അയോധ്യ വിധി: നീതിപീഠം നാളെയോട് സംവദിക്കുമ്പോൾ

Thursday, November 14, 2019


ഒരു പക്ഷേ സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ തീർപ്പാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വസ്തു തർക്കമായിരുന്നു അയോദ്ധ്യയിലേത്. 1528-ൽ ബാബർ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം മിർ ബാഖി നിർമിച്ചു എന്നു പറയപ്പെടുന്ന ബാബ്‌റി മസ്ജിദും  അതിനോട്  ചേർന്നുള്ള   വർഷങ്ങൾ ആയി ഹൈന്ദവർ  കൈവശം വച്ച് ആരാധിക്കുന്ന
രാം ചബൂത്രയും സീത രസോയിയും  എല്ലാം ഉൾപ്പെടുന്ന ഭൂമി സംബന്ധിച്ചായിരുന്നു കേസ്. അതിന്റെ പരിധിയിൽ വരുന്ന 2.77 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥതയെക്കുറിച്ചാണ് ഇപ്പോൾ സുപ്രീംകോടതി അന്തിമ വിധി പറഞ്ഞിട്ടുള്ളത്. 

കേസ് 1992-ൽ ആരംഭിച്ചതല്ല എന്ന് പ്രത്യേകം ഓർക്കണം. അതിവൈകാരികമായ പ്രതികരണങ്ങൾ വരുന്നത് 1992-ലെ ഭീകരമായ ആൾക്കൂട്ട അതിക്രമവുമായി ഇതിനെ ചേർത്തു വായിക്കുമ്പോഴാണ്. മസ്ജിദ് ഉൾപ്പെടുന്ന, 1856-57-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനുള്ളിൽ പ്രവേശിക്കാനും കേന്ദ്ര മിനാരത്തിന് കീഴെ 'രാമജന്മഭൂമി'യിൽ ആരാധന നടത്താനുള്ള അവകാശത്തിനായി ഗോപാൽ സിംഗ് വിശാരദ് 1950-ൽ ഫൈസാബാദ് സിവിൽ കോടതിയിൽ നൽകിയ ഹർജിയോടെ ആരംഭിച്ച നിയമ വ്യവഹാരങ്ങൾക്കാണ് ഇപ്പോൾ തീരുമായിട്ടുള്ളത്. ഒരു തരത്തിലും ഈ വിധി 1992-ലെ സംഭവങ്ങൾക്കുള്ള ന്യായീകരണമാകുന്നില്ല. ബാബരി പള്ളി നിർമിച്ച 1528 മുതലുള്ള ചരിത്രം, 1857-ൽ അവധ് ബ്രിട്ടീഷുകാർക്ക് കീഴിലായതിന് ശേഷമുള്ള നിയമയുദ്ധങ്ങൾ, മതം, വിശ്വാസം അങ്ങനെ കോടതിയ്ക്ക് തീരുമാനമെടുക്കുക അസാധ്യമായ കാര്യങ്ങളുൾപ്പടെ എണ്ണിയാലൊടുങ്ങാത്ത സങ്കീർണതകൾ ഉണ്ടായിരുന്നു കോടതിയ്ക്ക് മുന്നിൽ. ഗണിതശാസ്ത്രത്തിൽ എന്നതുപോലെ കൃത്യമായ ശരി-തെറ്റുകൾ നിർണയിക്കുക അസാധ്യമായ ഇടങ്ങളിലൂടെയാണ് ന്യായാധിപർ സഞ്ചരിച്ചിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ കേവലം നിയമാക്ഷരങ്ങൾക്ക് അപ്പുറം 'നീതി, തുല്യത, മനസാക്ഷി' എന്ന നിയമതത്വം പിൻപറ്റുന്നതാണ് അയോധ്യവിധിയുടെ രീതിശാസ്ത്രം. കുറെയധികം പരിഗണനകൾ വച്ചുകൊണ്ടാണ് വിധിയെഴുതിയിരിക്കുന്നത് എന്നു മനസിലാക്കാം.

1. ചരിത്രപരമായ ശരിതെറ്റുകൾക്ക് പരിഹാരം കാണാനുള്ള വേദിയല്ല സുപ്രീംകോടതി.

2. വിശ്വാസ സംബന്ധിയായ വിഷയങ്ങളിൽ ദൈവശാസ്ത്രപരമായ വിശകലനത്തിലൂടെ അഭിപ്രായം പറയേണ്ടകാര്യം സുപ്രീംകോടതിക്കില്ല. വിശ്വാസങ്ങളുടെ പ്രത്യക്ഷ രൂപങ്ങളെ മുഖവിലയ്ക്കെടുക്കുക എന്നത് മാത്രമാണ് പ്രായോഗികം.

3. വിശ്വാസങ്ങളുടെയും മിത്തുകളുടെയും അടിസ്ഥാനത്തിലല്ല കോടതി വ്യവഹാരങ്ങൾ തീർപ്പാക്കേണ്ടത്, നിയമവും നിയമ തത്വങ്ങളുമാകണം പരിഗണനാ വിഷയങ്ങൾ.

4. മൂന്നോ നാലോ ഭരണവ്യവസ്ഥകളുടെയും നിയമ സംവിധാനങ്ങളിലൂടെയും കടന്നു പോയ തർക്കമാണിത്. രണ്ടു പരമാധികാരികൾ തമ്മിലുള്ള അധികാരകൈമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മറിച്ചൊരു ധാരണ ഇല്ലാത്തിടത്തോളം കാലം മുൻ രാജ്യത്തിന്റെ നിയമങ്ങളും അവകാശങ്ങളും പുതിയ രാജ്യത്തിന് ബാധകമാകില്ല. എന്നാൽ ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും തമ്മിൽ നിയമപരമായ ഒരു നൈരന്തര്യം ഭരണഘടനാപരമായി നിലനിൽക്കുന്നുണ്ട്.

5. അതുകൊണ്ടുതന്നെ തർക്കസ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നോ, അത് തകർക്കപ്പെട്ടതാണോ എന്നത് കേസിന്റെ പരിഗണനാ വിഷയം ആകാൻ പാടില്ല. അത് കോടതിയ്ക്ക് തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ല എന്ന് 1992-ലെ പ്രസിഡൻഷ്യൽ റഫറൻസിന് മറുപടിയായി സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്.

6. ഇത് ബാബ്‌റി പള്ളി തകർത്തതുമായി ബന്ധപ്പെട്ടു നില നിൽക്കുന്ന ക്രിമിനൽ കേസിനെ ബാധിക്കരുത്. പള്ളി തകർത്തതും 1949-ൽ അതിക്രമിച്ചു കയറി വിഗ്രഹം സ്ഥാപിച്ചു പള്ളി മലിനപ്പെടുത്തിയതും വലിയ നിയമദ്ധ്വംസനമാണെന്ന് വിധിയിൽ ഉണ്ട്.

7. വസ്തുതർക്കം പള്ളിയെ സംബന്ധിച്ചു മാത്രമല്ല. ജന്മസ്ഥാൻ മസ്ജിദ് ഉൾപ്പെടുന്ന ചുറ്റും ഹൈന്ദവരാധനമാത്രം നടന്നിരുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ലാത്ത രാം ചബൂത്രയും മറ്റും ഉൾപ്പെടുന്ന ഭൂമിയും എല്ലാം ചേർന്ന 2.77 ഏക്കർ ഭൂമിയെ സംബന്ധിച്ചുള്ളതാണ്.

8. തർക്ക ഭൂമിയിൽ 1857-ൽ ബ്രിട്ടീഷുകാർ നിർമിച്ച മതിലിനു വെളിയിലുള്ള പ്രദേശം ഹൈന്ദവർ വച്ച് ആരാധിച്ചിരുന്നതാണെന്നത് വ്യക്തമാണ്.

 9. ബാബ്‌റി പള്ളി അവിടെ നിലനിന്നിരുന്നുവെന്നും 1857 മുതലെങ്കിലും മുസ്ലീങ്ങൾ അവിടെ ആരാധന നടത്തിയിരുന്നുവെന്നതും നിസ്തർക്കമാണ്. അതുകൊണ്ടു തന്നെ ഏതു തീരുമാനമെടുക്കുമ്പോഴും മനസാക്ഷിയുടെയും തുല്യനീതിയുടെയും വിഷയം ഉയർന്നുവരും. ആർട്ടിക്കിൾ 142 അനുവദിക്കുന്ന പ്രത്യേക അധികാരം സുപ്രീം കോടതി വിനിയോഗിക്കുന്നത് ഈ ഒരു പരിഗണനയിലാണ്.

10 . ഇവിടെ സുന്നി വഖഫ് ബോർഡും രാമവിഗ്രഹത്തിനുവേണ്ടി അടുത്ത 'അടുത്ത സുഹൃത്തും' നൽകിയ ഉടമസ്ഥാവകാശ ഹർജികളാണ് നിലവിലുള്ളത്. ഒരു ഭാഗം വയ്പ്പിനുള്ള അപേക്ഷയല്ല കോടതിക്ക് മുൻപാകെ വന്നിട്ടുള്ളത്. ഒരു സിവിൽ കേസിൽ വാദികൾ ആവശ്യപ്പെടാത്ത ഒരു തീർപ്പ് അനുവദിക്കാൻ കോടതിയ്ക്ക് കഴിയില്ല.    ഗവൺമെന്റാണെങ്കിൽ ഈ ഭൂമിയിൽ യാതൊരുവിധ അവകാശ വാദവും ഉന്നയിക്കാൻ താത്പര്യപ്പെടുന്നില്ല എന്ന് അറിയിച്ചിരുന്നു.

11 . ഇനിയൊരിക്കലും ഒരു ആരാധനാലായങ്ങളുടെയും നിലവിലുള്ള പദവി ചോദ്യം ചെയ്യപ്പെടാൻ ഈ വിധി കാരണമാകരുത്. അതുകൊണ്ടാണ് 1992-ലെ Places of Worship Act -നെക്കുറിച്ചുള്ള വിശദമായ പരാമർശം വിധിയിൽ ഇടം പിടിച്ചത്.  ആരാധനാലയങ്ങളുടെ 1947 - ലെ പദവിയിൽ മാറ്റം വരുത്തരുത് എന്നും അത്തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കേസുകൾ ഒന്നും നിലനിൽക്കില്ല എന്നുമാണ് ആരാധനാലയ നിയമത്തിന്റെ രത്നച്ചുരുക്കം. എന്നാൽ അയോദ്ധ്യ കേസ് നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.

12 . ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പുകൾക്കും വർഗീയ സംഘര്ഷങ്ങൾക്കും ഇനിയും മരുന്നായിക്കൂടാ. അതിന് ഒരു അന്തിമ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

ഇത്രയും കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് അതിനുതകുന്ന ഒരു ന്യായവ്യവഹാരത്തിന്റെ രീതീശാസ്ത്രത്തിന് രൂപം നൽകുകയാണ് സുപ്രീംകോടതി ചെയ്തിട്ടുള്ളത്. അതിൽ പൂർണമായ ശരിതെറ്റുകൾ ഇല്ല. കാലത്തിന്റെ കാവ്യനീതി എന്നൊക്കെ പറയുന്ന കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് ഇടവുമില്ല. ശബരിമല കേസിലെ ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ വിധിന്യായം പോലെ ചരിത്രപരമായ മേന്മയുണ്ട് എന്നല്ല. ഈ കേസിൽ സാധ്യമാകുമായിരുന്ന നല്ലൊരു വിധി എന്നാണ് പ്രാഥമിക പരിശോധനയിൽ തോന്നിയത്. വിധിയിൽ എഴുതിയ ആളിന്റെ പേരില്ല എന്ന അസാധാരണത്വം മാറ്റി നിർത്തിയാൽ ആധാർ കേസിലൊക്കെ സംഭവിച്ചതുപോലെ ഒരു അലസമായ ഒരു വിധിയല്ല അയോധ്യകേസിൽ ഉണ്ടായിട്ടുള്ളത്. വളരെ അവധാനതയോടെ വന്നിട്ടുള്ള വിധി പ്രസ്താവമാണിത്. ഒരു വിയോജനക്കുറിപ്പ് പോലും ഉണ്ടായിരുന്നില്ല എന്നത് യാദൃശ്ചികതയുമല്ല. 

 എന്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദുചെയ്തു?

തർക്കസ്ഥലത്തെ മൂന്നായി തിരിച്ചുകൊണ്ടുള്ള ഒത്തു തീർപ്പു സാധ്യത ആരായുന്ന തരത്തിലായിരുന്നു അലഹബാദ് ഹൈക്കോടതി വിധി. എന്നാൽ ഒരു സിവിൽ തർക്കത്തിൽ കക്ഷികൾ ഉന്നയിക്കാത്ത തീർപ്പുകൾ അനുവദിക്കുക അസാധ്യമാണ് എന്ന് സുപ്രീംകോടതി വിലയിരുത്തി.  മാത്രമല്ല, നിർമോഹി അഖാരയുടെയും സുന്നി വഖഫ് ബോർഡിന്റെയും ഹർജികൾ ലിമിറ്ററേഷൻ ആക്ട് പ്രകാരം സമയപരിധി കഴിഞ്ഞാണ് ഫയൽ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് കണ്ട് തള്ളിയിരുന്നു. എന്നിട്ടും അന്തിമ വിധിയിൽ ഇവർക്കും സ്ഥലം അനുവദിച്ചിരിക്കുന്നു. ഇത് നിയമപരമായി സാധിക്കുകയില്ല.

എന്തുകൊണ്ട് സുന്നി വഖഫ് ബോർഡിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല?

ഒരു വസ്തുതർക്കത്തിൽ കക്ഷികൾ ഉന്നയിച്ചിരിക്കുന്ന വാദങ്ങൾ ആണ് കോടതി പരിഗണിക്കുക. വഖഫ് ബോർഡിന്റെ ആദ്യ ആവശ്യം ബാബരിമസ്ജിദും ചുറ്റുമുള്ള ഭൂമിയും ഒരു വഖഫ് ആയി അംഗീകരിക്കണം എന്നായിരുന്നു. 'വഖഫ്' എന്നാൽ ഇസ്‌ലാമിക നിയമപ്രകാരം മതപരമായ കാര്യങ്ങൾക്കോ കരുണ്യപ്രവർത്തനങ്ങൾക്കോ വേണ്ടി എന്നെന്നേക്കുമായി സമർപ്പിക്കപ്പെട്ട ഭൂമിയാണ്. ഇവിടെ മസ്ജിദിനു വേണ്ടി അല്ലാഹുവിൽ സമർപ്പിതമായ ഭൂമി. അത് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയുന്നതല്ല. വഖഫിന് എപ്പോഴും ഒരു വഖിഫ് ഉണ്ടാകും; നൽകുന്ന ആൾ. അയോധ്യയിൽ ബാബർ ആണ് വാഖിഫ്. 1528-ൽ ബാബറിന്റെ കൽപ്പന അനുസരിച്ച് മിർ ബാഖി ആണ് മസ്ജിദ് നിർമിച്ചത് എന്നാണ് വാദം. ഒരു വസ്തു വഖഫ് ആണെന്ന് സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ അത് തിരിച്ചെടുക്കാനാവില്ല. എന്നെന്നേക്കുമായി അതിന്റെ ഉടമസ്ഥത സ്ഥിരീകരിക്കപ്പെടും. അതുകൊണ്ടു തന്നെ കോടതികൾ വളരെ ശ്രദ്ധാപൂർവം മാത്രമേ അത് പരിഗണിക്കുകയൊള്ളൂ. മാത്രമല്ല അതു തെളിയിക്കേണ്ട ബാധ്യത വഖഫ് ആണെന്ന് വാദിക്കുന്ന കക്ഷിയുടെ മേൽ ആണ്.

വഖഫ് ആണ് എന്ന് സ്ഥാപിക്കുവാൻ ആദ്യം വേണ്ടത് വാഖിഫ് ആ ഭൂമി ഒരു വഖഫ് ആണെന്ന് പ്രഖ്യാപിച്ചതിന് ഉള്ള തെളിവാണ്. 1857 മുതൽ ബ്രിട്ടീഷുകാർ 'ജന്മസ്ഥാൻ മസ്ജിദ്'-ന് നല്കിപ്പോന്ന ഗ്രാന്റ് മാത്രമാണ് തെളിവായിട്ട് ഉള്ളത്. അത് ബാബർ നൽകിവന്ന ഗ്രാന്റിന്റെ തുടർചയാണ് എന്നായിരുന്നു വഖഫ് ബോർഡിന്റെ വാദം. എന്നാൽ ഇതിന് രേഖകൾ ഇല്ലായിരുന്നു.  1528 മുതൽ 1857 വരെയുള്ള 325 വർഷക്കാലത്തെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഒന്നും തന്നെയില്ല. അതുകൊണ്ട് തന്നെ സമർപ്പണത്തിലൂടെ (Waqaf by dedication) ഉള്ള വഖഫ് ആണെന്ന് സ്ഥാപിക്കാനാകില്ല. 

അത് അറിയാവുന്നതുകൊണ്ടാവണം ഉപയോഗത്തിലൂടെ വന്നു ചേർന്ന വഖഫ് ആണെന്ന വാദം ഉന്നയിക്കപ്പെട്ടത്. അവിടെയും നിയമപരമായി ഏതു തെളിയിക്കേണ്ടത് അവകാശം ഉന്നയിക്കുന്നവർ തന്നെയാണ്. കാലാകാലങ്ങളായി, തടസ്സമേതും ഇല്ലാതെ പ്രത്യക്ഷത്തിൽ കൈവശം വച്ച് ഉപയോഗിച്ചിരുന്നു എന്നു സ്ഥാപിക്കണം. ഇവിടെ വഖഫ് ആണെന്ന് അവകാശപ്പെടുന്ന ഭൂമി മസ്ജിദ് മാത്രമല്ല. അതിനുചുറ്റും ഹൈന്ദവർ  ആരാധന നടത്തിവന്നിരുന്നത് എന്ന കാര്യത്തിൽ തർക്കമില്ലാത്ത പ്രദേശം കൂടി ഉൾപ്പെടുന്നതാണ്. അതിനു നടുവിലാണ് മസ്ജിദ്. അതു സംബന്ധിച്ച് നിരവധി പ്രശനങ്ങൾ എത്രയോ കാലങ്ങളായി നിലനിൽക്കുന്നതാണ്. പ്രശ്നപരിഹാരത്തിനും സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടിയാണ് 1857-ൽ ബ്രിട്ടീഷുകാർ പള്ളി മതിൽ കെട്ടി തിരിച്ചത്. അങ്ങനെ ഹൈന്ദവരെ അവിടെ നിന്നും ഒഴിവാക്കി പ്രശ്നം പരിഹരിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ ഹൈന്ദവരാകട്ടെ മതിലിനു വെളിയിൽ നിന്നു മസ്ജിദ് ഇരിക്കുന്ന 'ഗർഭ ഗൃഹത്തെ' തൊഴുകുകയും നിരന്തരം ജന്മസ്ഥാനിനെക്കുറിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. അതിനു പുറത്തുള്ള ഭാഗത്തിലാകട്ടെ മുസ്ലീങ്ങൾ ഒരുകാലത്തും അവകാശം ഉന്നയിക്കുകയോ ആരാധന നടത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ 2.77 ഏക്കർ വരുന്ന സ്ഥലം ഉപയോഗത്തിലൂടെ  വഖഫ് ആയി എന്ന് അംഗീകരിക്കാൻ ആകില്ല.  പ്രദേശം വഖഫ് ആയി അംഗീകരിച്ചാൽ ഭൂമിയുടെ സ്വഭാവം എന്നന്നേക്കുമായി മാറും. എതിർ കക്ഷിയുടെ ഭൂമിക്കുമേലുള്ള അവകാശവാദത്തിനു പ്രസക്തിയില്ലാതാകും. ഇതേ കാരണം കൊണ്ടാണ് രാമജന്മഭൂമി ഒരു നിയമപരമായ വ്യക്തിയാണ് എന്ന വാദവും കോടതി അംഗീകരിക്കാതിരുന്നത്.

വഖഫ് ബോർഡിന്റെ മറ്റൊരു വാദം പ്രതികൂല കൈവശാവകാശം (adverse possession) അവർക്ക് വന്നു ചേർന്നിട്ടുണ്ട് എന്നതായിരുന്നു. അതായത് ഒരാളുടെ വസ്തു തുടർച്ചയായ 12 വർഷത്തിലേറെ മറ്റൊരാൾ പ്രത്യക്ഷത്തിൽ വച്ചനുഭവിക്കുന്നുവെങ്കിൽ വസ്തുവിന്റെ ഉടമസ്ഥത രണ്ടാമന് വന്നുചേരും. ഇത് തെളിയിക്കാൻ രണ്ടാമൻ വസ്തു തുടർച്ചയായി, ഭംഗമില്ലാതെ, സമാധാനത്തോടുകൂടി, മറ്റാരുമില്ലാതെ, പരസ്യമായി ഈ വസ്തു കൈവശം വച്ചിട്ടുണ്ടാകണം. ആകെ തർക്ക ഭൂമിയെ സംബന്ധിച്ചിടത്തോളം   അന്യപ്രവേശനം ഇല്ലാതെ സുന്നി വഖഫ് ബോർഡ് കൈവശം വച്ചു എന്ന് ഒരുകാലത്തും തെളിയിക്കാനാകില്ല. ചരിത്ര രേഖകൾ അനുസരിച്ച് 1857-ന് മുൻപും അവിടെ ഹൈന്ദവ ആരാധന നടന്നിരുന്നതിന് തെളിവുകളും ഉണ്ട്. 'പ്രതികൂല കൈവശം' എന്ന വാദത്തിന്റെ ഏറ്റവും വലിയ പ്രശ്നം  സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എതിർകക്ഷിക്കാണ് എന്ന് ആദ്യംതന്നെ അംഗീകരിച്ചു കൊടുക്കാതെ ഈ വാദം ഉന്നയിക്കാനാകില്ല എന്നതാണ്. ഇത് വിധിയിൽ പ്രത്യേകം പറയുന്നുമുണ്ട്. ഇത് ഒരു അനുബന്ധ വാദം മാത്രമാണെന്ന വിശദീകരണമാണ് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ ഡോ. രാജീവ് ധവാൻ നൽകിയത്. അതായത് ഉടമസ്ഥാവകാശം അഥവാ ഇനി ഹിന്ദുക്കൾക്ക് ആണെങ്കിൽ തന്നെ പ്രതികൂല അവകാശം അത് ഇതിനോടകം തങ്ങൾക്ക് ആയിട്ടുണ്ട് എന്ന്. 

എക്കാലവും ഭൂമി തങ്ങളുടെ കൈവശമായിരുന്നു എന്നും പല കാലഘട്ടത്തിലും അതിന്മേലുള്ള കൈയേറ്റ ശ്രമങ്ങളെ എതിർത്തു പോരുകയായിരുന്നു എന്നും വഖഫ് ബോർഡ് വാദിച്ചിരുന്നു. അതു പക്ഷെ , വഖഫ് ആണെന്ന് സ്ഥാപിക്കപ്പെട്ടാൽ മാത്രം നിലനിൽക്കുന്ന വാദമാണ്.

പിന്നീട്  ഉണ്ടായിരുന്നത് നിരന്തരമായി കൈവശം വയ്ക്കുന്നതുകൊണ്ടു വന്നുചേരുന്ന അവകാശം മാത്രമാണ്‌. അതിലും നിയമസാധുത നേടണമെങ്കിൽ തുടർച്ചയായി അന്യപ്രവേശനമില്ലാതെ കൈവശം വച്ചിരുന്നു എന്നു തെളിയിക്കാനാകണം. 'ബാബറി/ജന്മസ്ഥാൻ' മസ്ജിദിൽ 1857-ന് മുൻപ് ആരാധന നടന്നിരുന്നുവെന്നോ, 1857 മുതൽ അന്യപ്രവേശനമില്ലാതെ, ഇസ്‌ലാമിക ആരാധന മാത്രം നടന്നിരുന്നുവെന്നോ വഖഫ് ബോർഡിന് തെളിയിക്കാനായില്ല. അതുകൊണ്ട് അതും നിലനിക്കുന്ന വാദമല്ല എന്നു വന്നു.

എന്തുകൊണ്ടാണ് 'രാം ലല്ല'യ്ക്ക് അനുകൂലമായി വിധി വന്നത്?
അയോധ്യയിലെ താത്കാലില 'രാം ലല്ല' ക്ഷേത്രം

 ഉടമസ്ഥതയിലേക്കു വന്നാൽ ബ്രിട്ടീഷ് റവന്യൂ രേഖകളിൽ സർക്കാർ  ഭൂമിയായിട്ടാണ് (Nazul Land) ഈ സ്ഥലം നിലനിൽക്കുന്നത്. എന്നാൽ വിചാരണയുടെ ആദ്യഘട്ടത്തിൽ തന്നെ സർക്കാരിന് ഈ ഭൂമിയിൽ താൽപര്യമില്ലെന്നും ഉടമസ്ഥത കക്ഷികൾക്ക് നല്കുന്നതിനോട് വിയോജിപ്പ് ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു സർക്കാർ ഭൂമിയെന്ന പദവി കേസിനെ ബാധിക്കില്ല.   മസ്ജിദിനു  വെളിയിലുള്ള  (ആകെ സ്ഥലത്തിന്റെ ഭൂരിഭാഗം) അന്യപ്രവേശനമില്ലാത്ത തരത്തിൽ തന്നെ ഹൈന്ദവ ആരാധനാകേന്ദ്രമായിരുന്നു. ഒരു കാലത്തും മുസ്ലീങ്ങൾ അവിടെ അവകാശം ഉന്നയിച്ചിരുന്നുമില്ല. മതിൽ പണിതതിനു ശേഷം 1877-ൽ ആരാധനയ്ക്കെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് മറ്റൊരു കവാടം കൂടി ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട്. വലിയരീതിയിലുള്ള ഭക്തജനപ്രവാഹം അവിടേക്ക് ഉണ്ടായിരുന്നുവെന്നാണ് ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ടത്. 1857-ന് മുൻപും അവിടെ ഹൈന്ദവ ആരാധന ഉണ്ടായിരുന്നതായി രേഖയുണ്ട്. അതേസമയം മസ്ജിദ് ഹൈന്ദവരാധനാപ്രദേശത്തിന് മധ്യേയാണ്. അവിടെ 1857-ന് മുമ്പ് നിസ്കാരമോ ആരാധനയോ നടന്നതിന് തെളിവില്ല. 1857 മുതലെങ്കിലും തർക്കമന്ദിരത്തിനകത്ത് ഇരുവിഭാഗങ്ങളും ആരാധന നടത്തിയിരുന്നു . അതുകൊണ്ടാണല്ലോ അവിടെ മതിൽ പണിയേണ്ടി വന്നത്. മാത്രമല്ല 1858 നവംബർ 28-ന് മസ്ജിദിൽ ആരാധന നടത്തുന്ന നിഹാംഗ് സിംഗ് ഫക്കീറിനെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയ ഒരു പരാതിയിൽ തന്നെ മസ്ജിദിന്റെ അകത്ത്‌ നൂറുകണക്കിന് വർഷങ്ങളായി ഹൈന്ദവ ആരാധന നടന്നിരുന്നതാണ് എന്നു പറയുന്നുമുണ്ട്.  അതുകൊണ്ട് ആകെ വരുന്ന 2.77 ഏക്കർ സ്ഥലത്തിന്റെ അവകാശം നോക്കിയാൽ ഭൂരിഭാഗവും രാമജന്മഭൂമിയെ സംബന്ധിച്ച ഹൈന്ദവ  ആരാധനയുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഇരുപക്ഷത്തിനും പൂർണമായ അവകാശം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും തെളിവുകളുടെ ആധിക്യം 'രാം ലല്ല'യ്ക്ക് അനുകൂലമായി വരുന്നു. അതുകൊണ്ട് കേസ് അതിനനുകൂലമായി തീർപ്പാക്കുകയാണുണ്ടായത്. അയോദ്ധ്യ ആക്ടിന്റെ (Acquisition of Certain Area at Ayodhya Act, 1993) 6,7 വകുപ്പുകൾ അനുസരിച്ച് ആ ഭൂമി കേന്ദ്രസർക്കാർ ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രത്തിനായി കൈമാറണം. ആ ട്രസ്റ്റിൽ നിർമോഹി അഖാരക്കും സ്ഥാനമുണ്ടാകണം എന്നും നിർദേശം ഉണ്ട്.

എന്നിരുന്നാലും കേസ് അപ്രകാരം അവസാനിപ്പിച്ചാൽ അത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന തുല്യനീതിയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാകും. കാരണം മസ്ജിദ് അവിടെ നിലനിന്നിരുന്നു എന്നത് നിസ്തർക്കമായ വസ്തുതയാണ്. പള്ളി ക്ഷേത്രം തകർത്തു നിർമിച്ചതാണെന്നും, ക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ കൊണ്ടാണ് പണിതതെന്നും മറ്റുമുള്ള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഇസ്ലാമിക വിശ്വാസപ്രകാരം നിര്മിക്കപ്പെട്ടിട്ടുള്ള പള്ളിയല്ല എന്ന വാദവും തള്ളിക്കളഞ്ഞു. ദൈവശാസ്ത്രവിശകലനം നടത്തി തീർപ്പു കല്പിക്കേണ്ട ഇടമല്ല കോടതി, പ്രത്യക്ഷ വിശ്വാസമനുസരിച്ചു തർക്കമന്ദിരം മസ്ജിദ് ആണെന്ന് അംഗീകരിക്കുന്നു എന്നായിരുന്നു കോടതിയുടെ നിലപാട്. 1934-ലും 1949-ലും 1992-ലും പള്ളിക്കെതിരെ ആക്രമണം ഉണ്ടായി. 1934-ൽ പള്ളിമിനാരങ്ങൾ തർക്കപ്പെട്ടു. 1949-ൽ അറുപതു പേരോളം വരുന്ന ആൾക്കൂട്ടം അതിക്രമിച്ചു പള്ളിയകത്തു കയറി രാമ വിഗ്രഹം സ്ഥാപിച്ചു. അങ്ങനെ നിയമവിരുദ്ധമായി മുസ്ലീങ്ങളെ പള്ളിയിൽ നിന്നും പുറത്താക്കി. ഒടുവിൽ 1992-ൽ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് പള്ളി തകർത്തു. ഈ അന്യായങ്ങൾക്ക്, നിയമലംഘനങ്ങൾക്ക്, ആരാധനാലയം നഷ്ടപ്പെട്ടതിന്  പരിഹാരം നൽകാതെ കേസ് അവസാനിപ്പിച്ചാൽ അത് നീതിയുക്തമാകില്ല. അതുകൊണ്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 142 നൽകുന്ന സവിശേഷ അധികാരം ഉപയോഗിച്ചുകൊണ്ട് അയോധ്യയിൽ തന്നെ മസ്ജിദ് പണിയാനായി കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി വഖഫ് ബോർഡിന് അനുവദിക്കണം എന്നും കോടതി വിധിച്ചു. അത് മനസാക്ഷിയുടെ സ്വരമായാണ് വിധിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. 
 
1992, ഡിസംബർ 6: ഇന്ത്യൻ മതേതരത്വത്തിനേറ്റ തീരാ കളങ്കമായി ആൾക്കൂട്ട ഭീകരർ ബാബ്‌റി പള്ളി പൊളിക്കുന്നു.

എങ്കിലും ന്യായമായും തങ്ങൾക്ക് നീതി ലഭിച്ചിട്ടില്ലെന്ന വികാരം മുസ്ലീങ്ങൾക്കിടയിൽ ഉണരുവാനുള്ള കാരണമുണ്ട്. കാരണം പള്ളി തകർത്തത് തെറ്റെങ്കിൽ ആ പള്ളി അവിടെ പുനഃസ്ഥാപിക്കുകയല്ലേ സമാന്യനീതി എന്ന ചോദ്യം സ്വാഭാവികമാണ്. പക്ഷെ ഇവിടെ നമ്മൾ മറന്നു പോകുന്നത് ഇത് പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസ് അല്ല എന്നതാണ്. 1992-ൽ ആരംഭിച്ചതുമല്ല.  ഇതൊരു വസ്തു തർക്കമാണ്; 1950-ൽ ആരംഭിച്ചത്. അതിൽ വിധി പറയേണ്ടത് 1992-ലെ ഭീകരപ്രവർത്തനത്തെ മാത്രം കണക്കിലെടുത്തുകൊണ്ടല്ല. സർക്കാർ താത്പര്യമില്ല എന്ന് അറിയിച്ചതോടെ ഭൂമിതർക്കത്തിൽ സർക്കാർ ഒരു കക്ഷിയല്ല എന്നുവന്നു.  പിന്നെ പള്ളിമാത്രം വഖഫ് ബോർഡിന് നൽകുക എന്നതാണ് ഒരു മാർഗം. പക്ഷെ അത്തരമൊരു ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ല. മൊത്തം ഭൂമിയിലും ആയിരുന്നു ഉടമസ്ഥാവകാശം സ്ഥാപിക്കേണ്ടിയിരുന്നത്.  മാത്രമല്ല  സ്ഥലം വിഭജിച്ചു നൽകിയാൽ അതിനർത്ഥം വീണ്ടും കാലാകാലങ്ങളായി ഉള്ള നില തുടരുക എന്നതാണ്. പ്രശ്നം പിന്നെയും അങ്ങനെതന്നെ തുടരാനാണ് അതു വഴിവയ്ക്കുക. അത് ആശ്വാസ്യമല്ല എന്നും കോടതിയ്ക്ക് തോന്നിയിരിക്കാം. 

തങ്ങളുടെ തീരുമാനം സമകാലിക ഇന്ത്യയിലും രാഷ്ട്രത്തിന്റെ ഭാവിയിലും ഉണ്ടാക്കിയേക്കാവുന്ന വലിയ പ്രത്യാഘാതങ്ങളെക്കുറിച്ച് ന്യായധിപർ ബോധവന്മാരായിരുന്നു എന്ന് വിധി വായിച്ചാൽ ബോധ്യപ്പെടും. ഇനിയും ഇതുപോലെ തർക്കങ്ങൾ ഉയർന്നുവരാനുള്ള സാധ്യതയും മുന്നിൽ കണ്ടിട്ടുണ്ടാവണം. അതുകൊണ്ട് അത്തരം പഴുതുകൾ കോടതി തന്നെ അടയ്ക്കുവാൻ ശ്രമിച്ചിട്ടുണ്ട് എന്നുകാണാം.

ഭാവിയിലേക്കുള്ള  ന്യായവിചാരങ്ങൾ

ചരിത്രവും വിശ്വാസവും നിർവചിക്കേണ്ടത് കോടതിയല്ല എന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട് ഈ വിധിയിൽ. ബാബറി പള്ളി പണിതിരിക്കുന്നത് ഹൈന്ദവക്ഷേത്രം പൊളിച്ചിട്ടാണോ എന്ന കാര്യം രാഷ്ട്രപതി ആരാഞ്ഞപ്പോൾ 1992-ൽ തന്നെ സുപ്രീംകോടതി അത് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വിധിയിൽ അതു പരാമര്ശിക്കപ്പെടുന്നുമുണ്ട്. എന്നിരുന്നാലും അയോധ്യയിൽ എ. എസ്.ഐ. നടത്തിയ പഠനങ്ങളുടെ ഫലം കോടതി വിലയിരുത്തിയിട്ടുണ്ട്. പള്ളി പണിതിരിക്കുന്ന സ്ഥലത്തു മുൻപ് ക്ഷേത്രമുണ്ടായിരുന്നോ എന്നും അതു പൊളിച്ചിട്ടാണോ പള്ളി പണിതിരിക്കുന്നത് എന്നുമൊന്നും റിപ്പോർട്ടിൽ നിന്നും കണ്ടെത്താനാകില്ല. ഉടമസ്ഥ തർക്കങ്ങളിൽ കോടതി തീരുമാനമെടുക്കേണ്ടത് ചരിത്രവും വിശ്വാസവും, എ. എസ്.ഐ. ഖനനവും പരിശോധിച്ചല്ല, സുദൃഢമായ നിയമതത്വങ്ങളെ ആശ്രയിച്ചായിരിക്കണം എന്ന കോടതിയുടെ തീരുമാനം ഭാവിയിലേക്കുള്ള ശുഭകരമായ ഒരു ചൂണ്ടുപലകയാണ്. 

അതുപോലെ തന്നെ പ്രധാനമാണ് രാമ ജന്മഭൂമിയെ ഒരു നിയമപരമായ വ്യക്തിയായി അംഗീകരിക്കണം എന്ന ആവശ്യം അംഗീകരിച്ചില്ല എന്നതും. ഒരു സ്ഥലം വ്യക്തിയായി മാറിയാൽ അതിന്മേലുള്ള തർക്കങ്ങളെല്ലാം അപ്രസക്തമാകും. ആ സ്ഥലത്തിന്റെ പരിധി നിർണയിക്കുക എങ്ങനെയാണ് എന്നു തുടങ്ങി നിരവധി പ്രശനങ്ങൾ ഉയർന്നുവരും. ഏതു മതവിഭാഗത്തിന്റെ വിശ്വാസമാണ് കൂടുതൽ ശക്തം എന്ന് അളന്നുകൊണ്ട് ഒരു സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിര്ണയിക്കാനാകില്ല. ഒരു സിവിൽ തർക്കം എപ്പോഴും മതേതരമായി നിലനിൽക്കണം എന്ന് കോടതി അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു.

1949-ലെയും 1992-ലെയും അതിക്രമങ്ങൾ  നിയമവിരുദ്ധമാണ് എന്ന് വിധിയിൽ പലതവണ പറയുന്നുണ്ട്. പള്ളി തകർത്തതും തുടർന്നുള്ള കലാപവും സംബന്ധിച്ച ഗൂഡാലോചന കേസിൽ നീതി നടപ്പിലാക്കണം എന്ന ഒരു സൂചനയും വായിച്ചെടുക്കാനാകും.

ഏറെ പ്രധാനപ്പെട്ടതാണ് 1991-ലെ ആരാധനാലായങ്ങളെ സംബന്ധിച്ച നിയമ(Places of Worship Act 1991)-ത്തെക്കുറിച്ചുള്ള പരാമർശം. ആരാധനാലയങ്ങൾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 15-ന് എപ്രകാരം നിലനിന്നിരുന്നുവോ അതേ പദവിയിൽ തന്നെ തുടരണം എന്നാണ് ഈ നിയമം അനുശാസിക്കുന്നത്. 1991 ജൂലൈ പതിനാലിനാണ് ഈ നിയമം നിലവിൽ വന്നത്. ചരിത്രവും അതിന്റെ പിഴവുകളും വർത്തമാനകാലത്തെയും ഭാവിയെയും അടിച്ചമർത്താനുള്ള ഉപാധികളാകരുത് എന്നാണ് നിയമം പറയുന്നത്. അതിന്റെ പരിധിയിൽ നിന്നു പക്ഷേ, അയോദ്ധ്യ തർക്കം ഒഴിവാക്കപ്പെട്ടിരുന്നു. ഭരണഘടനാ ധാർമികതയുടെ പ്രകാശനമായാണ് അയോധ്യവിധിയിൽ ഈ നിയമത്തെ പ്രകീർത്തിക്കുന്നത്. 

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിവാദമായ സിവിൽ തർക്കത്തിന് പരിഹാരം നിശ്ചയിക്കുമ്പോൾ അത് ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യഖ്യാതങ്ങളെക്കുറിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ആകുലപ്പെട്ടിരുന്നു എന്നുവേണം കരുതാൻ. അതുകൊണ്ടാണ് അതിനൊരു ഏകസ്വരം വേണം എന്നും ഏതെങ്കിലും ഒരു ജഡ്ജിയുടേതായല്ല, കോടതിയുടെ ആകെ വിധി എന്ന തരത്തിൽ അത് പുറത്തു വരണം എന്നും ആഗ്രഹിച്ചത്. രാമജന്മഭൂമിയുമായി ബന്ധപ്പെട്ട അനുബന്ധത്തിനും വേറിട്ടൊരു രചയിതാവില്ല. എന്നാൽ വിധി എഴുതുന്നതിൽ അനുബന്ധത്തിന് അത്രയേറെ പ്രാധാന്യമൊന്നും ഇല്ലാതിരുന്നതുകൊണ്ടുകൂടിയാകാം അത് പ്രധാന വിധിക്കൊപ്പം ചേർക്കാതിരുന്നത്. ഇനിയൊരു അയോധ്യ ഉണ്ടാകരുതെന്ന ആഗ്രഹം വിധിയിലുടനീളം പ്രതിഫലിക്കുന്നുണ്ട്. ആരാധനാലയ നിയമത്തിന്റെ പ്രസക്തിയേക്കുറിച്ച് ഊന്നി പറഞ്ഞുകൊണ്ട് ആരാധനാലയങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തരുത് എന്ന നിബന്ധനയിലൂടെ വരുംകാലത്തോട് സംവദിക്കാനാണ് കോടതി ശ്രമിക്കുന്നത്.


letters.pbj@gmail.com

ലേഖനം മംഗളം ദിന പത്രത്തിൽ 2019 നവംബർ 17, 18 തിയ്യതികളിൽ പ്രസിദ്ധീകരിച്ചിരുന്നു.

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum