാദിക്കുന്ന ഹിന്ദുത്വത്തി​​െൻറ പുണ്യഭൂമിയിലേക്കുള്ള തിരിച്ചുവരവാണ് പൗരത്വ ഭേദഗതി ബില്ലായി ഇവിടെ പ്രച്ഛന്നവേഷം കെട്ടുന്നത്. ഇന്ത്യ ഇനിയും ഒരു മതരാഷ്​ട്രമായി തീർന്നിട്ടില്ല എന്നു വിശ്വസിക്കുന്നവരെല്ലാം ഈ അപകടത്തെ തിരിച്ചറിയേണ്ടതുണ്ട്. തെരുവുകളെ ഹിംസാത്മകമാക്കുന്ന ആൾക്കൂട്ടനീതിയുടെ പതാകവാഹകർ പാർലമ​െൻറിലെത്തുമ്പോൾ തല്ലിക്കൊല്ലുന്നത് ഭരണഘടനയെയാണ്.

ലേഖനം 2019, ഡിസംബർ 09-ലെ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതാണ്.
പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്, രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്...

Read more at: https://www.madhyamam.com/opinion/articles/citizenship-amendment-bill-malayalam-article/653765
പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്, രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്...

Read more at: https://www.madhyamam.com/opinion/articles/citizenship-amendment-bill-malayalam-article/653765
പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്, രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്...

Read more at: https://www.madhyamam.com/opinion/articles/citizenship-amendment-bill-malayalam-article/653765
പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്, രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്...

Read more at: https://www.madhyamam.com/opinion/articles/citizenship-amendment-bill-malayalam-article/653765
പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്, രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്...

Read more at: https://www.madhyamam.com/opinion/articles/citizenship-amendment-bill-malayalam-article/653765

ഗവർണർ പദവി അനിവാര്യമാണോ?

Monday, December 2, 2019 0 comments

 
 
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള ഗവർണർമാരുടെ ഭരണചരിത്രം പരതിയിട്ടുള്ളവർക്ക് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ ഒട്ടും അപരിചിതമായി തോന്നുകയില്ല. തന്നോടൊപ്പമുള്ള എം. എൽ. എ.-മാരുമായി ശരദ് പവാർ നടത്തിയ പ്രകടനം കണ്ടപ്പോൾ ഓർമവന്നത് 1984-ലെ എൻ. ടി. ആർ.-ന്റെ ചിത്രമാണ്. രോഗശയ്യയിലായിരുന്ന ആ മനുഷ്യൻ ഒരു വീൽ ചെയറിൽ 162  എം.എൽ.മാരെയും നയിച്ചുകൊണ്ട് രാജ് ഭവനിലേക്ക് നീങ്ങുന്ന ചിത്രം. ഇന്ദിരാഗാന്ധിയുടെ മൂക്കിന് കീഴെ രാം ലീലാ മൈതാനിയിൽ നടത്തിയ പ്രകടനം. അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരുടെ എണ്ണം എടുത്താൽ തന്നെ ഭരിക്കാൻ വേണ്ട ഭൂരിപക്ഷത്തിനേക്കാൾ 11 പേർ കൂടുതൽ ഉണ്ടായിരുന്നു എൻ.ടി.ആർ.-നൊപ്പം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചട്ടുകമായിരുന്ന അന്നത്തെ  ആന്ധ്രപ്രദേശ് ഗവർണർ രാം ലാലിന്റെ ചെയ്തികൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടായി. അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ മുൻപേജിൽ മുഖപ്രസംഗമെഴുതി. ബൈപ്പാസ് ശസ്ത്രക്രിയക്കായി മുഖ്യമന്ത്രി എൻ.ടി.ആർ. അമേരിക്കയിലായിരുന്ന സമയത്താണ് എൻ. ഭാസ്കര റാവുവിന്റെ സഹായത്തോടെ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സംസ്ഥാന ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള കരുക്കൾ നീക്കിയത്. 1984-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് അതിന്റെ പര്യവസാനമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ ഗവർണർ പിരിച്ചുവിട്ടത് എന്നത് ചരിത്രത്തിലെ വലിയ വൈരുധ്യങ്ങളിലൊന്നാണ്. ആഗസ്ത് 15-ന് രവികളെ 8:30-ന് തനിക്ക് ഭൂരിപക്ഷം ഉണ്ടെന്നു കാണിച്ച് ഭാസ്കര റാവു ഗവർണർക്ക് കത്തുകൊടുക്കുന്നു, ഉച്ചയോടെ അത് ഗവർണർ അംഗീകരിക്കുന്നു, 2  മാസം പ്രായമുള്ള എൻ.ടി.ആർ. മന്ത്രി സഭ പിരിച്ചുവിടുന്നു. പിറ്റേന്ന് ഭാസ്കര റാവുവിനെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ്സ് പിന്തുണയോടെ പുതിയ ഗവണ്മെന്റ് അധികാരത്തിൽ വരുന്നു. പിന്നീട് പ്രൊ-ടൈം സ്പീക്കർ ആയിരുന്ന എൻ. ബഗ്ഗ റെഡ്ഢിയും ചേർന്ന് ജനാധിപത്യത്തെ പരിഹാസ്യമാക്കുന്ന ദിനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.   അതെ കാലഘട്ടത്തിൽ തന്നെയാണ് ജമ്മു കാശ്മീരിൽ ഫാറൂഖ് അബ്ദുല്ല മന്ത്രിസഭയെ ഗവർണർ ജഗ്മോഹനെ ഉപയോഗിച്ച് അട്ടിമറിക്കുന്നത്.

ഇത് ഇന്ദിരാഗാന്ധി കാലത്തെ മാത്രം പ്രതിഭാസമല്ല. രാജ്യത്തെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ തന്നെ ആരംഭിച്ചതാണ്. 1952 -ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തു ഭൂരിപക്ഷം ലഭിച്ചിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു.ഡി. എഫ്. ) സഖ്യത്തെ ഗവണ്മെന്റ് രൂപീകരിക്കാൻ ക്ഷണിക്കാതെ കോൺഗ്രസിനെയാണ് ഗവർണർ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട്   കുതിരക്കച്ചവടത്തിലൂടെ എതിർപക്ഷത്തു നിന്നും ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവർണർ ശ്രീ പ്രകാശ, രാജാജിയെ ഗവണ്മെന്റ് രൂപീകരിക്കാൻ ക്ഷണിച്ചത് ഒരു വിഡ്ഢി  ദിനത്തിൽ ആയിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകമാണ്. തുടർന്ന്, 1959 - ൽ കേരള സർക്കാരിനെ അട്ടിമറിക്കുന്നത് മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം ചോദിച്ച യെദ്യൂരപ്പയ്ക്ക് 15 ദിവസം നൽകിയതും, തോറ്റ ബി.ജെ.പി. നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദ്ദേശം ചെയ്ത പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറുടെ നടപടി, അരുണാചൽ പ്രദേശിൽ അവസാനം ഖാഖിലോ പുൽ-ന്റെ ആത്മഹത്യയിൽ കലാശിച്ച അധികാരവടംവലി, അങ്ങനെ ഗവർണർ എന്ന ഭരണഘടനാ പദവി ജനാധിപത്യ ഭരണഘടനാ പദ്ധതിയെ അപകടപ്പെടുത്തുകയും കേന്ദ്രം ഭരിക്കുന്നവരുടെ ചട്ടുകമായി മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്.

രാഷ്ട്രീയ ദുരുപയോഗമല്ലാതെ വേറെ ഏതെങ്കിലും ഒഴിവാക്കാനാകാത്ത ഭരണഘടനാ ചുമതലകൾ ഗവർണർ വഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. മധ്യപ്രദേശ് ഗവർണറായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന  കെ.എം. മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ എന്നത് അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരാലങ്കാരിക പദവി ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണർ ആയിരിക്കെ ശ്രീമതി. വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണെന്ന് പറയുകയുണ്ടായി. രാഷ്ട്രീയ നേതൃത്വത്തിൽ എൻ.ടി.ആർ ആണ് ഒരു ജനാധിപത്യക്രമത്തിൽ ഗവർണറുടെ പ്രസക്തി എന്താണെന്ന ചോദ്യം ഏറ്റവും ശക്തിയായി ഉന്നയിച്ചത്. അത് അദ്ദേഹത്തെ ഉപജാപത്തിലൂടെ പുറത്താക്കുന്നതിനും മുൻപായിരുന്നു താനും. ഇപ്പോൾ മഹാരാഷ്ട്രയിൽ അരങ്ങേറിയ രാഷ്ട്രീയ നാടകം ഈ ചോദ്യം വീണ്ടും ഉന്നയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ്.

ഗവർണർ ജനാധിപത്യമാതൃകയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പദവിയല്ല . കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയ്ക്ക് പ്രിയപ്പെട്ടവരായിരുന്ന ഉദ്യോഗസ്ഥരെയോ, ന്യായാധിപരെയോ, കണ്ടം ചെയ്യാറായ രാഷ്ട്രീയ നേതാക്കളെയോ പുനരധിവസിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണ് നിലവിൽ ഗവർണർ പദവി.  ഗവർണറെ പിരിച്ചു വിടുന്നതിന് കൃത്യമായ ചട്ടങ്ങൾ നിർവചിക്കപ്പെട്ടിട്ടില്ല. 1989-ൽ വി പി സിംഗ് അധികാരമേറ്റപ്പോൾ എല്ലാ ഗവർണർമാരെയും പിരിച്ചുവിടുകയുണ്ടായി.  2012-ൽ 14 ഗവർണർമാരെ ഒരുമിച്ചു മാറ്റാനുള്ള നീക്കവും നാം കണ്ടതാണ്. കേന്ദ്രത്തിന് അനഭിമതരായാൽ ഏതു നിമിഷവും പുറത്താക്കപ്പെടാവുന്ന സാഹചര്യമുണ്ട് ഗവർണർക്ക്. അതുകൊണ്ടുതന്നെ സ്വതന്ത്രമായ നിർവാഹികത്വം..

ഒരു ഫെഡറൽ ജനാധിപത്യ ഭരണത്തിൽ ഇത്തരം പദവിയുടെ പ്രസക്തി എന്താണ് എന്ന ചോദ്യത്തിനുത്തരം തേടിയാൽ നാം ചെന്നെത്തുക 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിലാണ് . ഇന്ത്യയിൽ ശക്തമായി ഉയർന്നു വന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാ തലത്തിൽ ഇന്ത്യക്കാർക്ക് കൊടുക്കുവാൻ ബ്രിട്ടീഷുകാർ തയ്യാറാക്കിയ നിയമം. അതുപ്രകാരം പ്രവിശ്യകളിൽ പരിമിതമായ വോട്ടവകാശത്തിലൂടെയെങ്കിലും ജനപ്രതിനിധിസഭകൾ ഉണ്ടായി.  പ്രവിശ്യകൾക്കുമേൽ അധികാരമുറപ്പിക്കാനായി പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കുവാൻ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ പദവിയാണ് ഗവർണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ളവർ അതിനെ ശക്തമായി എതിർത്തുപോന്നതാണ്. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ ഗവർണർമാരെ നിലനിർത്തുവാൻ തീരുമാനിക്കുകയായിരുന്നു. സഭയിൽ വളരെ വലിയ എതിർപ്പുകൾ അതിനെതിരെ ഉയർന്നു വരികയുണ്ടായി. പക്ഷെ രണ്ടു കാരണങ്ങൾ കൊണ്ട് ഗവർണർ പദവി നിലനിർത്തുവാൻ തീരുമാനിക്കുകയായിരുന്നു.

ഒന്ന്, പുതിയ രാജ്യത്ത് സംസ്ഥാനങ്ങൾക്കുമേൽ  ഒരു നിയന്ത്രണം കേന്ദ്രഗവൺമെന്റിനില്ലാതെ പോയാൽ അത് വിഘടനങ്ങൾക്ക് കാരണമാകും. അതുകൊണ്ട് രാജ്യത്തിൻറെ അഖണ്ഡത നിലനിർത്താൻ ഗവർണർ പദവി അനിവാര്യമാണ്. രണ്ട്‌, സംസ്ഥാനങ്ങളിൽ കാര്യപ്രാപ്തിയും അനുഭവ പരിചയവുമുള്ള ജനപ്രതിനിധികളുടെ അഭാവം ഉണ്ട്, അത് പരിഹരിക്കാൻ ഗവർണർക്കു കഴിയും. ഈ രണ്ടു ന്യായീകരണങ്ങളും  പുതിയ കാലഘട്ടത്തിൽ അപ്രസക്തമാണ്. ഒരു സംസ്ഥാന ഗവണ്മെന്റും ഇക്കാലത്ത് സ്വയം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാനൊന്നും പോകുന്നില്ല. പരിചയസമ്പന്നരായ ജനപ്രതിനിധികൾ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും ധാരാളമുണ്ട്. അതായത് ഭരണഘനാനിർമാണ സഭ കണ്ടെത്തിയ ധർമങ്ങളൊന്നും ഇന്ന് ഗവർണർക്ക് നിർവഹിക്കാനില്ല. എന്നാൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നും കടംകൊണ്ട ഈ പദവി, ഭരണഘടനയിൽ കൃത്യമായി നിർവചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ജനാധിപത്യ രാഷ്ട്രഘടനയുടെ അന്തസത്തക്ക് വിരുദ്ധമായി വർത്തിക്കുന്നുമുണ്ട്.

ഒരു ഭരണഘടനയും സമ്പൂർണമാവില്ല. ലിഖിത നിയമങ്ങൾക്ക് പുറമെ ഒരുപിടി കാര്യങ്ങൾ കീഴ് വഴക്കങ്ങൾക്കും ജനാധിപത്യ മര്യാദകൾക്കും വിട്ടു കൊടുക്കേണ്ടി വരും. അവിടെ അധികാരകേന്ദ്രങ്ങളിൽ ഇരിക്കുന്നവർ ഉത്തമ ബോധ്യത്തിന്റെയും നീതിബോധത്തിന്റെയും അടിസ്ഥാനത്തിലുള്ള കീഴ് വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുക. ഗവർണറുടെ 'വിവേചനാധികാരങ്ങൾ' ഇത്തരത്തിൽ അതിസൂക്ഷ്മതയോടെ ഉപയോഗിക്കപ്പെടേണ്ടതാണ്. എന്നാൽ അനുഭവം മറിച്ചാണ്.

ഗവർണറുടെ ഏറ്റവും പ്രധാനകടമ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ഗവണ്മെന്റ് രൂപീകരണമാണ്. ഏതെങ്കിലും ഒരു കക്ഷിക്കോ, ഇലക്ഷന് മുന്നേയുള്ള സഖ്യത്തിനോ ഭൂരിപക്ഷമുണ്ടെങ്കിൽ അവിടെ ഗവർണറുടെ തീരുമാനങ്ങൾക്ക് കാര്യമായ പ്രസക്തിയൊന്നും ഇല്ല. എന്നാൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ഗവർണറുടെ 'വിവേചനാധികാരം' പ്രധാനമാകും.1952 മുതലിങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിർമാണ സമിതി കരുതിയിരുന്നത് എന്നാൽ വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ-ടെം സ്പീക്കർമാരെകൊണ്ട് സഭാനടപടികളിൽ തിരിമറി നടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്ട്രീയക്കാർ തകിടം മറിച്ചു.

ഗവണ്മെന്റ് രൂപീകരണത്തിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അതിനു വേണ്ടി പ്രത്യേകിച്ചൊരു പദവി ഇല്ലാതെ തന്നെ കാര്യങ്ങൾ സുഗമമായി നടത്താനാകും. ഏതെങ്കിലും ഒരു കക്ഷിക്കോ, തെരഞ്ഞെടുപ്പിന് മുമ്പേയുള്ള സഖ്യത്തിനോ ഭൂരിപക്ഷം ഇല്ലെന്നു വന്നാൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണം. പരസ്പരം ഏറ്റുമുട്ടിക്കൊണ്ട് അല്ലാതെ, തെരഞ്ഞെടുപ്പിനെ നേരിട്ട കക്ഷികൾ ഒന്നായി ഗവണ്മെന്റ് രൂപീകരിക്കുന്നത് ജനവിധിയെ പരിഹസിക്കുന്ന നടപടിയാണ്. ഇതൊക്കെ വ്യക്തമാക്കുന്ന ചട്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷനോ അല്ലെങ്കിൽ അതാത് സംസ്ഥാനത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ ഒക്കെ തീരുമാനം എടുക്കാവുന്നതെയൊള്ളൂ. സർക്കാർ രൂപീകരണത്തിന് കാർമ്മികത്വം വഹിക്കാനും ആർട്ടിക്കിൾ 352 വഴി റിപ്പോർട്ട് നൽകി പ്രസിഡന്റ് ഭരണം ഏർപ്പെടുത്താനും മാത്രമായി ഒരു പദവിയുടെ ആവശ്യമുണ്ടോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

1949 നവംബർ 26, നമ്മുടെ രാജ്യം, ലോകചരിത്രത്തിലെ തന്നെ ഏറ്റവും സുധീരമായ ചില ചുവടുവയ്പുകൾ നടത്തിയ ദിനമായിരുന്നു. ബ്രിട്ടീഷുകാർക്ക് കീഴിലും അതിനു മുൻപ് വിവിധ ഏകാധിപതികൾക്കു കീഴിലും പ്രജകളായി കഴിഞ്ഞിരുന്ന ഒരു ജനത ജനാധിപത്യ അവകാശങ്ങളുള്ള പൗരരായി സ്വയം പ്രഖ്യാപിച്ച ദിനം; ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസം. പകുതിയിലേറെ മനുഷ്യർ നിരക്ഷരരായിരുന്ന ഒരു രാജ്യത്ത് ഭരണഘടന ഉറപ്പുനൽകിയ സാർവത്രിക വോട്ടവകാശവും മൗലീകാവകാശങ്ങളും ഫെഡറലിസവും സമൂഹ്യനീതിയുമെല്ലാം വിപ്ലവം തന്നെയായിരുന്നു.

എന്നാൽ സങ്കീർണ്ണവും അക്രമോത്സുകവുമായ രാഷ്ട്രീയ-ചരിത്ര സന്ധികളിലൂടെ കടന്നുപോയ നമ്മുടെ രാഷ്ട്രശില്പികൾക്ക് ഭരണഘടനയുടെ ആമുഖത്തിൽ തങ്ങൾ മുന്നോട്ടു വച്ച എല്ലാ ആധുനിക-ജ്ഞാനോദയ മൂല്യങ്ങളുടെയും ആവിഷ്കാരം ഭരണഘടനയിൽ അതിന്റെ പൂർണതയിൽ നടപ്പിലാക്കാൻ സാധിച്ചില്ല. തങ്ങൾ നിരന്തരം എതിർത്തുപോന്ന പല കൊളോണിയൽ മാമൂലുകളെയും അധികാരക്രമങ്ങളെയും നിയമങ്ങളെയും നിലനിർത്തേണ്ടതായി വന്നു. ഇക്കാലത്തിരുന്നുകൊണ്ട് അവരുടെ വിവേകത്തെ അളക്കാൻ നമുക്ക് സാധിക്കില്ല. എന്നിരുന്നാലും അടിയന്തരാവസ്ഥാ വകുപ്പുകൾ, ഓർഡിനൻസുകൾ, കരുതൽ തടവ് അങ്ങനെ പലയിടങ്ങളിലും ഭരണഘടന അതിന്റെ പൊതുധാർമികതയോട് കലഹിക്കുന്നത് കാണാം. ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജന്റ് മാത്രമായി മാറുന്ന, ജനങ്ങൾ തെരഞ്ഞെടുക്കാത്ത, ഗവർണർ പദവിയും അതുപോലെ ഒരു കരടാണ്. ഒരു കൊളോണിയൽ ശേഷിപ്പാണ്. ഇനിയും ഇങ്ങനെയൊരു പദവിയുടെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഗൗരവതരമായ പുനരാലോചനകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 ലേഖനം മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ചതാണ്. മാധ്യമം, ഡിസംബർ 2 , 2019 

read more from P B Jijeesh at pbjijeesh.in
ഇത് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽതന്നെ ആരംഭിച്ചതാണ്. 1952ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മദിരാശി സ...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632

ആധാർ റിവ്യൂ സുപ്രീംകോടതി പ്രതീക്ഷ നൽകുന്നു

Thursday, November 28, 2019 0 comments


ആധാർ പദ്ധതി ഭരണഘടനാപരമാണ് എന്നു പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. നിയമ യുക്തിയുടെ അപര്യാപ്തത, പ്രത്യക്ഷ വൈരുധ്യങ്ങൾ, വസ്തുതാപരമായ പിഴവുകൾ ഒക്കെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്

ആധാർ കേസിൽ ഒരു ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിയ്ക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതിയിരുന്നു. എന്നാൽ അനുച്ഛേദം 110(1) എങ്ങനെ വാഖ്യാനിക്കണമെന്നും ഒരു നിയമം ധനബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് പരിശോധിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തിലും അവ്യക്തതകൾ ബാക്കിവയ്ക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാർ ആക്ട് ധനബിൽ ആയി അവതരിപ്പിച്ചതിൽ തെറ്റില്ല എന്നു വിധിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡ് ആധാർ ബിൽ ധനബില്ല്‌ അല്ലെന്ന് കണ്ടെത്തുകയും നിയമം റദ്ദുചെയ്യണം എന്നു വിലയിരുത്തുകയുമുണ്ടായി.

ഭൂരിപക്ഷ വിധിയിൽ, സ്പീക്കറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബില്ല്‌ ധനബില്ലാണോ എന്നു നോക്കുന്നതിനും മുൻപ് തന്നെ, ആധാർ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷൻ 2 (ഡി) യ്യ്ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷൻ 33 (1 ) [ഭാഗീകമായി], സെക്ഷൻ 33 (2 ), സെക്ഷൻ 47 , സെക്ഷൻ 57[ഭാഗീകമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്ഷൻ 57. ഇതൊക്കെ റദ്ദാക്കിയതിനു ശേഷം ഇപ്പോൾ ഇതൊന്നും നിയമത്തിന്റെ ഭാഗമല്ല അതുകൊണ്ട് അത് ധനബിൽ ആണ് എന്ന തരത്തിലുള്ള വ്യാഖ്യാനമാണ് നടത്തിയത്. എന്നാൽ സ്പീക്കർ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകൾ കൂടി ഉള്ള ബില്ല്‌ ആണെന്ന കാര്യം ഭൂരിപക്ഷം മറന്നു.

മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മാറ്റ് ഗവണ്മെന്റ് ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്ഷൻ 7 ന്റെ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. 'സെക്ഷൻ 7 ആണ്, നിയമത്തിന്റെ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 -ആം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നതാണ്" കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിയ്ക്ക് രൂപം കൊടുക്കുകയും അതിന്റെ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്ഷൻ 24 -നെക്കുറിച്ചു പറയുന്നത്  അതോറിറ്റിയുടെ രൂപീകരണവും പ്രവർത്തനം, അതിന്റെ ദൈനംദിന കാര്യനിർവഹണം പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ, തുടങ്ങി എല്ലാം ഇന്ത്യാഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുമുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലിന്റെ പരിധിയിൽ വരുന്നതാണ് എന്നാണ്. (ഖണ്ഡിക 411 ). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർത്ഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം വച്ചുനോക്കിയാൽ ഗവണ്മെന്റിന്റെ എന്ത് പ്രവർത്തനമാണ് ധനബില്ലിന്റെ പരിധിയിൽ വരില്ലാത്തത്‌?

മാത്രമല്ല ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ “മാത്രം” ആണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷ വിധിയിൽ പറയുന്നതുപോലെ  ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല.

അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 (ഇ) യ്ക്ക് കീഴിൽ വരുന്നതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തൽ.  യഥാർത്ഥത്തിൽ 110 (ഇ) ഗവണ്മെന്റിന്റെ സഞ്ചിത നിധിയിൽ നിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവണ്മെന്റിന്റെ സഞ്ചിത നിധിയിൽ നിന്ന് ‘ചാർജ്ജ്’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങളെ 110 (ഇ)-യുടെ പരിധിയിൽ വരൂ. അതായത് പാർലമെന്റ് വോട്ടിനിട്ട് അനുമതി നൽകേണ്ടാത്ത ചെലവുകൾ. ഭരണഘടനയുടെ അനുച്ഛേദം  112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫീസ് ചെലാവുകൾ; രാജ്യസഭയുടെയും ലോകസഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവണ്മെന്റിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ, സി.എ.ജി. യുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതി വിധികൾ നടപ്പിലാക്കാനുള്ള ചെലവുകൾ; പാർലമെന്റ് നിയമപ്രകാരം ചാർജ്ജ് ചെയ്യാവുന്ന  ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തൻറെ  വിയോജന വിധിന്യായത്തിൽ തലതിരിയാത്ത നിയമവഴിയിലൂടെ ഇക്കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. വായിക്കുക:

'(ആധാർ) നിയമത്തിന്റെ വകുപ്പുകൾ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളിൽ ഒതുങ്ങുന്നതല്ല. അനുച്ഛേദം 110(1) -ൽ നിർവചിക്കപ്പെട്ടിരിക്കുന്ന ധനബില്ലിന്റെ പരിധിക്കും വളരെയപ്പുറത്താണത്. ജനസംഖ്യാപരവും ജൈവപരവുമായ വിവരങ്ങളുടെ ശേഖരണം, ആധാർ നമ്പറുകൾ നൽകൽ, വിവരശേഖരണത്തിനു മുൻപ് ആളുകളുടെ സമ്മതപത്രം  വാങ്ങൽ, അത് നടപ്പിലാക്കാനും പരിശോധിക്കാനായി നിയമപരമായ ഒരു സ്ഥാപനത്തിന്റെ രൂപീകരണം,ശേഖരിച്ച വിവരങ്ങളുടെ സംരക്ഷണം, ചില സാഹചര്യങ്ങളിൽ അവ പുറത്തു വിടുന്നത്, കുറ്റങ്ങളും ശിക്ഷാവിധികളും നിർവ്വചിക്കുന്നത്, പല കാര്യങ്ങൾക്കും ആധാർ ഉപയോഗിക്കുന്നത് ഒക്കെ അനുച്ഛേദം 110-നു വെളിയിലുള്ള കാര്യങ്ങളാണ്. ഇതൊന്നും 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പറയുന്ന കാര്യങ്ങൾക്ക് അനുബന്ധമായി വരുന്നതുമല്ല.  സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ ഉപയോഗിക്കാൻ അനുമതി നൽകുന്ന വകുപ്പ്-57 നിശ്ചയമായും അനുച്ഛേദം 110 -നു കീഴിൽ വരില്ല. ഇന്ത്യാനിവാസികളുടെ മൗലീകാവകാശങ്ങളെ കാര്യമായ തരത്തിൽ ബാധിക്കുന്ന നിയമ സംവിധാനമാണ് ആധാറിന്റേത്'"

ആധാർ നിയമത്തിലെ സെക്ഷൻ 7 പോലും ധനബില്ലിന്റെ പരിധിയിൽ വരുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്:

"സഞ്ചിതനിധിയിൽ നിന്നുമുള്ള സബ്സിഡികൾക്കും സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുകയാണ് സെക്ഷൻ 7  ചെയ്യുന്നത്. ഈ സേവനങ്ങളെ സഞ്ചിത നിധിയിൽ നിന്ന് ചാർജ്ജ് ചെയ്യുന്ന ചെലവുകളാണ് എന്ന് ഈ നിയമം നിർണയിക്കുന്നില്ല, നിലവിൽ സഞ്ചിതനിധിയിൽ പെടുന്ന സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് സെക്ഷൻ 7 ഏതെങ്കിലും ചെലവിനെ സഞ്ചിതനിധിയിൽ നിന്നും ചാർജ്ജ് ചെയ്യാവുന്നത് എന്ന് പറയുകയല്ല, ഒരു തിരിച്ചറിയൽ പ്രക്രിയയുടെ ആവശ്യകത സ്ഥാപിച്ചെടുക്കുകയാണ്.  അതുകൊണ്ട് സെക്ഷൻ-7 ഉം അനുച്ഛേദം 110 (1 )-ന്റെ പരിധിക്കുമപ്പുറത്താണ്" (ആധാർ വിധി, ഖണ്ഡിക 109).

ഇരുസഭകളുള്ള നമ്മുടെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ വളരെ പ്രധാനമാണ്. ഏതുബില്ലും ധനബിൽ ആയി കൊണ്ടുവന്ന് ലോകസഭയുടെ മാത്രം അംഗീകാരത്തോടെ നിയമമാക്കാം എന്ന അവസ്ഥ വന്നാൽ അത് രാജ്യസഭയുടെ പ്രസക്തി ഇല്ലാതാക്കും. ഫിനാൻസ് ആക്ടിന്റെ നിയമസാധുത പരിശോധിച്ച ബഞ്ച് ഇക്കാര്യങ്ങൾ ശരിയാംവണ്ണം മനസിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഒരു ഏഴംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത്. വിധിയുടെ 122-ആം ഖണ്ഡിക വായിക്കുക.

"കാര്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ, പുട്ടസാമി കേസിലെ (ആധാർ കേസ്) ഭൂരിപക്ഷവിധി ഭരണഘടനയുടെ അനുച്ഛേദം 110(1)-ന്റെ വ്യാപ്തി നിർണയിക്കുകയോ അതിന്റെ വ്യാഖ്യാന പ്രത്യാഘ്യതങ്ങൾ എന്തൊക്കെയായിരിക്കും എന്നു നിശ്ചയിക്കുകയോ ചെയ്യാതെയാണ് പരമാർശിത നിയമത്തെക്കുറിച്ചുള്ള തീരുമാനത്തിൽ എത്തിയത്. പുട്ടസാമിയിലെ ഭൂരിപക്ഷം അനുച്ഛേദം 110(1)-ലെ 'ഒൺലി' എന്ന വാക്കിനെക്കുറിച്ച് വേണ്ടത്ര ചർച്ചചെയ്തിട്ടില്ലെന്നും ഒരു നിയമത്തിലെ ചില വകുപ്പുകൾ അനുച്ഛേദം 110(1)(എ) മുതൽ (ജി) വരെയുള്ള അനുച്ഛേദങ്ങളോട് ഒത്തുപോകുന്നില്ലെങ്കിൽ അതിന്റെ ഫലമെന്തായിരിക്കുമെന്നും പരിഗണിച്ചിട്ടില്ല എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ആധാർ ആക്ടിലെ വകുപ്പുകൾ സംബന്ധിച്ച വിധിയിലെ വ്യാഖ്യാനങ്ങൾ ഉദാരമാണ്. പ്രസ്തുത വകുപ്പുകൾ ആർട്ടിക്കിൾ 110(1)(എ) മുതൽ (ജി) വരെയുള്ളവയുടെ അനുബന്ധമായി വരുമെന്ന നിരീക്ഷണം യുക്തിഭദ്രമല്ല. അത് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ബൈക്കാമറൽ പാർലമെന്ററി സംവിധാനത്തിന് നിരക്കുന്നതുമല്ല. അന്തിമ തീരുമാനത്തിലേക്കെത്തുന്നതിനു മുൻപ്, പുട്ടസാമി കേസിലെ വിശകലനം ഈ കേസിൽ പ്രയോഗിക്കുവാൻ ബുദ്ധിമുട്ടാണെന്നും ഇത് സമാനമായ ബെഞ്ചുകളുമായി അഭിപ്രായവ്യത്യാസം സൃഷ്ടിക്കുന്നുവെന്നും പറയാതെ വയ്യ." ഇക്കാരണങ്ങൾകൊണ്ട് വിഷയം ഒരു ഏഴംഗ ബഞ്ച് പരിഗണിച്ചു തീർപ്പ് കല്പിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ്‌ രഞ്ജൻ ഗോഗോയി എഴുതിയ പുതിയ ഭൂരിപക്ഷ വിധി. ജസ്റ്റിസ്. ചന്ദ്രചൂഡ് ഈ കേസിലും പ്രത്യേക വിധിയിൽ അനുച്ഛേദം 110 സംബന്ധിച്ച തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയും ഫിനാൻസ് ആക്ട് ഭേദഗതി ധനബിൽ അല്ല എന്ന് വിധിയെഴുതുകയും ചെയ്യുന്നുണ്ട്.

രണ്ടു സഭകളുള്ള (ബൈക്കാമറൽ) ഇന്ത്യയുടെ പാർലമെന്ററി സംവിധാനത്തിന്റെ പ്രത്യേകതയും, അതിൽ രാജ്യസഭയുടെ പ്രാധാന്യവും, ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ ഈ നിലപാട് ജനാധിപത്യത്തെ സ്നേഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ്. കോടതി ഇനിയും പരിഗണിക്കാനിരിക്കുന്ന ആധാർ പുനഃപരിശോധനാ ഹർജികൾ സംബന്ധിച്ച് ഇത് വളരെ ശുഭകരമായ സൂചനയുമാണ്. ധനബില്ലു സംബന്ധിച്ച പുട്ടസാമി കേസിലെ ഭൂരിപക്ഷവിധിയിലെ വിശകലനരീതി ശരിയല്ല എന്ന് വന്നാൽ അതിനർത്ഥം ആധാർ ആക്ട് റദ്ദുചെയ്യപ്പെടും എന്നാണ്.

ട്. ചരിത്രപരമായ തന്റെ വിയോജന വിധിന്യായത്തിൽ ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയുടെ വിശകലനയുക്തികളെ തകിടം മറിക്കുന്നുണ്ട്. 2019 ജൂലൈ മാസത്തിൽ ജമൈക്കൻ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക്ക് തിരിച്ചറിയൽ പദ്ധതിയെക്കുറിച്ചുള്ള കേസിൽ വിധി എഴുതിയപ്പോൾ മാതൃകയാക്കിയത് ഈ വിയോജനമാണ്. ആധാർ കേസിലെ ഭൂരിപക്ഷവിധി ആധുനികകലഘട്ടത്തിലെ സാങ്കേതികതയെയും സാഹചര്യങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയാണ് തങ്ങൾക്ക് സ്വീകാര്യമായി തോന്നിയത് എന്നും വ്യക്തമാക്കിക്കൊണ്ട് ജമൈക്കൻ സുപ്രീം കോടതി അവിടുത്തെ ബയോമെട്രിക്ക് തിരിച്ചറിയൽ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി. ജമൈക്കൻ കോടതി ഇന്ത്യൻ സുപ്രീംകോടതിയുടെ 'സ്വകാര്യതാ വിധി'യും 'ആധാർ വിധി'യും വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ആധാർ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇനിയും പരിഗണിച്ചിട്ടില്ല. എന്നാലിപ്പോൾ, ആധാർ വിധിയെ സംബന്ധിച്ച് ഹർജിക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആക്ഷേപം സുപ്രീംകോടതി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു; മറ്റൊരു കേസിൽ, മറ്റൊരു സാഹചര്യത്തിൽ. രാജ്യത്തെ വിവിധ ട്രൈബ്യുണലുകളുടെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം ഗവണ്മെന്റ് കൊണ്ടുവന്ന ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്ന വിധിയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഫിനാൻസ് ആക്ടിന്റെ ഭേദഗതി ആയിട്ടാണ് ട്രൈബ്യൂണലുകളുടെ രൂപീകരണം, നിയമനം, നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര ഗവണ്മെന്റിന് കേന്ദ്രീകൃതമായ അധികാരങ്ങൾ നൽകുന്ന നിയമം കൊണ്ടുവന്നത്. രാജ്യസഭയിൽ ഉയർന്നു വരാവുന്ന എതിർപ്പുകൾ മറികടക്കാനായി ആധാർ ബില്ലിന്റെ കാര്യത്തിൽ ചെയ്തതുപോലെ 'ധന ബില്ല്‌' ആയാണ് ഇതും ലോക്സഭയിൽ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാൻസ് ബില്ല്‌ ഭേദഗതികൾ ധനബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്സഭാസ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവുമോ? കഴിയുമെങ്കിൽ പ്രസ്തുത ബില്ല് ധനബിൽ ആണോ? കേന്ദ്രസർക്കാരിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന ഫിനാൻസ് ആക്ടിന്റെ സെക്ഷൻ 184 ഭരണഘടനാപരമാണോ? അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ നിലനിൽക്കുമോ? തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിൽ ചട്ടങ്ങൾ റദ്ദു ചെയ്യുകയും ധനബിൽ സംബന്ധിച്ച കാര്യങ്ങൾ ഒരു ഏഴംഗ ബഞ്ചിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തു സുപ്രീംകോടതി. 2018-ൽ, ആധാർ കേസിൽ, ധനബിൽ സംബന്ധിച്ച അഞ്ചംഗ ബഞ്ചിന്റെ നിരീക്ഷണങ്ങളിലെ പ്രകടമായ അവ്യക്തത നീക്കുവാനാണ് വിശാലബഞ്ചിന്റെ അഭിപ്രായം തേടിയത്.

സാധാരണഗതിയിൽ ഒരു ബില്ല് നിയമമാകുന്നതിന് പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ ഇന്ത്യാഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള ധനവിനിയോഗത്തെ മാത്രം സംബന്ധിച്ചുള്ള നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു 'ധനബിൽ' ആയി പരിഗണിച്ചുകൊണ്ട് ലോകസഭയ്ക്ക് പാസാക്കാവുന്നതാണ്. രാജ്യസഭയ്ക്ക് ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോകസഭാ സ്പീക്കർ ആണ് ഒരു ബില്ല് ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്.

നികുതി നിരക്കുകൾ, ഗവൺമെന്റിന്റെ ബാധ്യതാപരിധി, സഞ്ചിത നിധിയിൽ നിന്നുള്ള  ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെ.110(1)(എ) മുതൽ 110(1)(ജി) വരെയുള്ള കാര്യങ്ങളെ മാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധന ബില്ല് എന്ന് നിർവ്വചിച്ചിട്ടുള്ളത്. 
 
ലേഖനം 2019  നവംബർ 23 -ലെ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതാണ്.

ശബരിമല വിധി : പുനഃപരിശോധനാ വ്യവഹാരങ്ങളെ പുനർനിർണയിക്കുന്നതെങ്ങനെ?

Friday, November 15, 2019 0 comments



സുപ്രീംകോടതിയുടെ അന്തിമ തീരുമാനങ്ങളിൽ തെറ്റുണ്ടെന്നു തോന്നിയാൽ അതു വീണ്ടും പരിഗണിക്കുവാൻ, തിരുത്തുവാൻ അവസരമൊരുക്കുന്നതാണ് പുനപരിശോധനാ ഹർജികൾ. ആർട്ടിക്കിൾ 137 പ്രകാരമാണ് റിവ്യൂ ഹർജികൾ. സുപ്രീംകോടതി വിധിയുടെ അന്തിമത്വം നിലനിർത്തുക എന്നത് നിയമവാഴ്ചയുടെ നിലനിൽപ്പിന് അന്ത്യന്താപേക്ഷിതമായതുകൊണ്ട് അപൂർവമായാണ്  റീവ്യൂ പരിഗണിക്കുക.  അതിന് ഒന്നുകിൽ മുമ്പ് പരിഗണിച്ചിട്ടില്ലാത്ത വളരെ പ്രധാനപ്പെട്ട തെളിവ് വേണം അല്ലെങ്കിൽ നിലവിലെ വിധിയിൽ 'പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാകുന്ന തെറ്റുകൾ' (error apparent on the  face of record) വേണം.  റിവ്യൂ എന്നാൽ ഒരു വിധിക്കെതിരെയുള്ള അപ്പീലല്ല. Apparent error  on the face of record എന്നു പറഞ്ഞാൽ നിയമവ്യാഖ്യാനങ്ങളിലെ പിഴവുകളല്ല. (അവ പരിഗണിക്കുക അപ്പീലിൽ ആണ്). പ്രഥമദൃഷ്ട്യാ തെറ്റായ വിവരങ്ങൾ കാണണം വിധിയിൽ.

ശബരിമല വിധിയിൽ അങ്ങനെ റിവ്യൂവിന് പരിഗണിക്കാവുന്ന യാതൊരു കാരണങ്ങളും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പുനപരിശോധനാ ഹർജികൾ ഒന്നും അനുവദിച്ചിട്ടില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലെ സ്വാഭാവിക നടപടി ഹർജികൾ തള്ളുക എന്നതാണ്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡും ജസ്റ്റിസ് നരിമാനും അതാണ് ചെയ്തതും. എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയും ജസ്റ്റിസ്. ഖാൻവൽക്കറും ജസ്റ്റിസ്. ഇന്ദു മൽഹോത്രയും ചേർന്ന് പുതിയൊരു കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ് ഇവിടെ. ജസ്റ്റിസ്. ഖാൻവാൽക്കർ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ  സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധിയ്ക്കൊപ്പം ചേർന്നതാണ്, കഴിഞ്ഞ വർഷം. ഇത്തവണ പുതിയ ചീഫ് ജസ്റ്റിസിനൊപ്പമാണ്.

പുതിയ ഭൂരിപക്ഷ വിധി തുടങ്ങുന്നത് തന്നെ സുപ്രീംകോടതി ചട്ടങ്ങൾ അനുസരിച്ചാണ് സാധാരണ റിവ്യൂ ഹർജികൾ പരിഗണിക്കേണ്ടത്, എന്നാൽ ഇവിടെ റിവ്യൂ ഹർജികളും ഇതേ വിഷയത്തിലെ മറ്റ് റിട്ട് ഹർജികളും ഒരുമിച്ചാണ് കേൾക്കുന്നത് എന്ന ആമുഖത്തോടെയാണ്. നിലവിലെ വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടുകയാണ് പുനഃപരിശോധനാ ഹർജികളുടെ ലക്ഷ്യം. അതു പരിഗണിക്കുക വിധി പറഞ്ഞ അതേ ബെഞ്ചാണ്. ഒരു വിധിക്കെതിരെ മറ്റൊരു റിട്ട് ഫയൽ ചെയ്യാനും കഴിയില്ല. പിന്നെ എന്താണ് ഒരുമിച്ചു പരിഗണിക്കുക എന്നത് ന്യായമായ സംശയമാണ്.

വിധിയിൽ പറഞ്ഞിരിക്കുന്ന സമാന സ്വഭാവമുള്ള കേസുകൾ. മുസ്‌ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശം, ദാവൂദ ബോറ വിഭാഗത്തിൽ പെട്ട സ്ത്രീകളുടെ ചേലാകർമം, പാഴ്‌സി ഫയർ ടെമ്പിളിന്റെ പ്രശ്നം തുടങ്ങിയവയൊന്നും റിവ്യൂ ബഞ്ചിന്റെ മുന്നിലുള്ള കാര്യങ്ങളല്ല. ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നേക്കാവുന്ന പൊതു സംശയങ്ങളാണ് (ആർട്ടിക്കിൾ 25, 26-ന്റെയൊക്കെ വ്യാഖ്യാനം സംബന്ധിച്ച്), അത് ശബരിമലയിലും ബാധകമായേക്കാം എന്നു നിരീക്ഷിച്ചുകൊണ്ട് ഒരു 7 അംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. ഇവിടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. വന്നേക്കാവുന്ന, ബാധകമായേക്കാവുന്ന എന്നിങ്ങനെയാണ്. അതായത് കോടതിയ്ക്ക് മുന്നിൽ ഇപ്പോൾ ഉള്ള പ്രശ്നങ്ങളെ സംബന്ധിച്ചല്ല പ്രതിപാദിച്ചിരിക്കുന്നത്, ശബരിമല വിധിയിലെ വ്യാഖ്യാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെന്ന് തോന്നിയതുകൊണ്ടും അല്ല,  ഇനി വരാവുന്ന കാര്യങ്ങളെപ്രതിയാണ് ആവലാതി. മുൻകൂർ വിധി പറയുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുകയാണോ കോടതി?

മാത്രവുമല്ല റിട്ട് ഹർജികൾക്ക് നിയതമായ ഒരു വഴിയുണ്ട്. ആദ്യം ഒരു ഡിവിഷൻ ബഞ്ച് പരിഗണിക്കും, അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ വാദം കേൾക്കും. അവിടെ ഗൗരവതരമായ ഭരണഘടനാപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടാൽ 5 അംഗ ബെഞ്ചിന് വിടും.  ഇതൊക്കെ മറികടന്ന് ഒറ്റയടിക്ക് ഈ പ്രശനങ്ങൾ പ്രത്യേകിച്ച് ഒരു കാരണവും കേൾക്കാതെ 7 അംഗ ബെഞ്ചിന് വിടുന്നത് വിധിയിൽ പറയുന്നതുപോലെ ജുഡീഷ്യൽ അച്ചടക്കത്തിനു സഹായകമാവുകയല്ല മറിച്ച്      നിലവിലുള്ള കീഴ്‌വഴക്കങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുക. 32 ജഡ്‌ജിമാർ  ഉള്ള കേസുകൾ വിവിധ ബഞ്ചുകളായി തിരിഞ്ഞു കേൾക്കുന്ന സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിലേതുപോലെ ഉള്ള നിയമ സംവിധാനത്തിൽ അതു വളരെ പ്രധാനമാണ്. ഒരേ വിഷയത്തിൽ പല ബഞ്ചുകൾ വ്യതസ്ത അഭിപ്രായങ്ങൾ പറഞ്ഞാലോ, ഭരണഘടനാ ബഞ്ചേങ്കിൽ ഒരേ വലിപ്പം ഉള്ള മറ്റൊരു ബഞ്ച്  നിലവിലെ ഉത്തരവിൽ പിശകുണ്ട് എന്നു കണ്ടെത്തിയാലോ ആണ് വിഷയം വിശാല ബഞ്ചിന്റെ പരിഗണനയ്ക്കു വിടുന്നത്. ഇവിടെ ശബരിമല റിവ്യൂ ബഞ്ച് കഴിഞ്ഞ വർഷത്തെ വിധിയിൽ തെറ്റുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ വ്യാഖ്യാനത്തിലും അഭിപ്രായ വ്യത്യാസം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഈ റഫറൽ എന്നത് വിധി വായിച്ചാൽ മനസിലാക്കാനാകില്ല.

മാത്രമല്ല വിധിയിൽ പരാമര്ശിച്ചിരിക്കുന്ന കേസുകൾ നിലവിൽ വിവിധ ഡിവിഷൻ ബഞ്ചുകൾ പരിഗണിക്കേണ്ടതാണ്. ശബരിമല വിധിയിൽ റിവ്യൂ അനുവദിച്ചിട്ടില്ല. ആർട്ടിക്കിൾ 25, 26 സംബന്ധിച്ച വിശാല ബഞ്ചിന്റെ  വ്യാഖ്യാനം വരുന്നതുവരെ കേസ് മാറ്റി വച്ചിരിക്കുകയാണ്. അതിനുശേഷം റിവ്യൂ വീണ്ടും പരിഗണിക്കണോ എന്നു തീരുമാനിക്കും. ഫലത്തിൽ ശബരിമലയെ സംബന്ധിച്ച വിധി മാറ്റമില്ലാതെ തുടരുന്നു.  അതായത് ഇനി പുതിയ വിധിയിൽ പറയുന്ന കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബഞ്ചുകൾക്കും ഈ വിധി പിന്തുടരുവാനേ കഴിയൂ. അപ്പോൾ വീണ്ടും നമ്മൾ തുടങ്ങിയിടത്തു തന്നെ വന്നു ചേരും. ശബരിമല പുനഃപരിശോധനാ ഹർജിയിലെ തീരുമാനത്തിന് കാത്തു നിന്നാൽ മാത്രമേ ഏതെങ്കിലും ഒരു പുതിയ വ്യാഖ്യാനത്തിന് ഡിവിഷൻ ബഞ്ചുകൾക്ക് സാധിക്കൂ. ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ ബഞ്ച് വ്യാഴാഴ്ച അതിൽ തീരുമാനം എടുത്തതുമില്ല.

പുനഃപരിശോധനാ ഹർജിയിൽ കേട്ടുകേൾവി പോലുമില്ലാത്ത അസാധാരണ നടപടികൾക്ക് മുതിരുകവഴി എന്തിനെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും  ഒരുമിച്ചൊരു ഹര്ജി ആർക്കും കൊടുക്കാമെന്നും അതു കോടതി അനുവദിക്കും എന്നുമാണ് അര്ഥമാക്കുന്നതെങ്കിൽ അത് ജുഡീഷ്യൽ അച്ചടക്കത്തിന് എത്രമാത്രം ഗുണകരമാണ് എന്ന കാര്യം ചിന്തനീയമാണ്. ജസ്റ്റിസ്.ചന്ദ്രചൂഡിനും കൂടി വേണ്ടി ജസ്റ്റിസ്. നരിമാൻ എഴുതിയ വിയോജന വിധിന്യായം ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്. വിയോജന വിധിയിലെ തടസവാദങ്ങളിൽ ഒന്നുപോലും ഭൂരിപക്ഷ വിധിയിൽ പരാമർശിക്കപ്പെടുന്നില്ല എന്നു മാത്രമല്ല എന്തുകൊണ്ട് റിവ്യൂ ഹർജിയിൽ തങ്ങൾ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചേരുന്നു എന്നു വിശദീകരിക്കുന്നുപോലും ഇല്ല. എന്തു തന്നെയായാലും നിയമ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാവുന്ന ഒരു വിധിയല്ല ഭൂരിപക്ഷത്തിന്റേത്.

അയോധ്യ വിധി: നീതിപീഠം നാളെയോട് സംവദിക്കുമ്പോൾ

Thursday, November 14, 2019 0 comments


ഒരു പക്ഷേ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ തീർപ്പാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്തു തർക്കമായിരുന്നു അയോദ്ധ്യയിലേത്. 1528-ൽ ബാബർ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം മിർ ബാഖി നിർമിച്ചു എന്നു പറയപ്പെടുന്ന ബാബ്‌റി മസ്ജിദും  അതിനോട്  ചേർന്നുള്ള   വർഷങ്ങൾ ആയി ഹൈന്ദവർ  കൈവശം വച്ച് ആരാധിക്കുന്ന
രാം ചബൂത്രയും സീത രസോയിയും  എല്ലാം ഉൾപ്പെടുന്ന ഭൂമി സംബന്ധിച്ചായിരുന്നു കേസ്. അതിന്റെ പരിധിയിൽ വരുന്ന 2.77 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥതയെക്കുറിച്ചാണ് ഇപ്പോൾ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടുള്ളത്. 

കേസ് 1992-ൽ ആരംഭിച്ചതല്ല എന്ന് പ്രത്യേകം ഓർക്കണം. അതിവൈകാരികമായ പ്രതികരണങ്ങൾ വരുന്നത് 1992-ലെ ഭീകരമായ ആൾക്കൂട്ട അതിക്രമവുമായി ഇതിനെ ചേർത്തു വായിക്കുമ്പോഴാണ്. മസ്ജിദ് ഉൾപ്പെടുന്ന, 1856-57-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനുള്ളിൽ പ്രവേശിക്കാനും കേന്ദ്ര മിനാരത്തിന് കീഴെ 'രാമജന്മഭൂമി'യിൽ ആരാധന നടത്താനുള്ള അവകാശത്തിനായി ഗോപാൽ സിംഗ് വിശാരദ് 1950-ൽ ഫൈസാബാദ് സിവിൽ കോടതിയിൽ നൽകിയ ഹർജിയോടെ ആരംഭിച്ച നിയമ വ്യവഹാരങ്ങൾക്കാണ് ഇപ്പോൾ തീരുമായിട്ടുള്ളത്. ഒരു തരത്തിലും ഈ വിധി 1992-ലെ സംഭവങ്ങൾക്കുള്ള ന്യായീകരണമാകുന്നില്ല. ബാബരി പള്ളി നിർമിച്ച 1528 മുതലുള്ള ചരിത്രം, 1857-ൽ അവധ് ബ്രിട്ടീഷുകാർക്ക് കീഴിലായതിന് ശേഷമുള്ള നിയമയുദ്ധങ്ങൾ, മതം, വിശ്വാസം അങ്ങനെ കോടതിയ്ക്ക് തീരുമാനമെടുക്കുക അസാധ്യമായ കാര്യങ്ങളുൾപ്പടെ എണ്ണിയാലൊടുങ്ങാത്ത സങ്കീർണതകൾ ഉണ്ടായിരുന്നു കോടതിയ്ക്ക് മുന്നിൽ. ഗണിതശാസ്ത്രത്തിൽ എന്നതുപോലെ കൃത്യമായ ശരി-തെറ്റുകൾ നിർണയിക്കുക അസാധ്യമായ ഇടങ്ങളിലൂടെയാണ് ന്യായാധിപർ സഞ്ചരിച്ചിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ കേവലം നിയമാക്ഷരങ്ങൾക്ക് അപ്പുറം 'നീതി, തുല്യത, മനസാക്ഷി' എന്ന നിയമതത്വം പിൻപറ്റുന്നതാണ് അയോധ്യവിധിയുടെ രീതിശാസ്ത്രം. കുറെയധികം പരിഗണനകൾ വച്ചുകൊണ്ടാണ് വിധിയെഴുതിയിരിക്കുന്നത് എന്നു മനസിലാക്കാം.

1. ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.

2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.

3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.

4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.

5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

6. ഇത് ബാബ്‌റി പള്ളി തകർത്തതുമായി ബന്ധപ്പെട്ടു നില നിൽക്കുന്ന ക്രിമിനൽ കേസിനെ ബാധിക്കരുത്. പള്ളി തകർത്തതും 1949-ൽ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചു പള്ളി മലിനപ്പെടുത്തിയതും വലിയ നിയമദ്ധ്വംസനമാണെന്ന് വിധിയിൽ ഉണ്ട്.

7. വസ്തുതർക്കം പള്ളിയെ സംബന്ധിച്ചു മാത്രമല്ല. ജന്മസ്ഥാൻ മസ്ജിദ് ഉൾപ്പെടുന്ന ചുറ്റും ഹൈന്ദവരാധനമാത്രം നടന്നിരുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ലാത്ത രാം ചബൂത്രയും മറ്റും ഉൾപ്പെടുന്ന ഭൂമിയും എല്ലാം ചേർന്ന 2.77 ഏക്കർ ഭൂമിയെ സംബന്ധിച്ചുള്ളതാണ്.

8. തർക്ക ഭൂമിയിൽ 1857-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനു വെളിയിലുള്ള പ്രദേശം ഹൈന്ദവർ വച്ച് ആരാധിച്ചിരുന്നതാണെന്നത് വ്യക്തമാണ്.

 9. ബാബ്‌റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്. അതുകൊണ്ടു തന്നെ ഏതു തീരുമാനമെടുക്കുമ്പോഴും മനസാക്ഷിയുടെയും തുല്യനീതിയുടെയും വിഷയം ഉയർന്നുവരും. ആർട്ടിക്കിൾ 142 അനുവദിക്കുന്ന പ്രത്യേക അധികാരം സുപ്രീം കോടതി വിനിയോഗിക്കുന്നത് ഈ ഒരു പരിഗണനയിലാണ്.

10 . ഇവിടെ സുന്നി വഖഫ് ബോർഡും രാമവിഗ്രഹത്തിനുവേണ്ടി അടുത്ത 'അടുത്ത സുഹൃത്തും' നൽകിയ ഉടമസ്ഥാവകാശ ഹർജികളാണ് നിലവിലുള്ളത്. ഒരു ഭാഗം വയ്പ്പിനുള്ള അപേക്ഷയല്ല കോടതിക്ക് മുൻപാകെ വന്നിട്ടുള്ളത്. ഒരു സിവിൽ കേസിൽ വാദികൾ ആവശ്യപ്പെടാത്ത ഒരു തീർപ്പ് അനുവദിക്കാൻ കോടതിയ്ക്ക് കഴിയില്ല.    ഗവൺമെന്റാണെങ്കിൽ ഈ ഭൂമിയിൽ യാതൊരുവിധ അവകാശ വാദവും ഉന്നയിക്കാൻ താത്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചിരുന്നു.

11 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടം പിടിച്ചത്.  ആരാധനാലയങ്ങളുടെ 1947 - ലെ പദവിയിൽ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകൾ ഒന്നും നിലനിൽക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോദ്ധ്യ കേസ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.

12 . ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘര്ഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

ഇത്രയും കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് അതിനുതകുന്ന ഒരു ന്യായവ്യവഹാരത്തിന്റെ രീതീശാസ്ത്രത്തിന് രൂപം നൽകുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. അതിൽ പൂർണമായ ശരിതെറ്റുകൾ ഇല്ല. കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയുന്ന കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് ഇടവുമില്ല. ശബരിമല കേസിലെ ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ വിധിന്യായം പോലെ ചരിത്രപരമായ മേന്മയുണ്ട് എന്നല്ല. ഈ കേസിൽ സാധ്യമാകുമായിരുന്ന നല്ലൊരു വിധി എന്നാണ് പ്രാഥമിക പരിശോധനയിൽ തോന്നിയത്. വിധിയിൽ എഴുതിയ ആളിന്റെ പേരില്ല എന്ന അസാധാരണത്വം മാറ്റി നിർത്തിയാൽ ആധാർ കേസിലൊക്കെ സംഭവിച്ചതുപോലെ ഒരു അലസമായ ഒരു വിധിയല്ല അയോധ്യകേസിൽ ഉണ്ടായിട്ടുള്ളത്. വളരെ അവധാനതയോടെ വന്നിട്ടുള്ള വിധി പ്രസ്താവമാണിത്. ഒരു വിയോജനക്കുറിപ്പ് പോലും ഉണ്ടായിരുന്നില്ല എന്നത് യാദൃശ്ചികതയുമല്ല. 

 എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദുചെയ്തു?

തർക്കസ്ഥലത്തെ മൂന്നായി തിരിച്ചുകൊണ്ടുള്ള ഒത്തു തീർപ്പു സാധ്യത ആരായുന്ന തരത്തിലായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. എന്നാൽ ഒരു സിവിൽ തർക്കത്തിൽ കക്ഷികൾ ഉന്നയിക്കാത്ത തീർപ്പുകൾ അനുവദിക്കുക അസാധ്യമാണ് എന്ന് സുപ്രീംകോടതി വിലയിരുത്തി.  മാത്രമല്ല, നിർമോഹി അഖാരയുടെയും സുന്നി വഖഫ് ബോർഡിന്റെയും ഹർജികൾ ലിമിറ്ററേഷൻ ആക്ട് പ്രകാരം സമയപരിധി കഴിഞ്ഞാണ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കണ്ട് തള്ളിയിരുന്നു. എന്നിട്ടും അന്തിമ വിധിയിൽ ഇവർക്കും സ്ഥലം അനുവദിച്ചിരിക്കുന്നു. ഇത് നിയമപരമായി സാധിക്കുകയില്ല.

എന്തുകൊണ്ട് സുന്നി വഖഫ് ബോർഡിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല?

ഒരു വസ്തുതർക്കത്തിൽ കക്ഷികൾ ഉന്നയിച്ചിരിക്കുന്ന വാദങ്ങൾ ആണ് കോടതി പരിഗണിക്കുക. വഖഫ് ബോർഡിന്റെ ആദ്യ ആവശ്യം ബാബരിമസ്ജിദും ചുറ്റുമുള്ള ഭൂമിയും ഒരു വഖഫ് ആയി അംഗീകരിക്കണം എന്നായിരുന്നു. 'വഖഫ്' എന്നാൽ ഇസ്‌ലാമിക നിയമപ്രകാരം മതപരമായ കാര്യങ്ങൾക്കോ കരുണ്യപ്രവർത്തനങ്ങൾക്കോ വേണ്ടി എന്നെന്നേക്കുമായി സമർപ്പിക്കപ്പെട്ട ഭൂമിയാണ്. ഇവിടെ മസ്ജിദിനു വേണ്ടി അല്ലാഹുവിൽ സമർപ്പിതമായ ഭൂമി. അത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയുന്നതല്ല. വഖഫിന് എപ്പോഴും ഒരു വഖിഫ് ഉണ്ടാകും; നൽകുന്ന ആൾ. അയോധ്യയിൽ ബാബർ ആണ് വാഖിഫ്. 1528-ൽ ബാബറിന്റെ കൽപ്പന അനുസരിച്ച് മിർ ബാഖി ആണ് മസ്ജിദ് നിർമിച്ചത് എന്നാണ് വാദം. ഒരു വസ്തു വഖഫ് ആണെന്ന് സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ അത് തിരിച്ചെടുക്കാനാവില്ല. എന്നെന്നേക്കുമായി അതിന്റെ ഉടമസ്ഥത സ്ഥിരീകരിക്കപ്പെടും. അതുകൊണ്ടു തന്നെ കോടതികൾ വളരെ ശ്രദ്ധാപൂർവം മാത്രമേ അത് പരിഗണിക്കുകയൊള്ളൂ. മാത്രമല്ല അതു തെളിയിക്കേണ്ട ബാധ്യത വഖഫ് ആണെന്ന് വാദിക്കുന്ന കക്ഷിയുടെ മേൽ ആണ്.

വഖഫ് ആണ് എന്ന് സ്ഥാപിക്കുവാൻ ആദ്യം വേണ്ടത് വാഖിഫ് ആ ഭൂമി ഒരു വഖഫ് ആണെന്ന് പ്രഖ്യാപിച്ചതിന് ഉള്ള തെളിവാണ്. 1857 മുതൽ ബ്രിട്ടീഷുകാർ 'ജന്മസ്ഥാൻ മസ്ജിദ്'-ന് നല്കിപ്പോന്ന ഗ്രാന്റ് മാത്രമാണ് തെളിവായിട്ട് ഉള്ളത്. അത് ബാബർ നൽകിവന്ന ഗ്രാന്റിന്റെ തുടർചയാണ് എന്നായിരുന്നു വഖഫ് ബോർഡിന്റെ വാദം. എന്നാൽ ഇതിന് രേഖകൾ ഇല്ലായിരുന്നു.  1528 മുതൽ 1857 വരെയുള്ള 325 വർഷക്കാലത്തെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ സമർപ്പണത്തിലൂടെ (Waqaf by dedication) ഉള്ള വഖഫ് ആണെന്ന് സ്ഥാപിക്കാനാകില്ല. 

അത് അറിയാവുന്നതുകൊണ്ടാവണം ഉപയോഗത്തിലൂടെ വന്നു ചേർന്ന വഖഫ് ആണെന്ന വാദം ഉന്നയിക്കപ്പെട്ടത്. അവിടെയും നിയമപരമായി ഏതു തെളിയിക്കേണ്ടത് അവകാശം ഉന്നയിക്കുന്നവർ തന്നെയാണ്. കാലാകാലങ്ങളായി, തടസ്സമേതും ഇല്ലാതെ പ്രത്യക്ഷത്തിൽ കൈവശം വച്ച് ഉപയോഗിച്ചിരുന്നു എന്നു സ്ഥാപിക്കണം. ഇവിടെ വഖഫ് ആണെന്ന് അവകാശപ്പെടുന്ന ഭൂമി മസ്ജിദ് മാത്രമല്ല. അതിനുചുറ്റും ഹൈന്ദവർ  ആരാധന നടത്തിവന്നിരുന്നത് എന്ന കാര്യത്തിൽ തർക്കമില്ലാത്ത പ്രദേശം കൂടി ഉൾപ്പെടുന്നതാണ്. അതിനു നടുവിലാണ് മസ്ജിദ്. അതു സംബന്ധിച്ച് നിരവധി പ്രശനങ്ങൾ എത്രയോ കാലങ്ങളായി നിലനിൽക്കുന്നതാണ്. പ്രശ്നപരിഹാരത്തിനും സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് 1857-ൽ ബ്രിട്ടീഷുകാർ പള്ളി മതിൽ കെട്ടി തിരിച്ചത്. അങ്ങനെ ഹൈന്ദവരെ അവിടെ നിന്നും ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ ഹൈന്ദവരാകട്ടെ മതിലിനു വെളിയിൽ നിന്നു മസ്ജിദ് ഇരിക്കുന്ന 'ഗർഭ ഗൃഹത്തെ' തൊഴുകുകയും നിരന്തരം ജന്മസ്ഥാനിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. അതിനു പുറത്തുള്ള ഭാഗത്തിലാകട്ടെ മുസ്ലീങ്ങൾ ഒരുകാലത്തും അവകാശം ഉന്നയിക്കുകയോ ആരാധന നടത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ 2.77 ഏക്കർ വരുന്ന സ്ഥലം ഉപയോഗത്തിലൂടെ  വഖഫ് ആയി എന്ന് അംഗീകരിക്കാൻ ആകില്ല.  പ്രദേശം വഖഫ് ആയി അംഗീകരിച്ചാൽ ഭൂമിയുടെ സ്വഭാവം എന്നന്നേക്കുമായി മാറും. എതിർ കക്ഷിയുടെ ഭൂമിക്കുമേലുള്ള അവകാശവാദത്തിനു പ്രസക്തിയില്ലാതാകും. ഇതേ കാരണം കൊണ്ടാണ് രാമജന്മഭൂമി ഒരു നിയമപരമായ വ്യക്തിയാണ് എന്ന വാദവും കോടതി അംഗീകരിക്കാതിരുന്നത്.

വഖഫ് ബോർഡിന്റെ മറ്റൊരു വാദം പ്രതികൂല കൈവശാവകാശം (adverse possession) അവർക്ക് വന്നു ചേർന്നിട്ടുണ്ട് എന്നതായിരുന്നു. അതായത് ഒരാളുടെ വസ്തു തുടർച്ചയായ 12 വർഷത്തിലേറെ മറ്റൊരാൾ പ്രത്യക്ഷത്തിൽ വച്ചനുഭവിക്കുന്നുവെങ്കിൽ വസ്തുവിന്റെ ഉടമസ്ഥത രണ്ടാമന് വന്നുചേരും. ഇത് തെളിയിക്കാൻ രണ്ടാമൻ വസ്തു തുടർച്ചയായി, ഭംഗമില്ലാതെ, സമാധാനത്തോടുകൂടി, മറ്റാരുമില്ലാതെ, പരസ്യമായി ഈ വസ്തു കൈവശം വച്ചിട്ടുണ്ടാകണം. ആകെ തർക്ക ഭൂമിയെ സംബന്ധിച്ചിടത്തോളം   അന്യപ്രവേശനം ഇല്ലാതെ സുന്നി വഖഫ് ബോർഡ് കൈവശം വച്ചു എന്ന് ഒരുകാലത്തും തെളിയിക്കാനാകില്ല. ചരിത്ര രേഖകൾ അനുസരിച്ച് 1857-ന് മുൻപും അവിടെ ഹൈന്ദവ ആരാധന നടന്നിരുന്നതിന് തെളിവുകളും ഉണ്ട്. 'പ്രതികൂല കൈവശം' എന്ന വാദത്തിന്റെ ഏറ്റവും വലിയ പ്രശ്നം  സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എതിർകക്ഷിക്കാണ് എന്ന് ആദ്യംതന്നെ അംഗീകരിച്ചു കൊടുക്കാതെ ഈ വാദം ഉന്നയിക്കാനാകില്ല എന്നതാണ്. ഇത് വിധിയിൽ പ്രത്യേകം പറയുന്നുമുണ്ട്. ഇത് ഒരു അനുബന്ധ വാദം മാത്രമാണെന്ന വിശദീകരണമാണ് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ ഡോ. രാജീവ് ധവാൻ നൽകിയത്. അതായത് ഉടമസ്ഥാവകാശം അഥവാ ഇനി ഹിന്ദുക്കൾക്ക് ആണെങ്കിൽ തന്നെ പ്രതികൂല അവകാശം അത് ഇതിനോടകം തങ്ങൾക്ക് ആയിട്ടുണ്ട് എന്ന്. 

എക്കാലവും ഭൂമി തങ്ങളുടെ കൈവശമായിരുന്നു എന്നും പല കാലഘട്ടത്തിലും അതിന്മേലുള്ള കൈയേറ്റ ശ്രമങ്ങളെ എതിർത്തു പോരുകയായിരുന്നു എന്നും വഖഫ് ബോർഡ് വാദിച്ചിരുന്നു. അതു പക്ഷെ , വഖഫ് ആണെന്ന് സ്ഥാപിക്കപ്പെട്ടാൽ മാത്രം നിലനിൽക്കുന്ന വാദമാണ്.

പിന്നീട്  ഉണ്ടായിരുന്നത് നിരന്തരമായി കൈവശം വയ്ക്കുന്നതുകൊണ്ടു വന്നുചേരുന്ന അവകാശം മാത്രമാണ്‌. അതിലും നിയമസാധുത നേടണമെങ്കിൽ തുടർച്ചയായി അന്യപ്രവേശനമില്ലാതെ കൈവശം വച്ചിരുന്നു എന്നു തെളിയിക്കാനാകണം. 'ബാബറി/ജന്മസ്ഥാൻ' മസ്ജിദിൽ 1857-ന് മുൻപ് ആരാധന നടന്നിരുന്നുവെന്നോ, 1857 മുതൽ അന്യപ്രവേശനമില്ലാതെ, ഇസ്‌ലാമിക ആരാധന മാത്രം നടന്നിരുന്നുവെന്നോ വഖഫ് ബോർഡിന് തെളിയിക്കാനായില്ല. അതുകൊണ്ട് അതും നിലനിക്കുന്ന വാദമല്ല എന്നു വന്നു.

എന്തുകൊണ്ടാണ് 'രാം ലല്ല'യ്ക്ക് അനുകൂലമായി വിധി വന്നത്?
അയോധ്യയിലെ താത്കാലില 'രാം ലല്ല' ക്ഷേത്രം

 ഉടമസ്ഥതയിലേക്കു വന്നാൽ ബ്രിട്ടീഷ് റവന്യൂ രേഖകളിൽ സർക്കാർ  ഭൂമിയായിട്ടാണ് (Nazul Land) ഈ സ്ഥലം നിലനിൽക്കുന്നത്. എന്നാൽ വിചാരണയുടെ ആദ്യഘട്ടത്തിൽ തന്നെ സർക്കാരിന് ഈ ഭൂമിയിൽ താൽപര്യമില്ലെന്നും ഉടമസ്ഥത കക്ഷികൾക്ക് നല്കുന്നതിനോട് വിയോജിപ്പ് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു സർക്കാർ ഭൂമിയെന്ന പദവി കേസിനെ ബാധിക്കില്ല.   മസ്ജിദിനു  വെളിയിലുള്ള  (ആകെ സ്ഥലത്തിന്റെ ഭൂരിഭാഗം) അന്യപ്രവേശനമില്ലാത്ത തരത്തിൽ തന്നെ ഹൈന്ദവ ആരാധനാകേന്ദ്രമായിരുന്നു. ഒരു കാലത്തും മുസ്ലീങ്ങൾ അവിടെ അവകാശം ഉന്നയിച്ചിരുന്നുമില്ല. മതിൽ പണിതതിനു ശേഷം 1877-ൽ ആരാധനയ്ക്കെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് മറ്റൊരു കവാടം കൂടി ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്. വലിയരീതിയിലുള്ള ഭക്തജനപ്രവാഹം അവിടേക്ക് ഉണ്ടായിരുന്നുവെന്നാണ് ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത്. 1857-ന് മുൻപും അവിടെ ഹൈന്ദവ ആരാധന ഉണ്ടായിരുന്നതായി രേഖയുണ്ട്. അതേസമയം മസ്ജിദ് ഹൈന്ദവരാധനാപ്രദേശത്തിന് മധ്യേയാണ്. അവിടെ 1857-ന് മുമ്പ് നിസ്കാരമോ ആരാധനയോ നടന്നതിന് തെളിവില്ല. 1857 മുതലെങ്കിലും തർക്കമന്ദിരത്തിനകത്ത് ഇരുവിഭാഗങ്ങളും ആരാധന നടത്തിയിരുന്നു . അതുകൊണ്ടാണല്ലോ അവിടെ മതിൽ പണിയേണ്ടി വന്നത്. മാത്രമല്ല 1858 നവംബർ 28-ന് മസ്ജിദിൽ ആരാധന നടത്തുന്ന നിഹാംഗ് സിംഗ് ഫക്കീറിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഒരു പരാതിയിൽ തന്നെ മസ്ജിദിന്റെ അകത്ത്‌ നൂറുകണക്കിന് വർഷങ്ങളായി ഹൈന്ദവ ആരാധന നടന്നിരുന്നതാണ് എന്നു പറയുന്നുമുണ്ട്.  അതുകൊണ്ട് ആകെ വരുന്ന 2.77 ഏക്കർ സ്ഥലത്തിന്റെ അവകാശം നോക്കിയാൽ ഭൂരിഭാഗവും രാമജന്മഭൂമിയെ സംബന്ധിച്ച ഹൈന്ദവ  ആരാധനയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഇരുപക്ഷത്തിനും പൂർണമായ അവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തെളിവുകളുടെ ആധിക്യം 'രാം ലല്ല'യ്ക്ക് അനുകൂലമായി വരുന്നു. അതുകൊണ്ട് കേസ് അതിനനുകൂലമായി തീർപ്പാക്കുകയാണുണ്ടായത്. അയോദ്ധ്യ ആക്ടിന്റെ (Acquisition of Certain Area at Ayodhya Act, 1993) 6,7 വകുപ്പുകൾ അനുസരിച്ച് ആ ഭൂമി കേന്ദ്രസർക്കാർ ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രത്തിനായി കൈമാറണം. ആ ട്രസ്റ്റിൽ നിർമോഹി അഖാരക്കും സ്ഥാനമുണ്ടാകണം എന്നും നിർദേശം ഉണ്ട്.

എന്നിരുന്നാലും കേസ് അപ്രകാരം അവസാനിപ്പിച്ചാൽ അത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യനീതിയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാകും. കാരണം മസ്ജിദ് അവിടെ നിലനിന്നിരുന്നു എന്നത് നിസ്തർക്കമായ വസ്തുതയാണ്. പള്ളി ക്ഷേത്രം തകർത്തു നിർമിച്ചതാണെന്നും, ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ കൊണ്ടാണ് പണിതതെന്നും മറ്റുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഇസ്ലാമിക വിശ്വാസപ്രകാരം നിര്മിക്കപ്പെട്ടിട്ടുള്ള പള്ളിയല്ല എന്ന വാദവും തള്ളിക്കളഞ്ഞു. ദൈവശാസ്ത്രവിശകലനം നടത്തി തീർപ്പു കല്പിക്കേണ്ട ഇടമല്ല കോടതി, പ്രത്യക്ഷ വിശ്വാസമനുസരിച്ചു തർക്കമന്ദിരം മസ്ജിദ് ആണെന്ന് അംഗീകരിക്കുന്നു എന്നായിരുന്നു കോടതിയുടെ നിലപാട്. 1934-ലും 1949-ലും 1992-ലും പള്ളിക്കെതിരെ ആക്രമണം ഉണ്ടായി. 1934-ൽ പള്ളിമിനാരങ്ങൾ തർക്കപ്പെട്ടു. 1949-ൽ അറുപതു പേരോളം വരുന്ന ആൾക്കൂട്ടം അതിക്രമിച്ചു പള്ളിയകത്തു കയറി രാമ വിഗ്രഹം സ്ഥാപിച്ചു. അങ്ങനെ നിയമവിരുദ്ധമായി മുസ്ലീങ്ങളെ പള്ളിയിൽ നിന്നും പുറത്താക്കി. ഒടുവിൽ 1992-ൽ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് പള്ളി തകർത്തു. ഈ അന്യായങ്ങൾക്ക്, നിയമലംഘനങ്ങൾക്ക്, ആരാധനാലയം നഷ്ടപ്പെട്ടതിന്  പരിഹാരം നൽകാതെ കേസ് അവസാനിപ്പിച്ചാൽ അത് നീതിയുക്തമാകില്ല. അതുകൊണ്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് അയോധ്യയിൽ തന്നെ മസ്ജിദ് പണിയാനായി കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി വഖഫ് ബോർഡിന് അനുവദിക്കണം എന്നും കോടതി വിധിച്ചു. അത് മനസാക്ഷിയുടെ സ്വരമായാണ് വിധിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. 
 
1992, ഡിസംബർ 6: ഇന്ത്യൻ മതേതരത്വത്തിനേറ്റ തീരാ കളങ്കമായി ആൾക്കൂട്ട ഭീകരർ ബാബ്‌റി പള്ളി പൊളിക്കുന്നു.

എങ്കിലും ന്യായമായും തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്ന വികാരം മുസ്ലീങ്ങൾക്കിടയിൽ ഉണരുവാനുള്ള കാരണമുണ്ട്. കാരണം പള്ളി തകർത്തത് തെറ്റെങ്കിൽ ആ പള്ളി അവിടെ പുനഃസ്ഥാപിക്കുകയല്ലേ സമാന്യനീതി എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷെ ഇവിടെ നമ്മൾ മറന്നു പോകുന്നത് ഇത് പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസ് അല്ല എന്നതാണ്. 1992-ൽ ആരംഭിച്ചതുമല്ല.  ഇതൊരു വസ്തു തർക്കമാണ്; 1950-ൽ ആരംഭിച്ചത്. അതിൽ വിധി പറയേണ്ടത് 1992-ലെ ഭീകരപ്രവർത്തനത്തെ മാത്രം കണക്കിലെടുത്തുകൊണ്ടല്ല. സർക്കാർ താത്പര്യമില്ല എന്ന് അറിയിച്ചതോടെ ഭൂമിതർക്കത്തിൽ സർക്കാർ ഒരു കക്ഷിയല്ല എന്നുവന്നു.  പിന്നെ പള്ളിമാത്രം വഖഫ് ബോർഡിന് നൽകുക എന്നതാണ് ഒരു മാർഗം. പക്ഷെ അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ല. മൊത്തം ഭൂമിയിലും ആയിരുന്നു ഉടമസ്ഥാവകാശം സ്ഥാപിക്കേണ്ടിയിരുന്നത്.  മാത്രമല്ല  സ്ഥലം വിഭജിച്ചു നൽകിയാൽ അതിനർത്ഥം വീണ്ടും കാലാകാലങ്ങളായി ഉള്ള നില തുടരുക എന്നതാണ്. പ്രശ്നം പിന്നെയും അങ്ങനെതന്നെ തുടരാനാണ് അതു വഴിവയ്ക്കുക. അത് ആശ്വാസ്യമല്ല എന്നും കോടതിയ്ക്ക് തോന്നിയിരിക്കാം. 

തങ്ങളുടെ തീരുമാനം സമകാലിക ഇന്ത്യയിലും രാഷ്ട്രത്തിന്റെ ഭാവിയിലും ഉണ്ടാക്കിയേക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ന്യായധിപർ ബോധവന്മാരായിരുന്നു എന്ന് വിധി വായിച്ചാൽ ബോധ്യപ്പെടും. ഇനിയും ഇതുപോലെ തർക്കങ്ങൾ ഉയർന്നുവരാനുള്ള സാധ്യതയും മുന്നിൽ കണ്ടിട്ടുണ്ടാവണം. അതുകൊണ്ട് അത്തരം പഴുതുകൾ കോടതി തന്നെ അടയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നുകാണാം.

ഭാവിയിലേക്കുള്ള  ന്യായവിചാരങ്ങൾ

ചരിത്രവും വിശ്വാസവും നിർവചിക്കേണ്ടത് കോടതിയല്ല എന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട് ഈ വിധിയിൽ. ബാബറി പള്ളി പണിതിരിക്കുന്നത് ഹൈന്ദവക്ഷേത്രം പൊളിച്ചിട്ടാണോ എന്ന കാര്യം രാഷ്ട്രപതി ആരാഞ്ഞപ്പോൾ 1992-ൽ തന്നെ സുപ്രീംകോടതി അത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിധിയിൽ അതു പരാമര്ശിക്കപ്പെടുന്നുമുണ്ട്. എന്നിരുന്നാലും അയോധ്യയിൽ എ. എസ്.ഐ. നടത്തിയ പഠനങ്ങളുടെ ഫലം കോടതി വിലയിരുത്തിയിട്ടുണ്ട്. പള്ളി പണിതിരിക്കുന്ന സ്ഥലത്തു മുൻപ് ക്ഷേത്രമുണ്ടായിരുന്നോ എന്നും അതു പൊളിച്ചിട്ടാണോ പള്ളി പണിതിരിക്കുന്നത് എന്നുമൊന്നും റിപ്പോർട്ടിൽ നിന്നും കണ്ടെത്താനാകില്ല. ഉടമസ്ഥ തർക്കങ്ങളിൽ കോടതി തീരുമാനമെടുക്കേണ്ടത് ചരിത്രവും വിശ്വാസവും, എ. എസ്.ഐ. ഖനനവും പരിശോധിച്ചല്ല, സുദൃഢമായ നിയമതത്വങ്ങളെ ആശ്രയിച്ചായിരിക്കണം എന്ന കോടതിയുടെ തീരുമാനം ഭാവിയിലേക്കുള്ള ശുഭകരമായ ഒരു ചൂണ്ടുപലകയാണ്. 

അതുപോലെ തന്നെ പ്രധാനമാണ് രാമ ജന്മഭൂമിയെ ഒരു നിയമപരമായ വ്യക്തിയായി അംഗീകരിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല എന്നതും. ഒരു സ്ഥലം വ്യക്തിയായി മാറിയാൽ അതിന്മേലുള്ള തർക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിർണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങൾ ഉയർന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിര്ണയിക്കാനാകില്ല. ഒരു സിവിൽ തർക്കം എപ്പോഴും മതേതരമായി നിലനിൽക്കണം എന്ന് കോടതി അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു.

1949-ലെയും 1992-ലെയും അതിക്രമങ്ങൾ  നിയമവിരുദ്ധമാണ് എന്ന് വിധിയിൽ പലതവണ പറയുന്നുണ്ട്. പള്ളി തകർത്തതും തുടർന്നുള്ള കലാപവും സംബന്ധിച്ച ഗൂഡാലോചന കേസിൽ നീതി നടപ്പിലാക്കണം എന്ന ഒരു സൂചനയും വായിച്ചെടുക്കാനാകും.

ഏറെ പ്രധാനപ്പെട്ടതാണ് 1991-ലെ ആരാധനാലായങ്ങളെ സംബന്ധിച്ച നിയമ(Places of Worship Act 1991)-ത്തെക്കുറിച്ചുള്ള പരാമർശം. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്നാണ് ഈ നിയമം അനുശാസിക്കുന്നത്. 1991 ജൂലൈ പതിനാലിനാണ് ഈ നിയമം നിലവിൽ വന്നത്. ചരിത്രവും അതിന്റെ പിഴവുകളും വർത്തമാനകാലത്തെയും ഭാവിയെയും അടിച്ചമർത്താനുള്ള ഉപാധികളാകരുത് എന്നാണ് നിയമം പറയുന്നത്. അതിന്റെ പരിധിയിൽ നിന്നു പക്ഷേ, അയോദ്ധ്യ തർക്കം ഒഴിവാക്കപ്പെട്ടിരുന്നു. ഭരണഘടനാ ധാർമികതയുടെ പ്രകാശനമായാണ് അയോധ്യവിധിയിൽ ഈ നിയമത്തെ പ്രകീർത്തിക്കുന്നത്. 

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ സിവിൽ തർക്കത്തിന് പരിഹാരം നിശ്ചയിക്കുമ്പോൾ അത് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യഖ്യാതങ്ങളെക്കുറിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ആകുലപ്പെട്ടിരുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടാണ് അതിനൊരു ഏകസ്വരം വേണം എന്നും ഏതെങ്കിലും ഒരു ജഡ്ജിയുടേതായല്ല, കോടതിയുടെ ആകെ വിധി എന്ന തരത്തിൽ അത് പുറത്തു വരണം എന്നും ആഗ്രഹിച്ചത്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട അനുബന്ധത്തിനും വേറിട്ടൊരു രചയിതാവില്ല. എന്നാൽ വിധി എഴുതുന്നതിൽ അനുബന്ധത്തിന് അത്രയേറെ പ്രാധാന്യമൊന്നും ഇല്ലാതിരുന്നതുകൊണ്ടുകൂടിയാകാം അത് പ്രധാന വിധിക്കൊപ്പം ചേർക്കാതിരുന്നത്. ഇനിയൊരു അയോധ്യ ഉണ്ടാകരുതെന്ന ആഗ്രഹം വിധിയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. ആരാധനാലയ നിയമത്തിന്റെ പ്രസക്തിയേക്കുറിച്ച് ഊന്നി പറഞ്ഞുകൊണ്ട് ആരാധനാലയങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തരുത് എന്ന നിബന്ധനയിലൂടെ വരുംകാലത്തോട് സംവദിക്കാനാണ് കോടതി ശ്രമിക്കുന്നത്.


letters.pbj@gmail.com

ലേഖനം മംഗളം ദിന പത്രത്തിൽ 2019 നവംബർ 17, 18 തിയ്യതികളിൽ പ്രസിദ്ധീകരിച്ചിരുന്നു.

ആത്മഹത്യ: മിത്തും യാഥാര്ത്ഥ്യവും

Wednesday, October 23, 2019 0 comments


ജീവതത്തിലേക്ക് ഒരു ചുവട്



ആത്മഹത്യ എന്ന വാക്ക് നമ്മിലുണര്‍ത്തുന്നത് ഞെട്ടലും നൈരാശ്യവും മരണഭയവുമാണ്. എന്നിരുന്നാലും ഒന്നു തുറന്നു സംസാരിക്കാനായാല്‍, ഓരോ ആത്മഹത്യക്കും  പിന്നിലെയും കാരണങ്ങള്‍ നമുക്ക് കണ്ടെത്താനും; ഒരുപക്ഷേ അവ തടയാനും കഴിഞ്ഞേക്കും. എന്നാല്‍, ആത്മഹത്യ സംബന്ധിച്ച കെട്ടുകഥകളും യഥാര്‍ത്യങ്ങളും  എന്തൊക്കെയാണ്? നമ്മുടെ പ്രിയപ്പെട്ടവരെ ആത്മഹത്യയില്‍ നിന്നും എങ്ങനെ രക്ഷിക്കാനാകും ? അവരെ ജീവിതത്തിന്റെ പ്രതീക്ഷകളിലേക്ക് എങ്ങനെ തിരികെ കൊണ്ടുവരാനാകും ? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ലോക-മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ചുള്ള ഈ പ്രത്യേക ലേഖനത്തില്‍ വായിക്കാം.

മറാഠി ഭാഷയില്‍ മൃണാളിനി ഓക്ക് എഴുതിയ ലേഖനം
(ഇംഗ്ലിഷ് പരിഭാഷ: സരിക കുല്‍ക്കര്‍ണി, മലയാളം: പി ബി ജീജീഷ്)



ആത്മഹത്യയെ, മനുഷ്യവംശത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന വലിയ സമൂഹ്യപ്രശ്നമായിട്ടാണു ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ആത്മഹത്യ അത് ചെയ്യുന്ന വ്യക്തിയുടെ മരണം മാത്രമല്ല ആ കുടുംബത്തിന്റെയാകേ ദുര്‍വിധിയായി മാറുന്നു. ഒരു വ്യക്തിയുടെ തീരുമാനത്തിന്റെ തുടര്‍ഫലങ്ങള്‍ അയാളുടെ കുടുംബം വഹിക്കേണ്ടി വരുന്നു. അതുകൊണ്ടുതന്നെ ആത്മഹത്യകള്‍ തടയുന്നതിനുള്ള പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.
മാനസിക രോഗങ്ങള്‍ തടയുക, കണ്ടെത്തുക, ചികിത്സിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1948-ല്‍ രൂപീകൃതമായ് സംഘടനയാണ് ലോക മാനസികാരോഗ്യ ഫെഡറേഷന്‍ (ഡബ്ല്യു‌എം‌എച്ച്‌എഫ്).  പൊതുജനങ്ങളുടെ മാനസികവും വൈകാരികവുമായ പരിചരണവും സൌഖ്യവും സംഘടനയുടെ ലക്ഷ്യങ്ങളാണ്. 1992-ല്‍ സംഘടന ഡിസംബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി പ്രഖ്യാപിച്ചു. ഇത് പൊതുസമൂഹത്തില്‍ നിരവധി അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുവാന്‍ അംഗരാജ്യങ്ങള്‍ക്ക് അവസരമൊരുക്കുന്നു. ഈ വര്ഷം ലോക ആത്മഹത്യാ പ്രതിരോധ വര്‍ഷമായാണ് ആചരിക്കുന്നത്. ആത്മഹത്യ തടയുന്നതിനായി ഒന്നിക്കുക” എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 8 ലക്ഷം പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. യുവാക്കളും കുട്ടികളും വരെ ഈ വഴി തെരഞ്ഞെടുക്കുന്നു എന്ന വസ്തുത ഉത്കണ്ഠജനകമാണ്. 15-നും 19-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ പ്രധാന മരണഹേതു ആത്മഹത്യയാണ്‍ എന്ന് പഠനങ്ങള്‍ പറയുന്നു. അക്രമങ്ങള്‍, പരീക്ഷാപ്പേടി, പരാജയം, പ്രണയനഷ്ടം, ലൈംഗീക ചൂഷണം, സൈബര്‍ ലോകത്തെ പരിഹാസങ്ങളും ഭീഷണികളും ഇവയൊക്കെയാണ്‍  യുവതലമുറയെ വിഷാദക്കയങ്ങളിലേക്ക് തള്ളി വിടുന്നത്.
ആത്മഹത്യ തടയല്‍ ഒരു ആഗോള വെല്ലുവിളിയാണ്, അതിനു കൂട്ടായ പരിശ്രമം ഉണ്ടായേ തീരൂ. ആത്മഹത്യ എന്ന ഒരൊറ്റ  തീരുമാനം ആ വ്യക്തിയുടെ ജീവിതമില്ലാതാക്കുക മാത്രമല്ല ആ കുടുംബത്തിന്റെയാകെ മനസികാരോഗ്യത്തെ ഗുരുതരമായി അപകടപ്പെടുത്തുന്നു. ഇത് വിരല്‍ ചൂണ്ടുന്നത് ആത്മഹത്യ തടയുന്നതിനായി ഒന്നിക്കുക” എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തിയിലേക്കാണ്.  ഈ മുദ്രാവാക്യം, സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ മാനസിക ആരോഗ്യത്തിന് അര്‍ഹിക്കുന്ന പ്രധാന്യം നല്കാനും ആത്മഹത്യ തടയുന്നതിനെക്കുറിച്ച് ഗൌരവതാരമായി ചിന്തിക്കുവാനും അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു. സമൂഹം ആത്മഹത്യയെ  ഒരു മാനക്കേട് ആയി കണക്കാക്കുന്നതുകൊണ്ടു തന്നെ അത് മറച്ചു വയ്ക്കാനുള്ള പ്രവണത എല്ലാക്കാലത്തും ഉണ്ട്. എന്നിരുന്നാലും ആത്മഹത്യപ്രവണതകള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടി നമ്മള്‍ അതേക്കുറിച്ച് തുറന്നു സംസാരിക്കേണ്ടതുണ്ട്.
ആത്മഹത്യാ പ്രവണത സങ്കീര്‍ണമായ ഒരു സങ്കല്‍പ്പമാണ്‍. ഒരിയ്ക്കലും ജീവിതത്തിലെ ഒരു പ്രത്യേക സംഭവം ആയിരിക്കില്ല ആത്മഹത്യാപ്രവണതയ്ക്കുള്ള കരണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പലപ്പോഴും, ജീവിതം അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള അവസാന സംഭവം നേരത്തെതന്നെ തകര്‍ന്ന അവരുടെ മനസിന്നേല്‍ക്കുന്ന അവസാന പ്രഹരമായിരിക്കും. അനുദിനം ജീവിതത്തെ ദുരിതപൂര്‍ണം ആക്കിക്കൊണ്ട് കുന്നുകൂടുന്ന അനേകം അനുഭവങ്ങളുടെ ആത്യന്തിക ഫലമായിരിക്കും ആത്മഹത്യ. മരണത്തെ സ്വയം പുല്‍കാനുള്ള തീരുമാനമെടുക്കുന്നവരെല്ലാം ജീവിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ അല്ലെന്നു നമ്മള്‍ മനസിലാക്കണം. അവരുടേതായ പ്രശ്നങ്ങളില്‍ ഒരു തിരിച്ചുവരവ് സാധ്യമല്ലാത്തവിധം അകപ്പെട്ട്, മരണം മാത്രമാണ് പരിഹാരം അല്ലെങ്കില്‍ രക്ഷ എന്നു കണ്ടവരായിരിക്കും അവര്‍. ആത്മഹത്യ  ചെയ്തവരുടെ കുടുംബാംഗങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കാറുണ്ട്.
ഹതാശത, വേദന, മോഹഭംഗം, അങ്ങനെ നിരവധി ഋണാത്മക വികാരങ്ങളാല്‍ അടയാളപ്പെടുത്തുന്ന പദമാണ് ആത്മഹത്യ’. ഞെട്ടിപ്പിക്കുന്ന ഒന്ന്. മരണത്തെ സംബന്ധിക്കുന്നതായതുകൊണ്ട് അതിനെ അഭിമുഖീകരിക്കാന്‍ തന്നെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ അതാമഹത്യയെക്കുറിച്ച് വളരെ കുറച്ചുമാത്രമാണ് സംസാരിക്കുകയോ ചര്‍ച്ചചെയ്യുകയോ ചെയ്യുക. അതുകൊണ്ട് ആത്മഹത്യ പ്രവണതയുടെ സൂചനകള്‍ നമ്മള്‍ കാണാതെ പോകുന്നു. ഇതേക്കുറിച്ച് ഒരുപാട് കെട്ടുകഥകള്‍ പരക്കുവാന്‍ ഇടയാക്കുന്നു. ആത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള അബദ്ധധാരണകള്‍ മനസിലാക്കി തിരുത്തേണ്ടതുണ്ട്.


മിത്ത് 1: ആത്മഹത്യയെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവര്‍ അത് ചെയ്യില്ല ...
വസ്തുത: ആത്മഹത്യ ചെയ്യുന്ന പത്തില്‍ എട്ട് പേരും അതേക്കുറിച്ച് പല സൂചനകളും നല്‍കാറുണ്ട്. 

മിത്ത് 2: ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നതു ദുര്‍ബലരായ മനുഷ്യരുടെ മനസില്‍ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാക്കും.
വസ്തുത: ആത്മഹത്യയെക്കുറിച്ച് ചര്ച്ച ചെയ്യുന്നത് അതിനെക്കുറിച്ച് ആലോചിക്കുന്ന മനുഷ്യരെ സാന്ത്വനിപ്പിക്കുകയാണ് ചെയ്യുക. ആരെങ്കിലുമൊക്കെ അവരെ മനസിലാക്കുന്നുണ്ട് എന്നും അവരെക്കുറിച്ചു ശ്രദ്ധിക്കുന്നുണ്ട് എന്നും അവര്‍ക്ക് തോന്നുവാന്‍ ഇത് കാരണമായേക്കാം. സഹായത്തിന് വേണ്ടിയുള്ള അവരുടെ വിളിയ്ക്കു ഒരു മറുപടി ഉണ്ടാകും എന്ന ഒരു പ്രതീക്ഷ പകര്‍ന്നു നല്‍കലാകും ഇത്.

മിത്ത് 3: ഭീരുക്കള്‍ക്കുള്ള പാത തെരഞ്ഞെടുക്കുന്ന സ്വാര്‍ഥരായ മനുഷ്യരാണ്‍ ആത്മഹത്യ ചെയ്യുന്നത്.
വസ്തുത: സഹനസീമകള്‍ക്കപ്പുറമുള്ള ദുരിതവും മനോവേദനയും അനുഭവിക്കുന്നവരാണ് ആത്മഹത്യ ചെയ്യുന്നത്.  നിസ്സഹായതയുടെ നിലയില്ലാക്കയങ്ങളില്‍ പെട്ട് പോയതായി അനുഭവപ്പെടുന്ന അവര്‍ക്ക് യുക്തിപരമായി ചിന്തിക്കാന്‍ കഴിയില്ല. ആത്മഹത്യ അവര്‍ക്ക് ഒരു തെരഞ്ഞെടുപ്പ് അല്ല അവസാന ആശ്രയമാണ്.

മിത്ത് 4: ഒരിക്കല്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് വീണ്ടും അത് ചെയ്തു പൂര്‍ത്തിയാക്കാനുള്ള പ്രവണത ഉണ്ടാകും.
വസ്തുത: നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള മാനസിക വ്യഥ അനുഭവിക്കുന്നവര്‍ ആണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. അസ്വസ്ഥമായ മനസാണ് അവരെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള ശേഷിയെയാണ് അത് ബാധിക്കുന്നത് ജീവിതാസക്തിയെയല്ല. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിന് ശേഷവും ഒരാള്‍ക്ക് സന്തോഷകരവും ആരോഗ്യകരവും വിജയകരവുമായ ഒരു ജീവിതം നയിക്കാനാകും.

മിത്ത് 5: ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്ന മനുഷ്യര്‍ക്കൊക്കെ മാനസിക രോഗമുണ്ട്
വസ്തുത: മാനസിക രോഗമുള്ള എല്ലാവരും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാറില്ല എന്നും ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നവരെല്ലാം മനോരോഗികള്‍ അല്ല എന്നുമാണ്‍ പഠനങ്ങള്‍ തെളിയിക്കുന്നത്.

മിത്ത് 6: ആത്മഹത്യ അതി ധനികര്‍ക്കും അതി ദരിദ്രര്‍ക്കും ഇടയില്‍ മാത്രമുള്ള ഒരു പ്രതിഭാസമാണ്.
വസ്തുത: ആത്മഹത്യാപ്രവണതയും സാമ്പത്തികനിലയും തമ്മില്‍ ബന്ധമൊന്നുമില്ല.

മിത്ത് 7: ആത്മഹത്യശ്രമത്തില്‍ പരാജയപ്പെട്ടവര്‍ നാണക്കേടും പശ്ചാത്തപവും മൂലം വീണ്ടുമൊരിക്കല്‍ കൂടി അതിനു ശ്രമിക്കില്ല.
വസ്തുത: ആദ്യ ശ്രമത്തിന് ശേഷമുള്ള മൂന്നു മാസം വളരെ പ്രധാനമാണ്. വീണ്ടും ഒരു ശ്രമം നടത്തിയേക്കാം.

ആത്മഹത്യാപ്രവണതയുടെ ലക്ഷണങ്ങള്‍
നീണ്ട കാലത്തെ ദുഖവും നിരാശയും. വളരെ ഗൌരവ സ്വഭാവത്തോടെയോ, ചിന്താമഗ്നനായോ മാത്രം കാണപ്പെടുക.  വിദ്യാഭ്യാസ രംഗത്തെ പരാജയം, ബന്ധങ്ങളില്‍ ഉണ്ടായ പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ നഷ്ടം, ആക്സിഡന്‍റ് തുടങ്ങിയ ബാഹ്യ കാരണങ്ങളുമാകാം. 

ശ്രദ്ധിക്കേണ്ട സ്വഭാവ മാറ്റങ്ങള്‍
ഒരു വ്യക്തി എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കാന്‍ ആരംഭിക്കുക, സാമൂഹിക ബന്ധങ്ങളില്‍ നിന്ന്  ഒഴിഞ്ഞു നില്‍ക്കുക, പണ്ട് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങളില്‍ തല്‍പര്യം നഷ്ടപ്പെടുക, വേഷഭൂഷകളില്‍ ശ്രദ്ധ ചെലുത്താതിരിക്കുക, മദ്യപാനം, മയക്കുമരുന്ന്, അശ്രദ്ധ, അപകടകരമായ അല്ലെങ്കില്‍ സാഹസികമായ പെരുമാറ്റങ്ങള്‍, സ്വന്തം സുരക്ഷയില്‍ ശ്രദ്ധിക്കാതിരിക്കുക, എല്ലാവരോടും വിടപറയുന്നതുപോലെ ഉള്ള ഹൃസ്വദൂര പരിപാടികളില്‍ ശ്രദ്ധിയ്ക്കുക, വിലപിടിപ്പുള്ള സാധനങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്കുക, വില്‍പ്പത്രം എഴുതുക, ആത്മഹത്യാക്കുറിപ്പ് എഴുതുക എന്നിങ്ങനെ...

നമുക്ക് ആത്മഹത്യ തടയാനാകുമോ?
            ജീവിതം അവസാനിപ്പിക്കണം എന്നു പറയുന്ന ഒരാളെ ഗൌരവമായി പരിഗണിക്കുക എന്നത് പ്രധാനമാണ്. ആത്മഹത്യാപ്രവണതയുടെ സൂചനകള്‍  കണ്ടെത്തി യഥാസമയം ഇടപെടേണ്ടത് അത്യാവശ്യമാണ്. പരിചയത്തിലുള്ള അര്‍ക്കെങ്കിലും ആത്മഹത്യപ്രവണത ഉണ്ടെന്ന് തോണിയാല്‍ അവരോടു അത് നേരിട്ടു ചോദിക്കേണ്ടതാണ്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് തന്നെ കേള്‍ക്കാന്‍ തയ്യാറുള്ള ഒരാളുടെയെങ്കിലും സാമീപ്യം അനിവാര്യമാണ്. അവരുടെ ഇരുണ്ട ചിന്തകളെക്കുറിച്ച് കേള്‍ക്കാന്‍ തയ്യാറായി, അവര്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ സൃഷ്ടിക്കേണ്ടതാണ്.

ആത്മഹത്യ ശ്രമത്തില്‍ നിന്ന് രക്ഷപെട്ടു വന്നവരുടെ മാനസികാവസ്ഥ.
നിര്‍വികാരതയുടെ ഒരു ചെറിയ ഘട്ടത്തിന് ശേഷം അതാമഹത്യയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ഒരു ആശയക്കുഴപ്പവും അവരോടു തന്നെ ദേഷ്യവും കുറ്റബോധവും ഒക്കെ ആയിരിയ്ക്കും. “ഇനി എന്തു?’ എന്ന ചോദ്യം അവരുടെ മനോ വേദനയ്ക്ക് ആക്കം കൂട്ടും. അങ്ങനെയൊരു ദുര്‍ബലഘട്ടത്തില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വലിയ അനുഗ്രഹമായിരിക്കും.  അങ്ങനെയുള്ള ഒരാള്‍ക്ക് നിരുപാധികമായ  പിന്തുണ നല്കുക പ്രധാനമാണ്‍. അവരോടു ദേഷ്യപ്പെടുകയോ കുറ്റപ്പെടുത്തുകയോ അവര്‍ക്ക് നേരെ വിരല്‍ ചൂണ്ടുകയോ ചെയ്യുന്നത് ഒന്നിന്നും പരിഹാരമാകില്ല.

ആത്മഹത്യ ചെയ്ത വ്യക്തിയുടെ കുടുംബാംഗങ്ങളുടെ മനോനില
ഏറെ പ്രിയപ്പെട്ട ഒരാളെ ഒരു ആക്സിഡന്‍റില്‍ നഷ്പ്പെടുന്നതുപോലെ തന്നെ വേണ്ടപ്പെട്ട ആത്മഹത്യയും  ഞെട്ടിപ്പിക്കുന്നതും, അവിശ്വസനീയവും, ഹൃദയഭേദകവും ആയിരിയ്ക്കും. “ഒരു പക്ഷേ അയാള്‍ക്ക് ഞാന്‍ വേണ്ടത്ര സ്നേഹമോ പരിഗണനയോ നല്‍കിയില്ലായിരുന്നിരിക്കാം. തെറ്റ് എന്റേതായിരിക്കാം” എന്ന തരത്തില്‍ ഉള്ള ഒരു കുറ്റബോധമോ പരാജയബോധമോ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായേക്കാം. മരിച്ച ആളോടു ദേഷ്യവും തോന്നാം. ആകെ ആശയക്കുഴപ്പത്തിലായിരിക്കും അവര്‍; അസ്വസ്ഥരും. ഈ സമയത്ത് ആണ് നഷ്ടം സംഭവിച്ച ദുഖിതരായ കുടുംബാംഗങ്ങള്‍ക്ക് വൈകാരിക പിന്തുണ ആവശ്യമായി വരിക; അവരുടെ ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരാളെ. അവരെ വെറുതെ ഉപദേശിക്കാതെ, പിന്തുണയും സഹായവും നല്‍കുന്ന ഒരാളെ. നമ്മുടെ സമൂഹത്തില്‍ ഈയൊരു ഇടവും പിന്തുണയും നല്‍കുന്നത് വളരെ പ്രധാനമായ കാര്യമാണ്. അത് നല്കാന്‍ നമുക്ക് കഴിയും, നല്‍കിയേ മതിയാകൂ.

ഹെല്പ് ലൈന്‍ നമ്പര്‍: 8422984628/29/30
(എല്ലാ ദിവസവും ഉച്ചകഴിഞ്ഞു  3-മുതല്‍ രാത്രി 9 മണി വരെ)
Samaeitans.helpline@gmail.com
Talk2samaritans@gmail.com

www.samaritansmumbai.com

ചോര വാർന്ന് ജനാധിപത്യം

Monday, August 12, 2019 0 comments

CreditAtul Loke for The New York Times

അത്യന്തം നടകീയവും രഹസ്യാത്മകവുമായിരുന്നു നീക്കങ്ങൾ. ജമ്മു-കശ്മീരിനെ ഭൂപടത്തിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു. കുറച്ചു ദിവസങ്ങളായി കശ്മീരിൽ വൻ സൈനീക നീക്കങ്ങൾ നടക്കുകയായിരുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ സൈനീക വിന്യാസസാന്ദ്രത ഉള്ള പ്രദേശമാണ് കശ്മീർ. 10 പേർക്ക് ഒരു സൈനികൻ. അമർനാഥ് തീർഥയാത്രപോലും റദ്ദാക്കി കാശ്മീരികൾ അല്ലാത്തവരെ തിരികെ വിളിച്ചു. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ തടവിലാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ഫോണ്, തുടങ്ങി എല്ലാ വാർത്ത വിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഒരു സംസ്ഥാനത്തെ മുഴുവൻ ബന്ധനസ്ഥമാക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഇതാ ചരിത്രപരമായ മൂന്നു തീരുമാനങ്ങൾ എടുത്തിരിക്കുന്നു. (1) ഒരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനുള്ള നിലം ഒരുക്കുന്നു. (2) ജമ്മു-കശ്മീർ സംസ്ഥാനം വിഭജിച്ച്, ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നു. (3) മറ്റൊരു പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നു.

ഈ മാറ്റങ്ങൾ കൊണ്ടു വന്ന രീതി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം സുപ്രധാനമായ ഒരു ബില്ല് അവതരിപ്പിക്കുന്ന വിവരം ആഗസ്ത് 5-ലെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. അവസാന നിമിഷം ലിസ്റ്റ് മാറ്റി, ഇതുകൂടി ചേർക്കുകയായിരുന്നു. ബില്ല് പൊതുജനങ്ങൾക്കോ, പാര്ലമെന്റങ്ങൾക്കോ പരിശോധനക്കായി നൽകിയിരുന്നില്ല. കേരളത്തിലെയോ, തമിഴ്നാട്ടിലെയോ ഒക്കെ എല്ലാ രാഷ്ട്രീയക്കാരെയും തടവിലാക്കി, നാട്ടിലെ എല്ലാ വാർത്ത വിനിമയ മാർഗങ്ങളും ഇല്ലാതാക്കി, പെട്ടെന്നൊരു ദിവസം സംസ്ഥാനങ്ങൾ ഇല്ലാതാക്കി ചെറു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയുന്നുണ്ടോ?

ലോകത്തിൽ ഒരു രാജ്യവും സ്വന്തം ജനതയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിച്ചിട്ടില്ല. കശ്‌മീർ മറ്റൊരു കൊസോവോയോ, കിഴക്കൻ തിമോറോ, തെക്കൻ സുഡാനോ ആയി തീരരുത് എന്നാണ് നമ്മുടെ ആഗ്രഹം. കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും വിശ്വാസത്തിലെടുക്കാതെ എന്തു പ്രശ്നപരിഹാരമാണ് നിങ്ങൾ ഉണ്ടാക്കുക?

കാശ്മീരിനെക്കുറിച്ച് പറയുമ്പോൾ അൽപ്പം ചരിത്രം പറയാതെ വയ്യ. 1947 ആഗസ്ത് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കശ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. ഇന്ത്യക്കും പാകിസ്താനുമിടയിലെ മറ്റനേകം നാട്ടു രാജ്യങ്ങൾക്കൊപ്പം ഒരു നാട്ടുരാജ്യം മാത്രമായിരുന്നു. നാട്ടുരാജ്യങ്ങൾക്ക് ഏതെങ്കിലും ഒരു യൂണിയനിൽ ലയിക്കുവാനോ, സ്വതന്ത്ര രാജ്യമായി നിലനിൽക്കുവാനോ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. കശ്മീരിലെ രാജാവ് ഹരി സിംഗ് സ്വതന്ത്ര രാജ്യമാണ് ആഗ്രഹിച്ചത്. എന്നാൽ നിനച്ചിരിക്കാതെ ഉണ്ടായ പാകിസ്താനി അധിനിവേശം അദ്ദേഹത്തെ മാറ്റി ചിന്തിപ്പിച്ചു. പഠാണികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യൻ സഹായം തേടി. അങ്ങനെ 1947 ഒക്ടോബർ 27-ന് ലയന ഉടമ്പടി ഒപ്പ് വച്ചു. അതനുസരിച്ച് കാശ്മീരിന് സ്വന്തമായി പതാകയും ഭരണഘടനയും ഉണ്ടായിരിക്കും. പ്രതിരോധം, വിദേശകാര്യം, വർത്താവിനിമയം എന്നീ മേഖലകളിൽ മാത്രമേ ഇന്ത്യൻ പാർലമെന്റിന് കശ്മീരിനെ സംബന്ധിച്ച നിയനിര്മാണം നടത്താനാകൂ. മാത്രവുമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ത്യൻ ഭരണഘടന ഏതെങ്കിലും തരത്തിൽ അംഗീകരിക്കാൻ കശ്മീർ നിര്ബന്ധിതമാവുകയുമില്ല. 

ഈ ലയന ഉടമ്പടിയുടെ ഭാഗമായി വന്നതാണ് ആർട്ടിക്കിൾ 370. അല്ലാതെ കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ അല്ല അത്. അഥവാ ഈ അവകാശങ്ങൾ ഇല്ലാതെ കശ്മീർ ഇന്ത്യയുടെ ഭാഗം ആകുമായിരുന്നില്ല. ആർട്ടിക്കിൾ 370 ഭരണഘടനയുടെ ഭാഗമാക്കുന്നതിലൂടെ കശ്മീരി ജനതയുടെ അഭിലാഷം അംഗീകരിച്ചു കൊടുക്കുകയാണ് ഇന്ത്യയുടെ ഭരണഘടനാ നിർമാണ സമിതി ചെയ്തത്. ഭരണഘടനയുടെ 11-ആം ഭാഗത്ത്‌ 'താത്കാലിക' വകുപ്പുകൾക്കൊപ്പം ആണ് ആർട്ടിക്കിൾ 370 ചേർത്തിരിക്കുന്നത്. എന്നിരുന്നാലും മേൽ വകുപ്പ് താത്കാലികമല്ല എന്നും ഒരു സ്‌ഥിര വകുപ്പ് ആണെന്നും സുപ്രീം കോടതിയുടെ 5 അംഗ ഭരണഘടനാ ബഞ്ച് 1959-ൽ വിധിച്ചിട്ടുണ്ട്. (പ്രേം നാഥ് കൗൾ vs സ്റ്റേറ്റ് ഓഫ് ജമ്മു-കശ്മീർ, 1959). ആർട്ടിക്കിൾ 370 വഴി ലയന ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങളെ സംബന്ധിച്ച ഏതൊക്കെ ഇന്ത്യൻ നിയമങ്ങളാണ് കാശ്മീരിന് ബാധകമാവുക എന്ന് കശ്മീർ ഗവണ്മെന്റിന്റെ/ ഭരണഘടനാ നിര്മാണസഭയുടെ അനുമതിയോടെ പ്രസിഡന്റിന് ഒരു ഉത്തരവ് പുറപ്പെടുവിക്കാം. 
കശ്മീരിനെ സംബന്ധിച്ച് ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതികൾ വരുത്താം. 

ആർട്ടിക്കിൾ 370(3) അനുസരിച്ച് ഇന്ത്യൻ പ്രസഡന്റിന് ഒരു ഉത്തരവ് വഴി ആർട്ടിക്കിൾ 370 റദ്ദാക്കാൻ കഴിയും. പക്ഷെ അതിന് കശ്മീർ ഗവണ്മെന്റിന്റെ സമ്മതം പോരാ, കോൻസ്റിറ്റുവൻറ് അസ്സംബ്ലി അഥവാ ഭരണഘടനാ നിർമാണ സമിതിയുടെ അനുമതി വേണം. എന്നാൽ ഭരണഘടനാ നിർമാണ സഭയാകട്ടെ ആർട്ടിക്കിൾ 370 റദ്ദാക്കാൻ നിർദ്ദേശങ്ങൾ ഒന്നും നൽകാതെ 1957 ഫെബ്രുവരി 26-ന് പിരിച്ചു വിടുകയും ചെയ്തു. അതായത് ഇനി ഇന്ത്യൻ രാഷ്ട്രപതിയ്ക്ക് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഉത്തരവ് ഇറക്കാനാകില്ല എന്നു സാരം. അതുകൊണ്ടാണ് 1959-ൽ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചു ഈ വകുപ്പ് താത്കാലികമല്ല, സ്ഥിരസ്വഭാവമുള്ളതാണ് എന്നു വിധി എഴുതിയത്.


ഇന്ത്യൻ ഭരണഘടനാ നിർമാണ സഭയിൽ ആർട്ടിക്കിൾ 370-ന്റെ കരട് അവതരിപ്പിച്ച ഗോപാലസ്വാമി അയ്യങ്കാർ 1949 ഒക്ടോബർ 17-ന് ഇക്കാര്യം സഭയിൽ വ്യക്തമാക്കുന്നുണ്ട്. "370(3) പ്രകാരം ആർട്ടിക്കിൾ 370 റദ്ദാക്കണമെങ്കിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭയുടെ നിർദ്ദേശം ഉണ്ടാകണം. ആർട്ടിക്കിൾ 368 വഴി, ഭരണഘടനാ ഭേദഗതിയിലൂടെയും ഇതു സാധിക്കില്ല. കാരണം ഇന്ത്യൻ ഭരണഘടനയിലെ ഭേദഗതികൾ കാശ്മീരിന് ബാധകമാകണമെങ്കിൽ ആർട്ടിക്കിൾ 370 അനുസരിച്ച് പ്രസിഡൻഷ്യൽ ഉത്തരവുണ്ടാകണം. അത് സംസ്ഥാന ഭരണഘടന നിർമാണ സഭയുടെ അംഗീകാരവും വേണം". സർദാർ വല്ലഭായി പട്ടേൽ, ജവഹർലാൽ നെഹ്റു, ഗോപാല സ്വാമി അയ്യങ്കാർ എന്നിവരാണ് 370ന്റെ ശിൽപികൾ.

ആഗസ്ത് 5-ന് ഇറക്കിയ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ഈ കോടതി വിധി മറികടക്കാനുള്ള ശ്രമമാണ് ഗവണ്മെന്റ് നടത്തിയത്. പ്രസിഡൻഷ്യൽ ഉത്തരവ് നം. 272 യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370 റദ്ദു ചെയ്യുന്നതല്ല. അതിന് 370(3) പ്രകാരം ഉത്തരവ് ഉണ്ടാകണം. എന്നാൽ ഉത്തരവ് 272 ആർട്ടിക്കിൾ 370(1) അനുസരിച്ചാണ് ഇറക്കിയിരിക്കുന്നത്. കശ്മീരിനെ സംബന്ധിച്ച ഭരണഘടനാ വകുപ്പുകൾ കശ്മീർ ഗവണ്മെന്റിന്റെ നിർദ്ദേശപ്രകാരം ഭേദഗതി ചെയ്യാൻ രാഷ്ട്രപതിയെ അനുവദിക്കുന്നതാണ് ഈ വകുപ്പ്. 

പ്രസിഡൻഷ്യൽ ഉത്തരവ് 272, ആർട്ടിക്കിൾ 370(1) പ്രകാരം ആർട്ടിക്കിൾ 367 ഭേദഗതി ചെയ്യുന്നതായിരുന്നു. 370(1) അനുസരിച്ച് ആർട്ടിക്കിൾ ഒന്നും ആർട്ടിക്കിൾ 370ഉം ഒഴികെ മറ്റെല്ലാ വകുപ്പുകളും ഭേദഗതി ചെയ്യാം. ആ അധികാരം ഉപയോഗിച്ചുകൊണ്ട് ആർട്ടിക്കിൾ 367 (വ്യാഖ്യാനങ്ങളെ സംബന്ധിക്കുന്ന വകുപ്പ്) ഭേദഗതി ചെയ്ത് 367 (4)എ, ബി, സി , ഡി എന്നിവ കൂട്ടിച്ചേർത്തിരിക്കുന്നു. 

1. ഭരണ ഘടനയിൽ മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന സദർ-ഇ-റിസായത് എന്നു പറയുന്നതിന്റെ അർത്ഥം ഇനി മുതൽ ജമ്മു-കശ്മീർ ഗവർണർ എന്നായിരിക്കും

2. സംസ്ഥാന ഗവണ്മെന്റ് എന്നു പറഞ്ഞാൽ അത് സംസ്ഥാനത്തിന്റെ ഗവർണർ എന്നായിരിക്കും അര്ഥമാക്കുക.

3. ആർട്ടിക്കിൾ 370(3)-ലെ "കോൻസ്റിറ്റുവൻറ് അസംബ്ലി' എന്നത് ഇനി മുതൽ 'ലെജിസ്ളേറ്റീവ് അസംബ്ലി' എന്നായിരിക്കും.

ആർട്ടിക്കിൾ 370(1) വഴി ആർട്ടിക്കിൾ 370 ഇല്ലാതാക്കാനാകില്ല. 370(3) വഴിയേ അതു സാധ്യമാകൂ. അതിനു പക്ഷെ constituent assembly (സംസ്ഥാന ഭരണഘടനാ നിർമാണ സമിതി) യുടെ അനുമതി വേണം. ഭരണ ഘടന നിർമാണ സമിതി 1950-ൽ പിരിച്ചു വിട്ടതാണ്. അതുകൊണ്ടു തന്നെ ഇനി അതിന്റെ അനുമതി ലഭ്യമാകില്ല. അതുകൊണ്ട് 370 ഒരു സ്ഥിര വകുപ്പ് ആണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. അതു മറികടക്കാനാണ് അവിടെ legislative assembly (നിയമനിർമാണ സഭ) എന്നു തിരുത്തിയത്.

പക്ഷേ, ഇവിടെ ഗുരുതരമായ മറ്റു നിയമപ്രശ്നങ്ങൾ ഉണ്ട്. ആദ്യമായി ഉത്തരവ് തുടങ്ങുന്നത് തന്നെ 'സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തോടെ പ്രസിഡന്റ് ഇറക്കുന്ന ഉത്തരവ്' എന്നാണ്. അങ്ങനെയേ പ്രസിഡന്റിന് ഉത്തരവിടാൻ കഴിയൂ. പക്ഷെ, ഇവിടെ സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതം എവിടെയാണ്? മാസങ്ങളായി സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലാണ്. ഭരണഘടനാപ്രകാരം മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഗവർണറാണ് സമ്മതം നൽകേണ്ടത്. ഇത് ഒഴിവാക്കാൻ വേണ്ടി മാത്രം കശ്മീരിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടത്താതിരുന്നു എന്നല്ലേ നാം കരുതേണ്ടത്? കേന്ദ്ര ഗവണ്മെന്റിന്റെ ഇച്ഛ നടപ്പിലാക്കാൻ കേന്ദ്ര ഗവണ്മെന്റിന്റെ തന്നെ സമ്മതം വാങ്ങിയെന്നാണോ ഇതിന്റെ അർത്ഥം? അങ്ങനെ തന്നെ ആവണമെങ്കിൽ പോലും ഈ പ്രസിഡൻഷ്യൽ ഉത്തരവ് വഴി നടപ്പിലാക്കാൻ ശ്രമിക്കുന്ന ആർട്ടിക്കിൾ 367 ലെ ഭേദഗതി വഴി മാത്രമേ സാധിക്കൂ. ഉത്തരവ് ഇറക്കുമ്പോൾ ആർട്ടിക്കിൾ 367 ഭേദഗതി ചെയ്തിട്ടില്ല, അപ്പോൾ സംസ്ഥാന ഗവണ്മെന്റിന്റെ സമ്മതത്തിനു പകരം ഗവർണറുടെ സമ്മതം മതിയാകില്ല. ഉത്തരവ് ഇറക്കാതെ 367 ഭേദഗതി ചെയ്യാനും കഴിയില്ല. 

മാത്രവുമല്ല 367(4)ഡി യിൽ സംസ്ഥാന ഭരണഘടനാ നിർമാണ സഭ എന്നാൽ സംസ്ഥാന നിയമസഭാ എന്ന് അര്ഥമാക്കണം എന്നു ചേർത്തിരിക്കുന്നു. ഇത് ഫലത്തിൽ ആർട്ടിക്കിൾ 370 (3) വകുപ്പ് ഭേദഗതി ചെയ്യുന്നതിന് തുല്യമാണ്. എന്നാൽ ആർട്ടിക്കിൾ 370(1) വഴി ആർട്ടിക്കിൾ 1-ഉം ആർട്ടിക്കിൾ 370-ഉം ഭേദഗതി ചെയ്യാൻ കഴിയില്ല എന്ന് 370(1) വായിച്ചു നോക്കിയാൽ ആർക്കും ബോധ്യപ്പെടും. ഇവിടെ പിൻവാതിലിലൂടെ അതിനെ മറികടക്കാൻ ശ്രമിക്കുകയാണ് ഗവണ്മെന്റ്. നേരിട്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ പരോക്ഷമായി ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതുകൊണ്ടൊക്കെ തന്നെ പ്രസിഡൻഷ്യൽ ഉത്തരവ് 272 നിയമവിരുദ്ധമാണ്, ഭരണഘടനാ വിരുദ്ധമാണ്. സുപ്രീംകോടതി എത്രയും വേഗം ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്തുമെന്ന് നമുക്ക് കരുതാം.

CreditAtul Loke for The New York Times
യഥാർത്ഥത്തിൽ ആർട്ടിക്കിൾ 370(1) അനുസരിച്ചുള്ള ഉത്തരവുകൾക്കുപോലും ഭരണഘടനാ നിർമാണ സമിതിയുടെ അനുമതി ആവശ്യമാണ് എന്ന് എ. ജി. നൂറാണിയെപ്പോലെ ഉള്ള വിദഗ്ധർ പറയുന്നു. ഗവണ്മെന്റിന്റെ സമ്മതം എന്നത് ഭരണഘടനാ നിർമാണ സമിതി രൂപീകരിക്കുന്നതുവരെയുള്ള ഒരു താത്ക്കാലിക ആനുകൂല്യം മാത്രമായിരുന്നു. അതായത് ഭരണഘടന നിർമാണ സമിതി പിരിച്ചു വിട്ടതിനു ശേഷം ആർട്ടിക്കിൾ 370 പ്രകാരം പ്രസിഡൻഷ്യൽ ഉത്തരവുകൾ നിയമപരമല്ല. 1957 വരെ ഈ തത്വം പാലിക്കപ്പെട്ടിരുന്നു. 1950, 1952, 1954 പ്രസിഡൻഷ്യൽ ഉത്തരവുകൾ ഭരണഘടനാ നിർമാണ സമിതിയുടെ അനുമതിപ്രകാരമാണ് ഇറങ്ങിയത്. ഇതിൽ 1954-ലെ ഉത്തരവ് പ്രകാരമാണ് ആർട്ടിക്കിൾ 35എ ഭരണഘടനയുടെ ഭാഗമായത്. 

അതിനു ശേഷം ഏകദേശം നാൽപ്പതോളം ഉത്തരവുകൾ ഇറങ്ങി. 1968-ൽ സുപ്രീംകോടതി ആ ഉത്തരവുകൾ ശരിവച്ചു. എന്നാൽ ആ കേസിൽ 1959ലെ ഭരണഘന ബഞ്ചിന്റെ വിധിയുൾപ്പടെ പല സുപ്രധാന കാര്യങ്ങളും പരിഗണിച്ചിരുന്നില്ല. ഏതായാലും ഇന്ന് കേന്ദ്ര ലിസ്റ്റിലെ 97-ൽ 96 കാര്യങ്ങളും, കണ്കറന്റ് ലിസ്റ്റിലെ 47-ൽ 26-ഉം ഭരണഘടനയുടെ 395 ആർട്ടിക്കിലുകളിൽ 260-ഉം കാശ്മീരിനും ബാധകമാണ്. അതായത് ഫലത്തിൽ കശ്മീരിന്റെ ലയനകാലത്ത് വിഭാവനം ചെയ്ത സ്വയം ഭരണാവകാശത്തെ ക്രമേണ ദുര്ബലപ്പെടുത്താനാണ് ആർട്ടിക്കിൾ 370 ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ആർട്ടിക്കിൾ 370 ഇന്ത്യൻ ഭരണഘടനയും കാശ്മീരും തമ്മിലുള്ള തുരങ്കം ആയിരുന്നു.  ഇന്ത്യൻ യൂണിയനെ നിർവചിക്കുന്ന ആർട്ടിക്കിൾ (1)-ൽ കാശ്മീരും വരുമെങ്കിലും ആർട്ടിക്കിൾ 370(1)സി ശ്രദ്ധിക്കുക, ആർട്ടിക്കിൾ ഒന്ന് കാശ്മീരിന് ബാധകമാകുന്നത് തന്നെ ഈ വകുപ്പ് വഴിയാണ് എന്നു കാണാം. [370(1)(c) the provisions of Article 1 and of this article shall apply in relation to that State;]. അതുകൊണ്ടാണ്, കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തുടരണം എന്നതുകൊണ്ടാണ് കശ്മീർ നിയമനിർമാണ സമിതി ആർട്ടിക്കിൾ 370 റദ്ദു ചെയ്യാൻ ആവശ്യപ്പെടാതെ തന്നെ പിരിച്ചു വിട്ടത്. അതില്ലാതാവുകയെന്നാൽ കശ്മീർ ഇന്ത്യയ്ക്ക് അന്യമാവുകയെന്നാണ്. ഒരുപക്ഷേ കശ്മീർ നമുക്ക് എന്നന്നേക്കുമായി നഷ്ടമാകാൻ ആയിരിക്കാം ഈ നീക്കം വഴിവയ്ക്കുക. 

ആഗസ്ത് 6-ന് ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡൻഷ്യൽ ഉത്തരവും ഇറങ്ങിയിരിക്കുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 370(3) അനുസരിച്ച് ഇറങ്ങിയ ഉത്തരവ് നം.273.

ഒറ്റ നോട്ടത്തിൽ തന്നെ അപഹാസ്യമായ ഉത്തരവ് ആണ് ഇത്. ആർട്ടിക്കിൾ 370(3) ന്റെ ടെക്സ്റ്റ് നോക്കുക:
(3) Notwithstanding anything in the foregoing provisions of this article, the President may, by public notification, declare that this article shall cease to be operative or shall be operative only with such exceptions and modifications and from such date as he may specify: Provided that the recommendation of the Constituent Assembly of the State referred to in clause ( 2 ) shall be necessary before the President issues such a notification.

അതായത് ജമ്മു-കശ്മീർ ഭരണഘടനാ നിർമാണ സഭയുടെ നിർദ്ദേശാനുസരണം മാത്രമേ 370 റദ്ദാക്കാൻ കഴിയൂ. അതു മറികടക്കാനാണ് കഴിഞ്ഞ ദിവസം ആർട്ടിക്കിൾ 367 ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവ് ആർട്ടിക്കിൾ 370(1) ഉപയോഗിച്ചുകൊണ്ട് ഇറക്കിയത്. (പ്രസിഡൻഷ്യൽ ഉത്തരവ് നം. 272). അതിൻപ്രകാരം 370(3)-ലെ സംസ്ഥാന ഭരണഘടനാ നിർമാണ സമിതി എന്നുള്ളത്‌ നിയമസഭാ എന്നു വായിക്കണമെന്ന് വന്നു (മുകളിൽ സൂചിപ്പിച്ചിരുന്നതുപോലെ പരോക്ഷമായി ആർട്ടിക്കിൾ 367 മാറ്റുക വഴി). അതു തെറ്റായ നടപടിയാണ്. വാദത്തിനു വേണ്ടി അതു ശരി എന്ന് കരുതുക, എങ്കിൽ പോലും ചുരുങ്ങിയ പക്ഷം സംസ്ഥാന നിയമസഭയുടെ നിർദ്ദേശമെങ്കിലും ആവശ്യമായിരുന്നു. ഇവിടെ പകരം പാർലമെന്റിന്റെ നിര്ദേശനുസരണമാണ് ഉത്തരവ്. അത് ഏത് നിയമം വഴിയാണ്?

പോരാത്തതിന്, കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് നം.272 ഇന്ത്യയിൽ ബാധകവുമല്ല. 370(1) വഴി കാശ്മീരിന് ബാധകമായ ഇന്ത്യൻ ഭരണഘടന മാത്രമാണ് ഒരു ഉത്തരവ് വഴി പ്രസിഡന്റിന് ഭേദഗതി ചെയ്യാൻ കഴിയുക. ആ ഭേദഗതി കാശ്മീരിന് മാത്രമാണ് ബാധകമാവുക. ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 367 ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ഇന്ത്യൻ ഭരണഘടനയിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ഭേദഗതി വരുത്താനുള്ള അധികാരം ഒന്നും പ്രസിഡന്റിനില്ല. അതിന് പാർലമെന്റിൽ ഒരു പ്രമേയം പാസാക്കിയാലും പോരാ. ഭരണഘടനാ ഭേദഗതി ആർട്ടിക്കിൾ 368 പ്രകാരം പാര്ലമെന്റാണ് ചെയ്യേണ്ടത്. അതിന് പാർലമെന്റിന്റെ ഇരു സഭകളിലും ബില്ലുകൾ അവതരിപ്പിച്ച് രണ്ടു സഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സ് ആക്കണം. (സംയുക്ത സമ്മേളനം നടത്തി പാസ്സാക്കാൻ കഴിയില്ല). അതിനു ശേഷം പകുതിയിലേറെ സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം. അതിന് ശേഷമേ ഭരണഘടനാ ഭേദഗതിയിൽ പ്രസിഡന്റിന് ഒപ്പ് വയ്ക്കാനാകൂ. അങ്ങനെ ഒരു ഭേദഗതി നടക്കാത്തിടത്തോളം കാലം ന്യൂഡൽഹിയെ സംബന്ധിച്ചിടത്തോളം ആർട്ടിക്കിൾ 367-ൽ ഒരു മാറ്റവും ഇല്ല. പിന്നെങ്ങനെ കഴിഞ്ഞ ദിവസത്തെ ഉത്തരവ് നം. 272 അനുസരിച്ച് ഇന്ന് ഉത്തരവ് നം.273 ഇറക്കാൻ കഴിയും? 

ഇനി അഥവാ ആർട്ടിക്കിൾ 368 മുഖേന ഭരണഘടനഭേദഗതി വരുത്തിയാൽ തന്നെ അത് ജമ്മു-കാശ്മീരിന് ബാധകമാകുകയുമില്ല. അങ്ങനെ ബാധകമകണമെങ്കിൽ സെക്‌ഷൻ 370(1) അനുസരിച്ച് കശ്മീർ ഭരണഘടനാനിര്മാണ സഭയുടെ അനുമതിയോടുകൂടി പ്രസിഡൻഷ്യൽ ഉത്തരവ് ഉണ്ടാകണം!

ആഗസ്ത് 5-ലെ പ്രസിഡൻഷ്യൽ ഉത്തരവ് നാം. 272 വഴി 'ജമ്മുകശ്മീറിന് ബാധകമായ ഭരണഘടനയിൽ' (സാങ്കേതികമായി അങ്ങനെ 2 ഭരണഘടന ഉണ്ട് ഇവിടെ: Constitution of India യും Constitution of India as applicable to J&K യും) വരുത്തിയ മാറ്റങ്ങൾ ഇന്ത്യൻ ഭരണഘടനയിലും വരുത്തി എന്നു കരുതുക. അപ്പോൾ സംസ്ഥാന ഗവണ്മെന്റ് എന്നാൽ ഗവർണർ എന്നായി മാറും. മന്ത്രിസഭയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന ഗവർണർ എന്നാൽ വെറുതെ 'ഗവർണർ' എന്നാവും. അതായത് കേന്ദ്രത്തിന്റെ നോമിനിയ്ക്ക് ജനഹിതമോ മന്ത്രിസഭയുടെ ഹിതമോ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം എന്തും നിർദ്ദേശിക്കാം എന്ന അവസ്ഥ വരും. ഫെഡറൽ സംവിധാനം ഇല്ലാതാകും. അങ്ങനെ നിയമപരമായും സാങ്കേതികമായും ധാര്മികമായും രാഷ്ട്രീയമായും ഒരു വലിയ തെറ്റിലേക്കാണ് രാജ്യം നീങ്ങുന്നത്... 

കശ്മീർ എന്നാൽ ഒരു ശിരസ്സുപോലെ ഇന്ത്യൻ ഭൂപടത്തിന് ആകാര ഭംഗി ഉറപ്പുവരുത്തുന്ന വെറും ചിത്രമല്ല എന്നും, അവിടെ ജീവിക്കുന്ന മനുഷ്യർ കൂടി ആണെന്നും തിരിച്ചറിയാതെയുള്ള ഒരു മാർഗവും പ്രശ്നപരിഹാരത്തിലേക്ക് നയിക്കില്ല. ഈ ലേഖനം തയ്യാറാക്കുന്നതിന് വേണ്ടി ഇന്നലെ പ്രധാനപ്പെട്ട കശ്മീരി ദിനപത്രങ്ങളുടെ വെബ്‌സൈറ്റ് ഞാൻ പരതിയിരുന്നു. ഇന്നലെ രാവിലെ വരെ പുതിയ വർത്തകളൊന്നും ഇല്ല. ഞായറാഴ്ചയാണ് അവസാനമായി അപ്‌ഡേറ്റ് ചെയ്തിരുന്നത്. അപ്പോൾ മുതൽ അവിടെ ഇന്റർനെറ്റ്, ലൻഡ്‌ലൈൻ, വൈദ്യുതി ഒക്കെ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവൻ കാശ്മീരിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നു. പഞ്ചാബിലും, ബംഗാളിലും കേരളത്തിലും ടെലിവിഷൻ സ്റ്റുഡിയോകളിൽ കശ്മീർ ആണ് ചർച്ചാ വിഷയം. കാശ്മീരികളാകട്ടെ, മൗനത്തിലാണ്. അവരുടെ കണ്ണും കാതും വായും മറക്കപ്പെട്ടിരിക്കുന്നു. സ്വന്തം നാടിനെക്കുറിച്ച് മറ്റുള്ളവർ തർക്കിക്കുമ്പോൾ, തീരുമാനമെടുക്കുമ്പോൾ, നിസ്സഹായരായി ഒന്നു ശബ്ദമുയർത്താൻ പോലുമാകാതെ അവർ ജീവിക്കുകയാണ്. ഇത്രകാലം അഖണ്ഡ ഭാരതത്തിനൊപ്പം നിന്ന, സമാധാനത്തിനുവേണ്ടി നിലകൊണ്ട, മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ പോലും തടങ്കലിൽ ആണ്. ലോകത്തെ ഏറ്റവും 'വലിയ' ജനാധിപത്യരാജ്യം എന്താണ് സ്വന്തം ജനതയോട് ചെയ്യുന്നത് എന്നു ലോകം ആശങ്കയോടെ ഉറ്റുനോക്കുന്നുകയാണ്. ജനാധിപത്യം ഈ താഴ്‌വരയിൽ ചോരവാർന്നു കിടക്കുന്നു.



(ഈ ലേഖനം മംഗലം ദിനപ്പത്രത്തിൽ ർണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.)


read more from P B Jijeesh at pbjijeesh.in


 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum