ഇവരെ കൈയ്യൊഴിയരുത്

Wednesday, September 20, 2017

രോഹിംഗ്യ വിഷയത്തില്‍ നിലപാട് വ്യക്തമാണ്, ലളിതമാണ്. നിഷ്ഠൂരമായ പീഡനങ്ങള്‍ക്കിരയായി ഒടുവില്‍ തങ്ങളുടെതെന്നു കരുതിയ ഭൂമിയും സ്വത്തും ജീവിതവും എല്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മറ്റൊരു നാട്ടില്‍ അഭയം തേടിയിരിക്കുന്ന ജനതയെ അതേ കൊലക്കളത്തിലേക്ക് തന്നെ തിരിച്ചയക്കുമെന്ന നിലപാടിനെ മനസില്‍ മനുഷ്യത്വം അല്പമെങ്കിലും അവശേഷിക്കുന്ന ആര്‍ക്കും തന്നെ അംഗീകരിക്കാനാവില്ല.

സുപ്രീം കോടതിയിലെ കേസില്‍ അഭയാര്‍ത്ഥികള്‍ക്കനുകൂലമായ ഒരു വിധി ഉണ്ടാകുമെന്നാണ് കരുതുന്നത്. അന്താരാഷ്ട്ര നിയമങ്ങളും ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്റെ ചരിത്രപരമായ നിലപാടൂകളും കീഴ്‌വഴക്കങ്ങളും അനുസരിച്ച് അഭയാര്‍ത്ഥികളെ കൈയ്യൊഴിയാന്‍ നമുക്കാകില്ല. വിഭജനാനന്തരം,ലോകത്തെ ഏറ്റവും രക്തരൂക്ഷിതമായ അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണ് നമ്മുടെത്. രാജ്യത്തെ പല പ്രധാനപ്പെട്ട രാഷ്ട്രീയ നേതക്കളും, വ്യവസായപ്രമുഖരുമെല്ലാം ആ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ ഭാഗമായിരുന്നു.ടിബറ്റില്‍ നിന്ന്, അഫ്ഘാനിസ്ഥാനില്‍ നിന്ന്, ബംഗ്ലാദേശില്‍ നിന്ന്, രജീവ് ഗാന്ധി-വധത്തിനു ശേഷം പോലും ശ്രീലങ്കയില്‍ നിന്ന്... എത്രയോ അഭയാര്‍ഥികള്‍ക്ക് നാം അഭയം നല്കിയിരിക്കുന്നു.

നിയമപരമായി രോഹിംഗ്യകള്‍ക്ക് ഇന്ത്യയില്‍ ഭരണഘടനാപരമായ സംരക്ഷണം ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഇന്ത്യയില്‍ വസിക്കുന്ന മനുഷ്യരുടെ ജീവിക്കാനുള്ള ആവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്.ന്യായവും നീതിപൂര്‍വകവുമായ നിയമമാര്‍ഗങ്ങളിലൂടെയല്ലാതെ അതിനെ മറികടക്കാന്‍ ഭരണകൂടത്തിനാകില്ല. തങ്ങളുടെ ജീവനു ഭീഷണീയുള്ള ഒരു സ്ഥലത്തേക്ക് കയറ്റി അയക്കപ്പെടുന്നതില്‍ നിന്നും രോഹിംഗ്യകളെ ഇന്ത്യന്‍ ഭരണഘടനയുടെ 21,14 വകുപ്പുകള്‍ സംരക്ഷിക്കും എന്നു കരുതുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായങ്ങളെയെല്ലാം അവഗണിച്ചുകൊണ്ട് അവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന മ്യാന്മാര്‍ ഗവണ്മെന്റിന്റെ ഉറപ്പിന്റെ ബലത്തില്‍ രോഹിംഗ്യകളെ രാജ്യത്തു നിന്നു പുറത്താക്കാന്‍ നമുക്കു കഴിയില്ല. എത്രയോ വര്‍ഷങ്ങളായി രാജ്യത്തു താമസിച്ചിട്ടും ഒരു തീവ്രവാദ കേസിലും രോഹിംഗ്യകള്‍ പെട്ടിട്ടില്ല എന്നതു തന്നെ കെന്ദ്ര ഗവണ്മെന്റിന്റെ 'രാജ്യ സുരക്ഷ' വാദത്തെ ദുര്‍ബലമാക്കുന്നു. ചില തീവ്ര വാദ ഗ്രൂപ്പുകള്‍ മ്യാന്മറില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതോ, രോഹിംഗ്യകളില്‍ ഭൂരിപക്ഷം മുസ്‌ലീങ്ങളാണെന്നതോ ഒരു കാരണമാകില്ല. എല്‍ ടി ടി ഇ ഭീകര സംഘടന നമ്മുടെ പ്രധാനമന്ത്രിയെ കൊല ചെയ്ത ഘട്ടത്തില്‍ പോലും തമിഴ് അഭയാര്‍ത്ഥികള്‍ക്ക് നാം അഭയം നല്കിയിരുന്നു. അഭയാര്‍ത്ഥികളെ സംബന്ധിച്ച അന്താരാഷ്ട്ര കരാറുകളില്‍ ഇന്ത്യ ഭാഗഭാക്കല്ല എന്ന വാദത്തിനും പ്രസക്തിയില്ല. കാരണം നോണ്‍-റീഫൗള്‍മെന്റ് എന്നത് (അഭയാര്‍ത്ഥികളെ വീണ്ടും അപകടകരമായ സ്ഥലത്തേക്ക് മടക്കി അയക്കരുത് എന്നത്) ഒരു സിഗ്നേറ്ററിയും ആകാതെ തന്നെ അന്താരാഷ്ട്രതലത്തില്‍ അംഗെകരിക്കപ്പെടേണ്ട ഒരു നിയമതത്വമാണ്, ധാര്‍മികതയാണ്. ഒരിക്കല്‍ മുംബൈ ഹൈക്കോടതിയും, പിന്നീട് ഗുജറാത്ത് ഹൈക്കോടതിയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

രോഹിംഗ്യ ഹിന്ദുക്കളും ഭീകരമായി വേട്ടയാടപ്പെടുന്നു എന്നും അഭയാര്‍ത്ഥികളായുണ്ടെന്നുമുള്ള കാര്യം കൂടി ഓര്‍മപ്പെടുത്തട്ടെ.


മ്യാന്മാര്‍ അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെടുന്ന രോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് ചിത്രത്തില്‍. പശ്ചാത്തലത്തില്‍ അവരുടെ കത്തിയെരിയുന്ന ഗ്രാമങ്ങളില്‍ നിന്നും പുകയുയരുന്നത് കാണാം...

കത്തിയെരിയുന്ന സ്വന്തം നാടൂ വിട്ട് ഓടുന്ന മനുഷ്യര്‍, ഈ കുട്ടികള്‍ നിങ്ങളോടെന്താണ് ചെയ്തത്...?

ഇവരെ കൈയ്യൊഴിയരുത്

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum