അരുതെന്ന് പഠന റിപ്പോര്‍ട്ട്: റിപ്പോര്‍ട്ടിനു മുന്‍പേ നോട്ടു നിരോധനം!

Monday, February 19, 2018

നോട്ടു നിരോധനം ആവശ്യമില്ലെന്ന പഠന റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുന്‍പേ, തിടുക്കപ്പെട്ട് നോട്ടു നിരോധിച്ചതിനു പിന്നില്‍ ആരുടെ താത്പര്യങ്ങളാണ്?



നോട്ട് നിരോധനം പ്രഖ്യപിച്ച് 15 മാസം പിന്നിട്ടിട്ടും തിരിച്ചു വന്ന നോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ് നമ്മുടെ റിസര്‍വ് ബാങ്ക്. കള്ളപ്പണവും കള്ളനോട്ടും കൈക്കൂലിയും ഭീകരവാദവും ഒക്കെ നിര്‍ബാധം തുടരുന്നുണ്ട്. 4 ലക്ഷം കോടി രൂപ റിസര്‍വ് ബാങ്കിന് ലാഭമുണ്ടാകും എന്നു സുപ്രീം കോടതിയില്‍ പറഞ്ഞെങ്കിലും ഗവണ്മെന്റിന് റിസര്‍വ് ബാങ്കില്‍ നിന്നു ലഭിച്ചു കൊണ്ടിരുന്ന ലാഭ വിഹിതത്തില്‍ 30,000 കോടി രൂപയുടെ കുറവാണ് സംഭവിച്ചിട്ടുള്ളത്. യാതൊരു പഠനവും തയ്യാറെടുപ്പുമില്ലാതെയാണ് ഡീമോണിട്ടൈസേഷന്‍ നടത്തിയത് എന്ന വിമര്‍ശനം ബലപ്പെട്ടു വരുന്ന സമയത്താണ് ഇതു സംബന്ധിച്ച് ബി ജെ പി ഗവണ്മെന്റ് തന്നെ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ശ്രദ്ധേയമാകുന്നത്. 
മഹാരാഷ്ട്രക്കാരനായ അനില്‍ ബോക്കില്‍ നേതൃത്വം നല്‍കുന്ന 'അര്‍ത്ഥക്രാന്തി പ്രതിഷ്ഠാന്‍' എന്ന സംഘടനയുടെ നിര്‍ദ്ദേശങ്ങളാണ് മോഡിയുടെ 'നവംബര്‍ 8 വിപ്ലവത്തിന്റെ' ചാലകശക്തി എന്നാണ് പറയപ്പെടുന്നത്. രണ്ട് നിര്‍ദ്ദേശങ്ങാണ് അവര്‍ മുന്നോട്ടു വച്ചത്. 1. നോട്ടു നിരോധനം: ഇന്ത്യയില്‍ വലിയ നോട്ടുകളുടെ അനുപാതം വളരെ കൂടുതലാണ്, അത് കുറച്ചു കൊണ്ടു വരേണ്ടതുണ്ട് അതിനായി വലിയ മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കണം 2. നിലവിലുള്ള എല്ലാ നികുതികളും പിന്‍വലിച്ച് ബാങ്ക് ഇടപാടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുക (ബാങ്കിംഗ് ട്രാന്‍സാക്ഷന്‍ ടാക്‌സ്). 
ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംസ്ഥാന ധനമന്ത്രാലയങ്ങളുടേയും അസൂത്രണ കമ്മീഷന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഫോര്‍ പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി (എന്‍.ഐ.എഫ്.പി.)-യെ ഹരിയാന, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തി. വിശദമായ പഠനത്തിനു ശേഷം അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, 2017 ജൂണ്‍ 12ന്. അപ്പോഴേയ്ക്കും പക്ഷേ നോട്ട് നിരോധനം നടപ്പാക്കിക്കഴിഞ്ഞിരുന്നു. എങ്കിലും എന്‍.ഐ.എഫ്.പി.യുടെ നിഗമനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
ആദ്യമായി കമ്മറ്റി പരിശോധിച്ചത് രണ്ടു കാര്യങ്ങളാണ്. 1. രാജ്യത്ത് ആവശ്യത്തിലധികം പണം നോട്ടുകളായി ഉണ്ടോ? 2. വലിയ മൂല്യമുള്ള നോട്ടുകളുടെ അനുപാതം അസാധരണമാം വിധം കൂടുതലാണോ? സമ്പദ്ഘടനയില്‍ കറന്‍സിയുടെ ആവശ്യകത നിര്‍ണയിക്കുന്ന ഘടകങ്ങള്‍- ജി ഡി പി,കയറ്റുമതി, ഇറക്കുമതി, പണപ്പെരുപ്പം, പലിശ നിരക്ക്, സ്‌പെഷ്യലൈസേഷന്റെ തോത്- സമഗ്രമായി പഠിച്ച സമിതി കണ്ടെത്തിയിരിക്കുന്നത് രാജ്യത്ത് സമ്പദ്ഘടന ആകശ്യപ്പെടുന്നതിലും അധികം കറന്‍സി ഇല്ല എന്നാണ്. 
രണ്ടാമതായി, സാമ്പത്തിക സൂചകങ്ങളും പാല്‍, മുട്ട, ബ്രഡ്, വെള്ളം എന്നിങ്ങനെ അവശ്യ വസ്തുക്കളുടെ വിലയും എല്ലാം പരിശോധിച്ച് ഇരുപത്തഞ്ചോളം രാജ്യങ്ങളുമായി താരതമ്യ പഠനം നടത്തിയതിനു ശേഷം പറയുന്നു, മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വലിയ നോട്ടുകളുടെ സര്‍ക്കുലേഷന്‍ കൂടുതലാണെന്ന വാദവും തെറ്റാണെന്ന്. മൊത്തം കറന്‍സിയുടെ 86% 500, 1000 രൂപ നോട്ടുകള്‍ അണെന്നത് വലിയ കുഴപ്പമാണെന്ന അര്‍ത്ഥക്രാന്തിയുടെ വാദത്തെ അമേരിക്കയേയും ബ്രിട്ടനേയും ഉള്‍പ്പടെ ഉദാഹരിച്ച് എന്‍.ഐ.എഫ്.പി. തള്ളുന്നു. മാത്രമല്ല ഈ നോട്ടുകള്‍ പിന്‍വലിച്ചാല്‍ ശേഷുക്കുന്ന വലിയ നോട്ടുകള്‍കൊണ്ട് കറന്‍സി സര്‍ക്കുലേഷന്‍ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കുക തന്നെവേണം എന്നും അവര്‍ തിരിച്ചറിഞ്ഞു.
അതായത് അര്‍ത്ഥക്രാന്തി മുന്നോട്ടു വച്ച നോട്ടുറദ്ദാക്കലിനുള്ള അടിസ്ഥാന ന്യായീകരണങ്ങള്‍ തന്നെ തെറ്റാണ് എന്ന് എന്‍.ഐ.എഫ്.പി. പഠനം വ്യക്തമാക്കുന്നു. മാത്രമല്ല നോട്ടു നിരോധനം കൊണ്ടുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്യുന്നുണ്ട് അതില്‍. 1. ജി.ഡി.പി.വളര്‍ച്ചയില്‍ ഉടന്‍ പ്രതീക്ഷിക്കാവുന്ന വലിയ കുറവ്, 2. ഉദ്പാദന നിരക്കില്‍ ഇടിവ്, 3. ബാങ്കില്‍ നിക്ഷേപം കൂടുന്നതുകൊണ്ട് വായ്പ്പ ലഭ്യത വര്‍ധിച്ചാല്‍ തന്നെ സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത വച്ച് അതുകൊണ്ട് വലിയ പ്രയോചനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല, 4. റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയും, 5. ഉപഭോഗം കുറയുന്നതിനാല്‍ പരോക്ഷ നികുതി വരുമാനത്തില്‍ കുറവ് വരും. 6. സമ്പദ്ഘടന ഔപചാരികമാകുന്നതിനാല്‍ വരുമാന നികുതി ദായകരുടെ എണ്ണം വര്‍ദ്ധിച്ചേക്കാം എന്നാല്‍ സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യക്ഷ നികുതി വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടാകുമോ എന്നത് സംശയകരമാണ്, 7. അര്‍ത്ഥക്രാന്തി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം ഇല്ലതാകണമെന്നില്ല, കാരണം കള്ളപ്പണം പണമായി മാത്രമല്ല വിനിമയം ചെയ്യപ്പെടുന്നത്. 8. കള്ള നോട്ടും ഭീകരപ്രവര്‍ത്തനവും തടയുന്നതിനും നോട്ടു നിരോധനം ഉപകരിക്കുമെന്നു പറയാനാകില്ല. കാരണം അവര്‍ക്ക് എപ്പോഴും മറ്റു മാര്‍ഗങ്ങള്‍ തേടാം. സമാന്തര സമ്പദ്ഘടനയേക്കുറിച്ചും ഭീകര സംഘടനകളുടെ ഫണ്ടിംഗിനെക്കുറിച്ചും പ്രതിപാദിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിജിറ്റല്‍ പണമിടപാടുകളിലൂടെയും ഇതൊക്കെ നടത്താനാകും എന്ന് പഠന റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.
റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് 'നവംബര്‍ 8 വിപ്ലവ'ത്തിനു ശേഷം മാസം പതിനഞ്ചു പിന്നിടുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ഗവണ്മെന്റ് ഏജന്‍സിയായ എന്‍.ഐ.എഫ്.പി.യുടെ ഈ റിപ്പോര്‍ട്ടിനെങ്കിലും കാത്തിരുന്നെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വന്‍ തിരിച്ചടിയും ജനങ്ങള്‍ക്ക് ദുരിതവും സമ്മാനിച്ച നോട്ട് നിരോധനം എന്ന ദുരന്തം ഒഴിവാകുമായിരുന്നു. ഇത്ര തിടുക്കപ്പെട്ട് ഇത്തരം ഒരു വിനാശകരമായ സാമ്പത്തിക നയം നടപ്പിലാക്കാന്‍ ഗവണ്മെന്റിനെ ഉപദേശിച്ചത് ആരായിരുന്നു? എന്തായിരുന്നു അതിനു പിന്നിലെ താത്പര്യം? ഇതൊന്നും നമ്മള്‍ ഒരുപക്ഷേ ഒരിക്കലും അറിയാന്‍ പോകുന്നില്ല. തിരിച്ചു വന്ന നോട്ടെണ്ണിത്തീര്‍ക്കാന്‍ ആവശ്യത്തിന് നോട്ടെണ്ണല്‍ യന്ത്രം ഇല്ലെന്നു പറഞ്ഞു നമ്മുടെ സാമാന്യബുദ്ധിയെ അപഹസിക്കുന്ന അധികാരികളില്‍ നിന്നും നമുക്ക് ഉത്തരങ്ങള്‍ പ്രതീക്ഷിക്കാനാകുമോ?

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum