ഗവർണർ പദവി അനിവാര്യമാണോ?

Monday, December 2, 2019

 
 
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള ഗവർണർമാരുടെ ഭരണചരിത്രം പരതിയിട്ടുള്ളവർക്ക് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ ഒട്ടും അപരിചിതമായി തോന്നുകയില്ല. തന്നോടൊപ്പമുള്ള എം. എൽ. എ.-മാരുമായി ശരദ് പവാർ നടത്തിയ പ്രകടനം കണ്ടപ്പോൾ ഓർമവന്നത് 1984-ലെ എൻ. ടി. ആർ.-ന്റെ ചിത്രമാണ്. രോഗശയ്യയിലായിരുന്ന ആ മനുഷ്യൻ ഒരു വീൽ ചെയറിൽ 162  എം.എൽ.മാരെയും നയിച്ചുകൊണ്ട് രാജ് ഭവനിലേക്ക് നീങ്ങുന്ന ചിത്രം. ഇന്ദിരാഗാന്ധിയുടെ മൂക്കിന് കീഴെ രാം ലീലാ മൈതാനിയിൽ നടത്തിയ പ്രകടനം. അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരുടെ എണ്ണം എടുത്താൽ തന്നെ ഭരിക്കാൻ വേണ്ട ഭൂരിപക്ഷത്തിനേക്കാൾ 11 പേർ കൂടുതൽ ഉണ്ടായിരുന്നു എൻ.ടി.ആർ.-നൊപ്പം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചട്ടുകമായിരുന്ന അന്നത്തെ  ആന്ധ്രപ്രദേശ് ഗവർണർ രാം ലാലിന്റെ ചെയ്തികൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടായി. അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ മുൻപേജിൽ മുഖപ്രസംഗമെഴുതി. ബൈപ്പാസ് ശസ്ത്രക്രിയക്കായി മുഖ്യമന്ത്രി എൻ.ടി.ആർ. അമേരിക്കയിലായിരുന്ന സമയത്താണ് എൻ. ഭാസ്കര റാവുവിന്റെ സഹായത്തോടെ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സംസ്ഥാന ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള കരുക്കൾ നീക്കിയത്. 1984-ലെ സ്വാതന്ത്ര്യ ദിനത്തിലാണ് അതിന്റെ പര്യവസാനമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിനെ ഗവർണർ പിരിച്ചുവിട്ടത് എന്നത് ചരിത്രത്തിലെ വലിയ വൈരുധ്യങ്ങളിലൊന്നാണ്. ആഗസ്ത് 15-ന് രവികളെ 8:30-ന് തനിക്ക് ഭൂരിപക്ഷം ഉണ്ടെന്നു കാണിച്ച് ഭാസ്കര റാവു ഗവർണർക്ക് കത്തുകൊടുക്കുന്നു, ഉച്ചയോടെ അത് ഗവർണർ അംഗീകരിക്കുന്നു, 2  മാസം പ്രായമുള്ള എൻ.ടി.ആർ. മന്ത്രി സഭ പിരിച്ചുവിടുന്നു. പിറ്റേന്ന് ഭാസ്കര റാവുവിനെ മുഖ്യമന്ത്രിയാക്കി കോൺഗ്രസ്സ് പിന്തുണയോടെ പുതിയ ഗവണ്മെന്റ് അധികാരത്തിൽ വരുന്നു. പിന്നീട് പ്രൊ-ടൈം സ്പീക്കർ ആയിരുന്ന എൻ. ബഗ്ഗ റെഡ്ഢിയും ചേർന്ന് ജനാധിപത്യത്തെ പരിഹാസ്യമാക്കുന്ന ദിനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.   അതെ കാലഘട്ടത്തിൽ തന്നെയാണ് ജമ്മു കാശ്മീരിൽ ഫാറൂഖ് അബ്ദുല്ല മന്ത്രിസഭയെ ഗവർണർ ജഗ്മോഹനെ ഉപയോഗിച്ച് അട്ടിമറിക്കുന്നത്.

ഇത് ഇന്ദിരാഗാന്ധി കാലത്തെ മാത്രം പ്രതിഭാസമല്ല. രാജ്യത്തെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിൽ തന്നെ ആരംഭിച്ചതാണ്. 1952 -ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മദിരാശി സംസ്ഥാനത്തു ഭൂരിപക്ഷം ലഭിച്ചിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതൃത്വം കൊടുത്ത യുണൈറ്റഡ് ഡെമോക്രാറ്റിക്‌ ഫ്രണ്ട് (യു.ഡി. എഫ്. ) സഖ്യത്തെ ഗവണ്മെന്റ് രൂപീകരിക്കാൻ ക്ഷണിക്കാതെ കോൺഗ്രസിനെയാണ് ഗവർണർ ക്ഷണിച്ചത്. ഭൂരിപക്ഷമില്ലാത്ത മന്ത്രിസഭ ഉണ്ടാക്കുകയും പിന്നീട്   കുതിരക്കച്ചവടത്തിലൂടെ എതിർപക്ഷത്തു നിന്നും ജനപ്രതിനിധികളെ വിലക്കെടുക്കുകയും ചെയ്യുന്ന സമീപനത്തിന് അന്നേ തുടക്കം കുറിച്ചതാണ്. ഗവർണർ ശ്രീ പ്രകാശ, രാജാജിയെ ഗവണ്മെന്റ് രൂപീകരിക്കാൻ ക്ഷണിച്ചത് ഒരു വിഡ്ഢി  ദിനത്തിൽ ആയിരുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകമാണ്. തുടർന്ന്, 1959 - ൽ കേരള സർക്കാരിനെ അട്ടിമറിക്കുന്നത് മുതൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഒരാഴ്ച സമയം ചോദിച്ച യെദ്യൂരപ്പയ്ക്ക് 15 ദിവസം നൽകിയതും, തോറ്റ ബി.ജെ.പി. നേതാക്കന്മാരെ ജനപ്രതിനിധികളായി മന്ത്രിസഭയുടെ അറിവോ സമ്മതമോ ഇല്ലാതെ നാമനിർദ്ദേശം ചെയ്ത പുതുച്ചേരി ലഫ്റ്റനന്റ് ഗവർണറുടെ നടപടി, അരുണാചൽ പ്രദേശിൽ അവസാനം ഖാഖിലോ പുൽ-ന്റെ ആത്മഹത്യയിൽ കലാശിച്ച അധികാരവടംവലി, അങ്ങനെ ഗവർണർ എന്ന ഭരണഘടനാ പദവി ജനാധിപത്യ ഭരണഘടനാ പദ്ധതിയെ അപകടപ്പെടുത്തുകയും കേന്ദ്രം ഭരിക്കുന്നവരുടെ ചട്ടുകമായി മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്.

രാഷ്ട്രീയ ദുരുപയോഗമല്ലാതെ വേറെ ഏതെങ്കിലും ഒഴിവാക്കാനാകാത്ത ഭരണഘടനാ ചുമതലകൾ ഗവർണർ വഹിക്കുന്നുണ്ടോ എന്ന് സംശയമാണ്. മധ്യപ്രദേശ് ഗവർണറായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, ഉത്തർപ്രദേശ് ഗവർണർ ആയിരുന്ന  കെ.എം. മുൻഷി, സരോജിനി നായിഡു അങ്ങനെ പല പ്രമുഖരും ഗവർണർ എന്നത് അതിഥികളെ സ്വീകരിക്കാൻ മാത്രമുള്ള ഒരാലങ്കാരിക പദവി ആണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണർ ആയിരിക്കെ ശ്രീമതി. വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണെന്ന് പറയുകയുണ്ടായി. രാഷ്ട്രീയ നേതൃത്വത്തിൽ എൻ.ടി.ആർ ആണ് ഒരു ജനാധിപത്യക്രമത്തിൽ ഗവർണറുടെ പ്രസക്തി എന്താണെന്ന ചോദ്യം ഏറ്റവും ശക്തിയായി ഉന്നയിച്ചത്. അത് അദ്ദേഹത്തെ ഉപജാപത്തിലൂടെ പുറത്താക്കുന്നതിനും മുൻപായിരുന്നു താനും. ഇപ്പോൾ മഹാരാഷ്ട്രയിൽ അരങ്ങേറിയ രാഷ്ട്രീയ നാടകം ഈ ചോദ്യം വീണ്ടും ഉന്നയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ്.

ഗവർണർ ജനാധിപത്യമാതൃകയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പദവിയല്ല . കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയ്ക്ക് പ്രിയപ്പെട്ടവരായിരുന്ന ഉദ്യോഗസ്ഥരെയോ, ന്യായാധിപരെയോ, കണ്ടം ചെയ്യാറായ രാഷ്ട്രീയ നേതാക്കളെയോ പുനരധിവസിപ്പിക്കാനുള്ള ഒരു മാർഗം മാത്രമാണ് നിലവിൽ ഗവർണർ പദവി.  ഗവർണറെ പിരിച്ചു വിടുന്നതിന് കൃത്യമായ ചട്ടങ്ങൾ നിർവചിക്കപ്പെട്ടിട്ടില്ല. 1989-ൽ വി പി സിംഗ് അധികാരമേറ്റപ്പോൾ എല്ലാ ഗവർണർമാരെയും പിരിച്ചുവിടുകയുണ്ടായി.  2012-ൽ 14 ഗവർണർമാരെ ഒരുമിച്ചു മാറ്റാനുള്ള നീക്കവും നാം കണ്ടതാണ്. കേന്ദ്രത്തിന് അനഭിമതരായാൽ ഏതു നിമിഷവും പുറത്താക്കപ്പെടാവുന്ന സാഹചര്യമുണ്ട് ഗവർണർക്ക്. അതുകൊണ്ടുതന്നെ സ്വതന്ത്രമായ നിർവാഹികത്വം..

ഒരു ഫെഡറൽ ജനാധിപത്യ ഭരണത്തിൽ ഇത്തരം പദവിയുടെ പ്രസക്തി എന്താണ് എന്ന ചോദ്യത്തിനുത്തരം തേടിയാൽ നാം ചെന്നെത്തുക 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിലാണ് . ഇന്ത്യയിൽ ശക്തമായി ഉയർന്നു വന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഫലമായി പരിമിത ജനാധിപത്യ പങ്കാളിത്തം പ്രവിശ്യാ തലത്തിൽ ഇന്ത്യക്കാർക്ക് കൊടുക്കുവാൻ ബ്രിട്ടീഷുകാർ തയ്യാറാക്കിയ നിയമം. അതുപ്രകാരം പ്രവിശ്യകളിൽ പരിമിതമായ വോട്ടവകാശത്തിലൂടെയെങ്കിലും ജനപ്രതിനിധിസഭകൾ ഉണ്ടായി.  പ്രവിശ്യകൾക്കുമേൽ അധികാരമുറപ്പിക്കാനായി പ്രവിശ്യാ ഭരണകൂടങ്ങളെ നിയന്ത്രിക്കുവാൻ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ പദവിയാണ് ഗവർണറുടേത്. അക്കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ളവർ അതിനെ ശക്തമായി എതിർത്തുപോന്നതാണ്. എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ ഗവർണർമാരെ നിലനിർത്തുവാൻ തീരുമാനിക്കുകയായിരുന്നു. സഭയിൽ വളരെ വലിയ എതിർപ്പുകൾ അതിനെതിരെ ഉയർന്നു വരികയുണ്ടായി. പക്ഷെ രണ്ടു കാരണങ്ങൾ കൊണ്ട് ഗവർണർ പദവി നിലനിർത്തുവാൻ തീരുമാനിക്കുകയായിരുന്നു.

ഒന്ന്, പുതിയ രാജ്യത്ത് സംസ്ഥാനങ്ങൾക്കുമേൽ  ഒരു നിയന്ത്രണം കേന്ദ്രഗവൺമെന്റിനില്ലാതെ പോയാൽ അത് വിഘടനങ്ങൾക്ക് കാരണമാകും. അതുകൊണ്ട് രാജ്യത്തിൻറെ അഖണ്ഡത നിലനിർത്താൻ ഗവർണർ പദവി അനിവാര്യമാണ്. രണ്ട്‌, സംസ്ഥാനങ്ങളിൽ കാര്യപ്രാപ്തിയും അനുഭവ പരിചയവുമുള്ള ജനപ്രതിനിധികളുടെ അഭാവം ഉണ്ട്, അത് പരിഹരിക്കാൻ ഗവർണർക്കു കഴിയും. ഈ രണ്ടു ന്യായീകരണങ്ങളും  പുതിയ കാലഘട്ടത്തിൽ അപ്രസക്തമാണ്. ഒരു സംസ്ഥാന ഗവണ്മെന്റും ഇക്കാലത്ത് സ്വയം ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാനൊന്നും പോകുന്നില്ല. പരിചയസമ്പന്നരായ ജനപ്രതിനിധികൾ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും ധാരാളമുണ്ട്. അതായത് ഭരണഘനാനിർമാണ സഭ കണ്ടെത്തിയ ധർമങ്ങളൊന്നും ഇന്ന് ഗവർണർക്ക് നിർവഹിക്കാനില്ല. എന്നാൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നും കടംകൊണ്ട ഈ പദവി, ഭരണഘടനയിൽ കൃത്യമായി നിർവചിക്കപ്പെടാത്ത ചില അധികാരങ്ങളുടെ ബലത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ജനാധിപത്യ രാഷ്ട്രഘടനയുടെ അന്തസത്തക്ക് വിരുദ്ധമായി വർത്തിക്കുന്നുമുണ്ട്.

ഒരു ഭരണഘടനയും സമ്പൂർണമാവില്ല. ലിഖിത നിയമങ്ങൾക്ക് പുറമെ ഒരുപിടി കാര്യങ്ങൾ കീഴ് വഴക്കങ്ങൾക്കും ജനാധിപത്യ മര്യാദകൾക്കും വിട്ടു കൊടുക്കേണ്ടി വരും. അവിടെ അധികാരകേന്ദ്രങ്ങളിൽ ഇരിക്കുന്നവർ ഉത്തമ ബോധ്യത്തിന്റെയും നീതിബോധത്തിന്റെയും അടിസ്ഥാനത്തിലുള്ള കീഴ് വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുക. ഗവർണറുടെ 'വിവേചനാധികാരങ്ങൾ' ഇത്തരത്തിൽ അതിസൂക്ഷ്മതയോടെ ഉപയോഗിക്കപ്പെടേണ്ടതാണ്. എന്നാൽ അനുഭവം മറിച്ചാണ്.

ഗവർണറുടെ ഏറ്റവും പ്രധാനകടമ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ഗവണ്മെന്റ് രൂപീകരണമാണ്. ഏതെങ്കിലും ഒരു കക്ഷിക്കോ, ഇലക്ഷന് മുന്നേയുള്ള സഖ്യത്തിനോ ഭൂരിപക്ഷമുണ്ടെങ്കിൽ അവിടെ ഗവർണറുടെ തീരുമാനങ്ങൾക്ക് കാര്യമായ പ്രസക്തിയൊന്നും ഇല്ല. എന്നാൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ഗവർണറുടെ 'വിവേചനാധികാരം' പ്രധാനമാകും.1952 മുതലിങ്ങോട്ട് വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഇംഗിതം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിർമാണ സമിതി കരുതിയിരുന്നത് എന്നാൽ വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ-ടെം സ്പീക്കർമാരെകൊണ്ട് സഭാനടപടികളിൽ തിരിമറി നടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്ട്രീയക്കാർ തകിടം മറിച്ചു.

ഗവണ്മെന്റ് രൂപീകരണത്തിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അതിനു വേണ്ടി പ്രത്യേകിച്ചൊരു പദവി ഇല്ലാതെ തന്നെ കാര്യങ്ങൾ സുഗമമായി നടത്താനാകും. ഏതെങ്കിലും ഒരു കക്ഷിക്കോ, തെരഞ്ഞെടുപ്പിന് മുമ്പേയുള്ള സഖ്യത്തിനോ ഭൂരിപക്ഷം ഇല്ലെന്നു വന്നാൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണം. പരസ്പരം ഏറ്റുമുട്ടിക്കൊണ്ട് അല്ലാതെ, തെരഞ്ഞെടുപ്പിനെ നേരിട്ട കക്ഷികൾ ഒന്നായി ഗവണ്മെന്റ് രൂപീകരിക്കുന്നത് ജനവിധിയെ പരിഹസിക്കുന്ന നടപടിയാണ്. ഇതൊക്കെ വ്യക്തമാക്കുന്ന ചട്ടങ്ങൾ ഉണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷനോ അല്ലെങ്കിൽ അതാത് സംസ്ഥാനത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ ഒക്കെ തീരുമാനം എടുക്കാവുന്നതെയൊള്ളൂ. സർക്കാർ രൂപീകരണത്തിന് കാർമ്മികത്വം വഹിക്കാനും ആർട്ടിക്കിൾ 352 വഴി റിപ്പോർട്ട് നൽകി പ്രസിഡന്റ് ഭരണം ഏർപ്പെടുത്താനും മാത്രമായി ഒരു പദവിയുടെ ആവശ്യമുണ്ടോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

1949 നവംബർ 26, നമ്മുടെ രാജ്യം, ലോകചരിത്രത്തിലെ തന്നെ ഏറ്റവും സുധീരമായ ചില ചുവടുവയ്പുകൾ നടത്തിയ ദിനമായിരുന്നു. ബ്രിട്ടീഷുകാർക്ക് കീഴിലും അതിനു മുൻപ് വിവിധ ഏകാധിപതികൾക്കു കീഴിലും പ്രജകളായി കഴിഞ്ഞിരുന്ന ഒരു ജനത ജനാധിപത്യ അവകാശങ്ങളുള്ള പൗരരായി സ്വയം പ്രഖ്യാപിച്ച ദിനം; ഭരണഘടന അംഗീകരിക്കപ്പെട്ട ദിവസം. പകുതിയിലേറെ മനുഷ്യർ നിരക്ഷരരായിരുന്ന ഒരു രാജ്യത്ത് ഭരണഘടന ഉറപ്പുനൽകിയ സാർവത്രിക വോട്ടവകാശവും മൗലീകാവകാശങ്ങളും ഫെഡറലിസവും സമൂഹ്യനീതിയുമെല്ലാം വിപ്ലവം തന്നെയായിരുന്നു.

എന്നാൽ സങ്കീർണ്ണവും അക്രമോത്സുകവുമായ രാഷ്ട്രീയ-ചരിത്ര സന്ധികളിലൂടെ കടന്നുപോയ നമ്മുടെ രാഷ്ട്രശില്പികൾക്ക് ഭരണഘടനയുടെ ആമുഖത്തിൽ തങ്ങൾ മുന്നോട്ടു വച്ച എല്ലാ ആധുനിക-ജ്ഞാനോദയ മൂല്യങ്ങളുടെയും ആവിഷ്കാരം ഭരണഘടനയിൽ അതിന്റെ പൂർണതയിൽ നടപ്പിലാക്കാൻ സാധിച്ചില്ല. തങ്ങൾ നിരന്തരം എതിർത്തുപോന്ന പല കൊളോണിയൽ മാമൂലുകളെയും അധികാരക്രമങ്ങളെയും നിയമങ്ങളെയും നിലനിർത്തേണ്ടതായി വന്നു. ഇക്കാലത്തിരുന്നുകൊണ്ട് അവരുടെ വിവേകത്തെ അളക്കാൻ നമുക്ക് സാധിക്കില്ല. എന്നിരുന്നാലും അടിയന്തരാവസ്ഥാ വകുപ്പുകൾ, ഓർഡിനൻസുകൾ, കരുതൽ തടവ് അങ്ങനെ പലയിടങ്ങളിലും ഭരണഘടന അതിന്റെ പൊതുധാർമികതയോട് കലഹിക്കുന്നത് കാണാം. ഫലത്തിൽ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഏജന്റ് മാത്രമായി മാറുന്ന, ജനങ്ങൾ തെരഞ്ഞെടുക്കാത്ത, ഗവർണർ പദവിയും അതുപോലെ ഒരു കരടാണ്. ഒരു കൊളോണിയൽ ശേഷിപ്പാണ്. ഇനിയും ഇങ്ങനെയൊരു പദവിയുടെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഗൗരവതരമായ പുനരാലോചനകൾ നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 ലേഖനം മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ചതാണ്. മാധ്യമം, ഡിസംബർ 2 , 2019 

read more from P B Jijeesh at pbjijeesh.in
ഇത് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽതന്നെ ആരംഭിച്ചതാണ്. 1952ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മദിരാശി സ...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632
സ്വതന്ത്ര ഇന്ത്യയിലെ ഗവർണർമാരുടെ ഭരണചരിത്രം പരിശോധിച്ചാൽ മഹാരാഷ്​ട്രസംഭവങ്ങൾ ഒട്ടും വിചിത്രമായി തോന...

Read more at: https://www.madhyamam.com/opinion/articles/governer-post-opinion/652632

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum