ആധാർ റിവ്യൂ സുപ്രീംകോടതി പ്രതീക്ഷ നൽകുന്നു

Thursday, November 28, 2019


ആധാർ പദ്ധതി ഭരണഘടനാപരമാണ് എന്നു പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. നിയമ യുക്തിയുടെ അപര്യാപ്തത, പ്രത്യക്ഷ വൈരുധ്യങ്ങൾ, വസ്തുതാപരമായ പിഴവുകൾ ഒക്കെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്

ആധാർ കേസിൽ ഒരു ബില്ലിനെ ധനബില്ലായി സാക്ഷ്യപ്പെടുത്തുന്ന സ്പീക്കറുടെ നടപടി കോടതിയ്ക്ക് പരിശോധിക്കാവുന്നതാണെന്ന് എല്ലാ ജഡ്ജിമാരും വിധിയെഴുതിയിരുന്നു. എന്നാൽ അനുച്ഛേദം 110(1) എങ്ങനെ വാഖ്യാനിക്കണമെന്നും ഒരു നിയമം ധനബില്ലായി പാസാക്കിയത് ശരിയായ നടപടിയാണോ എന്ന് പരിശോധിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തിലും അവ്യക്തതകൾ ബാക്കിവയ്ക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റു മൂന്നുപേരും ആധാർ ആക്ട് ധനബിൽ ആയി അവതരിപ്പിച്ചതിൽ തെറ്റില്ല എന്നു വിധിച്ചപ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡ് ആധാർ ബിൽ ധനബില്ല്‌ അല്ലെന്ന് കണ്ടെത്തുകയും നിയമം റദ്ദുചെയ്യണം എന്നു വിലയിരുത്തുകയുമുണ്ടായി.

ഭൂരിപക്ഷ വിധിയിൽ, സ്പീക്കറുടെ നടപടി ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണോ എന്നു പരിശോധിക്കുന്നതിനും ബില്ല്‌ ധനബില്ലാണോ എന്നു നോക്കുന്നതിനും മുൻപ് തന്നെ, ആധാർ ആക്ട് പരിശോധിക്കുകയും അതിലെ സെക്ഷൻ 2 (ഡി) യ്യ്ക്കു കീഴിലുള്ള ചട്ടം 26 (സി), 27, സെക്ഷൻ 33 (1 ) [ഭാഗീകമായി], സെക്ഷൻ 33 (2 ), സെക്ഷൻ 47 , സെക്ഷൻ 57[ഭാഗീകമായി] തുടങ്ങി നിരവധി വകുപ്പുകളും ചട്ടങ്ങളും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. പ്രത്യേകിച്ചും സ്വകാര്യ സ്ഥാപനങ്ങൾക്കുകൂടി ആധാർ ഉപയോഗിക്കാനുള്ള അനുമതി നൽകുന്ന സെക്ഷൻ 57. ഇതൊക്കെ റദ്ദാക്കിയതിനു ശേഷം ഇപ്പോൾ ഇതൊന്നും നിയമത്തിന്റെ ഭാഗമല്ല അതുകൊണ്ട് അത് ധനബിൽ ആണ് എന്ന തരത്തിലുള്ള വ്യാഖ്യാനമാണ് നടത്തിയത്. എന്നാൽ സ്പീക്കർ സാക്ഷ്യപ്പെടുത്തിയത് ഈ വകുപ്പുകൾ കൂടി ഉള്ള ബില്ല്‌ ആണെന്ന കാര്യം ഭൂരിപക്ഷം മറന്നു.

മറ്റു വകുപ്പുകളെല്ലാം സബ്സിഡികൾക്കും മാറ്റ് ഗവണ്മെന്റ് ആനുകൂല്യങ്ങൾക്കും ആധാർ ഉപയോഗിക്കാൻ അധികാരപ്പെടുത്തുന്ന സെക്ഷൻ 7 ന്റെ അനുബന്ധങ്ങളായാണ് കോടതി കണ്ടത്. 'സെക്ഷൻ 7 ആണ്, നിയമത്തിന്റെ ഹൃദയഭാഗം. അത് ഭരണഘടനയുടെ 110 -ആം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നതാണ്" കോടതി പറയുന്നു. അതുപോലെ തന്നെ ആധാർ അതോറിറ്റിയ്ക്ക് രൂപം കൊടുക്കുകയും അതിന്റെ ഘടനയും പ്രവർത്തനവുമൊക്കെ നിർണയിക്കുന്ന സെക്ഷൻ 24 -നെക്കുറിച്ചു പറയുന്നത്  അതോറിറ്റിയുടെ രൂപീകരണവും പ്രവർത്തനം, അതിന്റെ ദൈനംദിന കാര്യനിർവഹണം പരിശോധനകൾ , ശിക്ഷാനടപടികൾ, സോഫ്റ്റ്‌വെയറുകൾ, തുടങ്ങി എല്ലാം ഇന്ത്യാഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുമുള്ള പണം കൊണ്ടാണ് നടത്തപ്പെടുന്നത്; അതുകൊണ്ട് അത് ധനബില്ലിന്റെ പരിധിയിൽ വരുന്നതാണ് എന്നാണ്. (ഖണ്ഡിക 411 ). ഇതിനെല്ലാം ഇന്ത്യയുടെ സഞ്ചിതനിധിയിലെ ധനവിനിയോഗവുമായി ഗണ്യമായ ബന്ധം ഉണ്ട് എന്നും സമർത്ഥിക്കുന്നു ഭൂരിപക്ഷവിധി. ഈ മാനദണ്ഡം വച്ചുനോക്കിയാൽ ഗവണ്മെന്റിന്റെ എന്ത് പ്രവർത്തനമാണ് ധനബില്ലിന്റെ പരിധിയിൽ വരില്ലാത്തത്‌?

മാത്രമല്ല ആർട്ടിക്കിൾ 110 കൃത്യമായി പറയുന്നത് 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പെടുന്ന കാര്യങ്ങൾ “മാത്രം” ആണ് ധനബിൽ ആകുക എന്നാണ്. ഭൂരിപക്ഷ വിധിയിൽ പറയുന്നതുപോലെ  ‘ധനവിനിയോഗവുമായി ഗണ്യമായ ബന്ധം’ ഉള്ള കാര്യങ്ങൾക്കല്ല.

അതുപോലെ തന്നെയാണ് ആധാർ ആക്ട് ആർട്ടിക്കിൾ 110 (ഇ) യ്ക്ക് കീഴിൽ വരുന്നതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ കണ്ടെത്തൽ.  യഥാർത്ഥത്തിൽ 110 (ഇ) ഗവണ്മെന്റിന്റെ സഞ്ചിത നിധിയിൽ നിന്നുള്ള എല്ലാ ചെലവുകളെയും സംബന്ധിക്കുന്നതല്ല. ഇന്ത്യ ഗവണ്മെന്റിന്റെ സഞ്ചിത നിധിയിൽ നിന്ന് ‘ചാർജ്ജ്’ ചെയ്യാവുന്ന ചെലവുകൾ സംബന്ധിക്കുന്ന കാര്യങ്ങളെ 110 (ഇ)-യുടെ പരിധിയിൽ വരൂ. അതായത് പാർലമെന്റ് വോട്ടിനിട്ട് അനുമതി നൽകേണ്ടാത്ത ചെലവുകൾ. ഭരണഘടനയുടെ അനുച്ഛേദം  112 (3) പ്രകാരം രാഷ്ട്രപതിയുടെ വേതനം, ഓഫീസ് ചെലാവുകൾ; രാജ്യസഭയുടെയും ലോകസഭയുടെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷരുടെയും വേതനം; ഇന്ത്യ ഗവണ്മെന്റിന്റെ കടബാധ്യതകളുമായി ബന്ധപ്പെട്ട ചെലവുകൾ; സുപ്രീം കോടതി ജഡ്ജിമാരുടെ വേതനം, പെൻഷൻ; ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ, സി.എ.ജി. യുടെ വേതനം, പെൻഷൻ; ഏതെങ്കിലും കോടതി വിധികൾ നടപ്പിലാക്കാനുള്ള ചെലവുകൾ; പാർലമെന്റ് നിയമപ്രകാരം ചാർജ്ജ് ചെയ്യാവുന്ന  ചെലവുകൾ എന്നിങ്ങനെയാണ്. ആധാർ ആക്ട് ഇതുമായൊന്നും ബന്ധപ്പെട്ടതല്ല.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തൻറെ  വിയോജന വിധിന്യായത്തിൽ തലതിരിയാത്ത നിയമവഴിയിലൂടെ ഇക്കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. വായിക്കുക:

'(ആധാർ) നിയമത്തിന്റെ വകുപ്പുകൾ ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളിൽ ഒതുങ്ങുന്നതല്ല. അനുച്ഛേദം 110(1) -ൽ നിർവചിക്കപ്പെട്ടിരിക്കുന്ന ധനബില്ലിന്റെ പരിധിക്കും വളരെയപ്പുറത്താണത്. ജനസംഖ്യാപരവും ജൈവപരവുമായ വിവരങ്ങളുടെ ശേഖരണം, ആധാർ നമ്പറുകൾ നൽകൽ, വിവരശേഖരണത്തിനു മുൻപ് ആളുകളുടെ സമ്മതപത്രം  വാങ്ങൽ, അത് നടപ്പിലാക്കാനും പരിശോധിക്കാനായി നിയമപരമായ ഒരു സ്ഥാപനത്തിന്റെ രൂപീകരണം,ശേഖരിച്ച വിവരങ്ങളുടെ സംരക്ഷണം, ചില സാഹചര്യങ്ങളിൽ അവ പുറത്തു വിടുന്നത്, കുറ്റങ്ങളും ശിക്ഷാവിധികളും നിർവ്വചിക്കുന്നത്, പല കാര്യങ്ങൾക്കും ആധാർ ഉപയോഗിക്കുന്നത് ഒക്കെ അനുച്ഛേദം 110-നു വെളിയിലുള്ള കാര്യങ്ങളാണ്. ഇതൊന്നും 110 (എ) മുതൽ (എഫ്) വരെയുള്ള വകുപ്പുകളിൽ പറയുന്ന കാര്യങ്ങൾക്ക് അനുബന്ധമായി വരുന്നതുമല്ല.  സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ ഉപയോഗിക്കാൻ അനുമതി നൽകുന്ന വകുപ്പ്-57 നിശ്ചയമായും അനുച്ഛേദം 110 -നു കീഴിൽ വരില്ല. ഇന്ത്യാനിവാസികളുടെ മൗലീകാവകാശങ്ങളെ കാര്യമായ തരത്തിൽ ബാധിക്കുന്ന നിയമ സംവിധാനമാണ് ആധാറിന്റേത്'"

ആധാർ നിയമത്തിലെ സെക്ഷൻ 7 പോലും ധനബില്ലിന്റെ പരിധിയിൽ വരുന്നതല്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്:

"സഞ്ചിതനിധിയിൽ നിന്നുമുള്ള സബ്സിഡികൾക്കും സേവനങ്ങൾക്കും ആധാർ നിർബന്ധമാക്കുകയാണ് സെക്ഷൻ 7  ചെയ്യുന്നത്. ഈ സേവനങ്ങളെ സഞ്ചിത നിധിയിൽ നിന്ന് ചാർജ്ജ് ചെയ്യുന്ന ചെലവുകളാണ് എന്ന് ഈ നിയമം നിർണയിക്കുന്നില്ല, നിലവിൽ സഞ്ചിതനിധിയിൽ പെടുന്ന സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് സെക്ഷൻ 7 ഏതെങ്കിലും ചെലവിനെ സഞ്ചിതനിധിയിൽ നിന്നും ചാർജ്ജ് ചെയ്യാവുന്നത് എന്ന് പറയുകയല്ല, ഒരു തിരിച്ചറിയൽ പ്രക്രിയയുടെ ആവശ്യകത സ്ഥാപിച്ചെടുക്കുകയാണ്.  അതുകൊണ്ട് സെക്ഷൻ-7 ഉം അനുച്ഛേദം 110 (1 )-ന്റെ പരിധിക്കുമപ്പുറത്താണ്" (ആധാർ വിധി, ഖണ്ഡിക 109).

ഇരുസഭകളുള്ള നമ്മുടെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ, ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ വളരെ പ്രധാനമാണ്. ഏതുബില്ലും ധനബിൽ ആയി കൊണ്ടുവന്ന് ലോകസഭയുടെ മാത്രം അംഗീകാരത്തോടെ നിയമമാക്കാം എന്ന അവസ്ഥ വന്നാൽ അത് രാജ്യസഭയുടെ പ്രസക്തി ഇല്ലാതാക്കും. ഫിനാൻസ് ആക്ടിന്റെ നിയമസാധുത പരിശോധിച്ച ബഞ്ച് ഇക്കാര്യങ്ങൾ ശരിയാംവണ്ണം മനസിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഒരു ഏഴംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നത്. വിധിയുടെ 122-ആം ഖണ്ഡിക വായിക്കുക.

"കാര്യങ്ങൾ വിശദമായി പരിശോധിച്ചപ്പോൾ, പുട്ടസാമി കേസിലെ (ആധാർ കേസ്) ഭൂരിപക്ഷവിധി ഭരണഘടനയുടെ അനുച്ഛേദം 110(1)-ന്റെ വ്യാപ്തി നിർണയിക്കുകയോ അതിന്റെ വ്യാഖ്യാന പ്രത്യാഘ്യതങ്ങൾ എന്തൊക്കെയായിരിക്കും എന്നു നിശ്ചയിക്കുകയോ ചെയ്യാതെയാണ് പരമാർശിത നിയമത്തെക്കുറിച്ചുള്ള തീരുമാനത്തിൽ എത്തിയത്. പുട്ടസാമിയിലെ ഭൂരിപക്ഷം അനുച്ഛേദം 110(1)-ലെ 'ഒൺലി' എന്ന വാക്കിനെക്കുറിച്ച് വേണ്ടത്ര ചർച്ചചെയ്തിട്ടില്ലെന്നും ഒരു നിയമത്തിലെ ചില വകുപ്പുകൾ അനുച്ഛേദം 110(1)(എ) മുതൽ (ജി) വരെയുള്ള അനുച്ഛേദങ്ങളോട് ഒത്തുപോകുന്നില്ലെങ്കിൽ അതിന്റെ ഫലമെന്തായിരിക്കുമെന്നും പരിഗണിച്ചിട്ടില്ല എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. ആധാർ ആക്ടിലെ വകുപ്പുകൾ സംബന്ധിച്ച വിധിയിലെ വ്യാഖ്യാനങ്ങൾ ഉദാരമാണ്. പ്രസ്തുത വകുപ്പുകൾ ആർട്ടിക്കിൾ 110(1)(എ) മുതൽ (ജി) വരെയുള്ളവയുടെ അനുബന്ധമായി വരുമെന്ന നിരീക്ഷണം യുക്തിഭദ്രമല്ല. അത് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ബൈക്കാമറൽ പാർലമെന്ററി സംവിധാനത്തിന് നിരക്കുന്നതുമല്ല. അന്തിമ തീരുമാനത്തിലേക്കെത്തുന്നതിനു മുൻപ്, പുട്ടസാമി കേസിലെ വിശകലനം ഈ കേസിൽ പ്രയോഗിക്കുവാൻ ബുദ്ധിമുട്ടാണെന്നും ഇത് സമാനമായ ബെഞ്ചുകളുമായി അഭിപ്രായവ്യത്യാസം സൃഷ്ടിക്കുന്നുവെന്നും പറയാതെ വയ്യ." ഇക്കാരണങ്ങൾകൊണ്ട് വിഷയം ഒരു ഏഴംഗ ബഞ്ച് പരിഗണിച്ചു തീർപ്പ് കല്പിക്കേണ്ടതാണ് എന്നാണ് ചീഫ് ജസ്റ്റിസ്‌ രഞ്ജൻ ഗോഗോയി എഴുതിയ പുതിയ ഭൂരിപക്ഷ വിധി. ജസ്റ്റിസ്. ചന്ദ്രചൂഡ് ഈ കേസിലും പ്രത്യേക വിധിയിൽ അനുച്ഛേദം 110 സംബന്ധിച്ച തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയും ഫിനാൻസ് ആക്ട് ഭേദഗതി ധനബിൽ അല്ല എന്ന് വിധിയെഴുതുകയും ചെയ്യുന്നുണ്ട്.

രണ്ടു സഭകളുള്ള (ബൈക്കാമറൽ) ഇന്ത്യയുടെ പാർലമെന്ററി സംവിധാനത്തിന്റെ പ്രത്യേകതയും, അതിൽ രാജ്യസഭയുടെ പ്രാധാന്യവും, ഉയർത്തിപ്പിടിക്കുന്ന കോടതിയുടെ ഈ നിലപാട് ജനാധിപത്യത്തെ സ്നേഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ്. കോടതി ഇനിയും പരിഗണിക്കാനിരിക്കുന്ന ആധാർ പുനഃപരിശോധനാ ഹർജികൾ സംബന്ധിച്ച് ഇത് വളരെ ശുഭകരമായ സൂചനയുമാണ്. ധനബില്ലു സംബന്ധിച്ച പുട്ടസാമി കേസിലെ ഭൂരിപക്ഷവിധിയിലെ വിശകലനരീതി ശരിയല്ല എന്ന് വന്നാൽ അതിനർത്ഥം ആധാർ ആക്ട് റദ്ദുചെയ്യപ്പെടും എന്നാണ്.

ട്. ചരിത്രപരമായ തന്റെ വിയോജന വിധിന്യായത്തിൽ ജസ്റ്റിസ്. ഡി. വൈ. ചന്ദ്രചൂഡ് ഭൂരിപക്ഷ വിധിയുടെ വിശകലനയുക്തികളെ തകിടം മറിക്കുന്നുണ്ട്. 2019 ജൂലൈ മാസത്തിൽ ജമൈക്കൻ സുപ്രീംകോടതി, ആധാറിന് സമാനമായ അവിടുത്തെ ബയോമെട്രിക്ക് തിരിച്ചറിയൽ പദ്ധതിയെക്കുറിച്ചുള്ള കേസിൽ വിധി എഴുതിയപ്പോൾ മാതൃകയാക്കിയത് ഈ വിയോജനമാണ്. ആധാർ കേസിലെ ഭൂരിപക്ഷവിധി ആധുനികകലഘട്ടത്തിലെ സാങ്കേതികതയെയും സാഹചര്യങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധിയാണ് തങ്ങൾക്ക് സ്വീകാര്യമായി തോന്നിയത് എന്നും വ്യക്തമാക്കിക്കൊണ്ട് ജമൈക്കൻ സുപ്രീം കോടതി അവിടുത്തെ ബയോമെട്രിക്ക് തിരിച്ചറിയൽ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിയെഴുതി. ജമൈക്കൻ കോടതി ഇന്ത്യൻ സുപ്രീംകോടതിയുടെ 'സ്വകാര്യതാ വിധി'യും 'ആധാർ വിധി'യും വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ആധാർ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇനിയും പരിഗണിച്ചിട്ടില്ല. എന്നാലിപ്പോൾ, ആധാർ വിധിയെ സംബന്ധിച്ച് ഹർജിക്കാർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആക്ഷേപം സുപ്രീംകോടതി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു; മറ്റൊരു കേസിൽ, മറ്റൊരു സാഹചര്യത്തിൽ. രാജ്യത്തെ വിവിധ ട്രൈബ്യുണലുകളുടെ പ്രവർത്തനത്തെയും സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്ന തരത്തിൽ കഴിഞ്ഞ വർഷം ഗവണ്മെന്റ് കൊണ്ടുവന്ന ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്ന വിധിയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഫിനാൻസ് ആക്ടിന്റെ ഭേദഗതി ആയിട്ടാണ് ട്രൈബ്യൂണലുകളുടെ രൂപീകരണം, നിയമനം, നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര ഗവണ്മെന്റിന് കേന്ദ്രീകൃതമായ അധികാരങ്ങൾ നൽകുന്ന നിയമം കൊണ്ടുവന്നത്. രാജ്യസഭയിൽ ഉയർന്നു വരാവുന്ന എതിർപ്പുകൾ മറികടക്കാനായി ആധാർ ബില്ലിന്റെ കാര്യത്തിൽ ചെയ്തതുപോലെ 'ധന ബില്ല്‌' ആയാണ് ഇതും ലോക്സഭയിൽ അവതരിപ്പിച്ചത്. ഈ നടപടിയാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ഫിനാൻസ് ബില്ല്‌ ഭേദഗതികൾ ധനബില്ലായി സാക്ഷ്യപ്പെടുത്തിയ ലോക്സഭാസ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാനാവുമോ? കഴിയുമെങ്കിൽ പ്രസ്തുത ബില്ല് ധനബിൽ ആണോ? കേന്ദ്രസർക്കാരിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തുന്ന ഫിനാൻസ് ആക്ടിന്റെ സെക്ഷൻ 184 ഭരണഘടനാപരമാണോ? അതുപ്രകാരം രൂപപ്പെടുത്തിയ ചട്ടങ്ങൾ നിലനിൽക്കുമോ? തുടങ്ങിയ കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഇതിൽ ചട്ടങ്ങൾ റദ്ദു ചെയ്യുകയും ധനബിൽ സംബന്ധിച്ച കാര്യങ്ങൾ ഒരു ഏഴംഗ ബഞ്ചിന്റെ പരിഗണനയ്ക്കു വിടുകയും ചെയ്തു സുപ്രീംകോടതി. 2018-ൽ, ആധാർ കേസിൽ, ധനബിൽ സംബന്ധിച്ച അഞ്ചംഗ ബഞ്ചിന്റെ നിരീക്ഷണങ്ങളിലെ പ്രകടമായ അവ്യക്തത നീക്കുവാനാണ് വിശാലബഞ്ചിന്റെ അഭിപ്രായം തേടിയത്.

സാധാരണഗതിയിൽ ഒരു ബില്ല് നിയമമാകുന്നതിന് പാർലമെന്റിന്റെ ഇരുസഭകളുടെയും അംഗീകാരം ആവശ്യമാണ്. എന്നാൽ ഇന്ത്യാഗവണ്മെന്റിന്റെ സഞ്ചിതനിധിയിൽ നിന്നുള്ള ധനവിനിയോഗത്തെ മാത്രം സംബന്ധിച്ചുള്ള നിയമങ്ങൾക്ക് രാജ്യസഭയുടെ അംഗീകാരം അനിവാര്യമല്ല. അത്തരം കാര്യങ്ങൾ ഒരു 'ധനബിൽ' ആയി പരിഗണിച്ചുകൊണ്ട് ലോകസഭയ്ക്ക് പാസാക്കാവുന്നതാണ്. രാജ്യസഭയ്ക്ക് ബില്ലിൽ ഭേദഗതി വരുത്താനോ തിരിച്ചയക്കാനോ കഴിയില്ല. ലോകസഭാ സ്പീക്കർ ആണ് ഒരു ബില്ല് ധനബിൽ ആണോ എന്ന് സാക്ഷ്യപ്പെടുത്തുന്നത്.

നികുതി നിരക്കുകൾ, ഗവൺമെന്റിന്റെ ബാധ്യതാപരിധി, സഞ്ചിത നിധിയിൽ നിന്നുള്ള  ധനവിനിയോഗം തുടങ്ങി ഭരണഘടനയുടെ സെ.110(1)(എ) മുതൽ 110(1)(ജി) വരെയുള്ള കാര്യങ്ങളെ മാത്രം ബാധിക്കുന്ന ബില്ലുകളെയാണ് ധന ബില്ല് എന്ന് നിർവ്വചിച്ചിട്ടുള്ളത്. 
 
ലേഖനം 2019  നവംബർ 23 -ലെ മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതാണ്.

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum