വോട്ടിംഗ് യന്ത്രങ്ങളും ജനാധിപത്യത്തിന്റെ നിശബ്ദ മരണവും

Thursday, June 27, 2019




2010-ല്‍ ബി.ജെ.പി. നേതാവ് ജി.വി.എല്‍. നരസിംഹ റാവു എഴുതിയ ''ജനാധിപത്യം അപകടത്തില്‍'' എന്ന പുസ്തകം പ്രസിദ്ധീകൃതമാകുന്നതോടെയാണ് ഇന്ത്യയില്‍ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെ മുന്‍നിര നേതാക്കള്‍ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലുള്ള  ആശങ്കകള്‍ പരസ്യമാക്കുന്നത്. മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി.യുടെ എക്കാലത്തേയും ഏറ്റവും കരുത്തനായ നേതാവുമായ എല്‍.കെ. അദ്വാനിയാണ് പുസ്തകത്തിന് അവതാരികയെഴുതിയത്. പിന്നീട് സുബ്രമണ്യന്‍ സ്വാമി വോട്ടിംഗ് മെഷീനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. അവിടുന്നിങ്ങോട്ട് വിവിധ ഘട്ടങ്ങളിലായി രാജ്യത്തെ ഏകദേശം എല്ലാ രാഷ്ട്രീയ കക്ഷികളും  ഒരു ഘട്ടത്തിലല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വക്താവ് സഞ്ചയ് ഝാ, വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിച്ചു നടത്തിയില്ലെങ്കില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്ന് ട്വീറ്റ് ചെയ്തിരിക്കുന്നു. മമത ബാനര്‍ജിയും മായാവതിയും രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നു. നിരന്തരമായ തര്‍ക്കങ്ങള്‍ പൊതുസമൂഹത്തിനിടയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമായ വിശ്വാസ്വതയുടെ കടയ്ക്കു കത്തി വക്കുന്നതാണ്. ഇത്ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നതല്ല; ലോകത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളിലും ആശങ്കകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. മിക്കയിടങ്ങളിലും പേപ്പര്‍ ബാലറ്റുകള്‍ മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. കാരണം വിശ്വാസ്യത നഷ്ടമായാല്‍ പിന്നെ ജനാധിപത്യത്തിന് എന്തര്‍ത്ഥമാണുള്ളത്...

ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങളിൽ  കൃത്രിമം നടന്നിട്ടുണ്ട് എന്നോ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെട്ടുവെന്നോ സ്ഥാപിക്കാനുള്ള ഒരു തെളിവും നമ്മുടെ പക്കലില്ല. ഈ ലേഖനത്തിന്റെ ഉദ്ദേശ്യവും അതല്ല. ഒരു ജനാധിപത്യ രാജ്യത്തിലെ പൗരർ  എന്ന നിലയ്ക്ക് നമുക്ക് ചെയ്യാൻ കഴിയുന്നത് ചോദ്യങ്ങൾ ഉയർത്തുക എന്നത് മാത്രമാണ്. അന്വേഷണങ്ങൾ നടത്തി തെളിവുകളും വസ്തുതകളും ഹാജരാക്കുവാനുള്ള അധികാരവും സംവിധാനങ്ങളും ഉള്ളത് ഭരണഘടനാ സ്ഥാപനങ്ങൾക്കാണ്. അത് ചെയ്യുകയും സംശയങ്ങൾ ദൂരീകരിക്കുകയും സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് അവരുടെ കർത്തവ്യമാണ്.  അതിൽ അവർ വിജയിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. നീതി നടപ്പിലാക്കുന്നു എന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കാൻ അവർക്കു കഴിയുന്നുണ്ടോ എന്നാണ് നാം അന്വേഷിക്കുന്നത്.

1951, 1977 പൊതു തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യം ഇത്രയധികം ആകംഷയോടെയും ഉത്കണ്ഠയോടെയും ഫലം കാത്തിരിക്കുന്ന ഒരു തെരഞ്ഞെടുപ്പ്  ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം പരാജിതരെയും വിജയികളെയും ഒരേ പോലെ ഞെട്ടിപ്പിക്കുംവിധമായിരുന്നു. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ഫീൽഡിലുണ്ടായിരുന്ന ദേശീയ, അന്തർദേശീയ മാധ്യമപ്രവർത്തകർക്കാർക്കും ഇത്രമാത്രം വലിയ ഒരു ഗവണ്മെന്റ് അനുകൂല തരംഗം ഉണ്ടാകുമെന്ന് തിരിച്ചറിയാനായില്ല. ഇലക്ഷന്തൊട്ടു മുൻപ് വരെ ആർ. എസ് . എസ് . നേതൃത്വം പോലും ഇത്തരമൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് പറഞ്ഞത് സഖ്യ കക്ഷികളുടെ പിന്തുണയോടു കൂടിയേ അധികാരത്തിൽ തിരിച്ച്ചെത്താൻ കഴിയൂ എന്നാണ്. ഇതുപോലെ വലിയ വിജയം പ്രവചിച്ച എക്സിറ്റ് പോളുകൾ ആകട്ടെ, പലതരത്തിലുള്ള വിമർശനങ്ങൾ നേരിടുകയും ചെയ്തു. ഫലം  വന്നപ്പോൾ കൃത്യമെന്ന എല്ലാവരും പറഞ്ഞ ഇന്ത്യടുഡേയുടെ എക്സിറ്റ് പോൽ ഫലത്തിൽ വാൻ ക ക്ര മക്കേടുകൾ ഉണ്ടായിവരുന്നതിനെത്തുടർന്ന് സംസ്ഥാന തല ഫലങ്ങളുടെ പ്രവചനം പിൻവലിക്കുക പോലും ഉണ്ടായി. കോൺഗ്രസ്മത്സരിക്കുക പോലും ചെയ്യാതിരുന്ന ചെന്നൈ സെൻട്രലിൽ കോൺഗ്രസ് വിജയിക്കുമെന്നും ആംആദ്മി പാർട്ടി മത്സരിക്കാത്ത ഉത്തരാഖണ്ഡിൽ അവർക്ക് 2.9 ശതമാനം വോട്ടു വിഹിതം നല്കുകയുമൊക്കെ ചെയ്തു ഈ പോളുകൾ . എന്നിട്ടും വിജയിച്ചത് എക്സിറ്റ് പോളുകൾ തന്നെയാണ്. ജാതിസമവാക്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുവാൻ ബിജെപിക്ക് കഴിഞ്ഞത്, പ്രതിപക്ഷ സഖ്യത്തിലെ ഒത്തിണക്കമില്ലായ്മ, ഹിന്ദുത്വം, തീവ്രദേശീയത, എന്നിങ്ങനെ വോട്ടെടുപ്പാനന്തര വിശകലനങ്ങളുടെ കുത്തൊഴുക്കിൽ രാഷ്ട്രീയ വിചക്ഷണൻര് മുഴുകിയിരിക്കുമ്പോഴാണ് വോട്ടിംഗ് യന്ത്രം വീണ്ടും ചർച്ചയാകുന്നത്. ദൗർഭാഗ്യവശാൽ വിവാദങ്ങൾക്ക് എണ്ണയാകുന്ന നടപടികൾ ആണ് തെരഞ്ഞെടുപ്പ്കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്..

പൊതു തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രം വീണ്ടും വിവാദവിഷയമാകുന്നത് അരക്ഷിതമായി ഇവ  ട്രക്കുകളിലും ജീപ്പുകളിലുമൊക്കെ കൊണ്ടുപോകുന്നതും സ്ട്രോങ്ങ്റൂമുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതും ഒക്കെ വാർത്തയായപ്പോഴാണ്. ഇന്ത്യൻ വോട്ടിംഗ് യന്ത്രത്തിന് അനുകൂലമായ സുരക്ഷാവാദഗതികളൊക്കെ അതിന്റെ ഭൗതീക സുരക്ഷിതത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നിരിക്കെ  ഈ സംഭവങ്ങൾ വലിയ ആശങ്ക ഉണർത്തുന്നതാണ്. വോട്ടിംഗ് കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ കേടുവന്നാലോ മറ്റോ ഉപയോഗിക്കാനായി സൂക്ഷിച്ച ‘റിസർവ്’ ഇ.വി.എം.കൾ ആണ് ഇവയെന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ വിശദീകരണം. എന്നാൽ റിസർവ് വോട്ടിംഗ് യന്ത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ചട്ടങ്ങളിൽ കൃത്യമായി പറയുന്നുണ്ട്. പോൾ ചെയ്യാൻ ഉപയോഗിച്ച യന്ത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ, അതേവിധം തന്നെ, അന്നേ ദിവസം തന്നെ സ്ട്രോങ് റൂമിൽ എത്തിക്കണം എന്നാണ്. ഇത് വോട്ടിംഗ് പ്രക്രിയ സുരക്ഷിതമാക്കുവാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ സ്വീകരിക്കുന്ന  പ്രൊസീജറൽ സേഫ്ഗാർഡുകളുടെ ഭാഗമാണ്. അവ വ്യാപകമായി ലംഘിക്കപ്പെടുന്നു സാഹചര്യം ഉണ്ടാകുമ്പോൾ അതിൽ അന്വേഷണം നടത്തുന്നതിന് പകരം, ആദ്യ ഘട്ടത്തിൽതന്നെ ന്യായീകരണങ്ങൾ നിരത്തുന്നത് കമ്മീഷന്റെ വിശ്വാസ്യതയ്ക്ക് ഗുണം ചെയ്യുന്നതല്ല. അല്ലെങ്കിൽ തന്നെ കമ്മീഷന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയും നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും  തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ സംബന്ധിച്ച പരാതികളിൽന്മേൽ തുടരെ തുടരെ ‘ക്‌ളീൻചിറ്റ് ‘ നൽകിയ ചെയ്ത നടപടിക്കെതിരെ ഇലക്ഷൻകമ്മീഷണർ അശോക് ലാവാസ തന്നെ രംഗത്തു വരികയും ചെയ്ത സാഹചര്യത്തിലാണ് ഇതെന്ന് കൂടി ഓർക്കണം

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ മെയ് 24 -ലെ ഫ്രണ്ട് ലൈൻ മാസികയിൽ വെങ്കിടേഷ് രാമകൃഷ്ണൻ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മനോരഞ്ചൻ റോയ് എന്നയാൾ വിവരാവകാശ നിയമപ്രകാരം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉണ്ടാക്കുന്ന ബി.ഇ.എൽ., ഇ.സി.ഐ.എൽ. എന്നീ കമ്പനികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങൾ പ്രകാരം കമ്പനികളും കമ്മീഷനും നൽകിയ  വിവരങ്ങളിൽ വൻ പൊരുത്തക്കേടുണ്ട്. ഇരു കമ്പനികളും നിർമ്മിച്ച് നൽകിയ യന്ത്രങ്ങളുടെ എണ്ണത്തേക്കാൾ ഇരുപതു ലക്ഷത്തോളം എണ്ണം കുറവാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കസ്റ്റഡിയിൽ എത്തിയിട്ടുള്ളത്. പല വർഷങ്ങളിലെയും വ്യത്യാസങ്ങൾ നമ്മളെ ആശങ്കയിലാഴ്ത്തുന്നതാണ്. ഉദാഹരണത്തിന് ബി.ഐ.എൽ. മോഡി ഗവണ്മെന്റ് അധികാരത്തിൽ വന്ന ആദ്യവര്ഷം, 2014 -15 ൽ, ബി.ഐ.എൽ. 62,183 വോട്ടിംഗ് യന്ത്രം നിർമിച്ചു നൽകിയെന്ന് അറിയിക്കുമ്പോൾ, ഇലക്ഷൻ കമ്മീഷൻ  ഒരെണ്ണം പോലും കൈപ്പറ്റിയിട്ടില്ല എന്നാണ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടി. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹർജി 13 മാസമായി മുംബൈ  ഹൈക്കോടതിയിൽ ഉണ്ട്. കമ്പനികൾ നിർമിച്ചു വിതരണം ചെയ്ത, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം എത്തിച്ചേരാത്ത വോട്ടിംഗ് യന്ത്രങ്ങൾ എവിടെ എന്ന ചോദ്യം ഉയർന്നപ്പോൾ എങ്ങും തൊടാതെ, കണക്കുകളൊന്നും  ബോധിപ്പിക്കാതെ, എല്ലാ ആശങ്കകളും അസ്ഥാനത്താണെന്ന ഒറ്റ മറുപടിയാണ് കമ്മീഷൻ നൽകിയത്.

വോട്ടിംഗ് യന്ത്രങ്ങൾക്കായി ചെലവഴിച്ച  വില സംബന്ധിച്ചും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട് .  കമ്പനികൾ നൽകുന്ന കണക്കു പ്രകാരം 2017 സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ ഇവർക്ക് തെരഞ്ഞെടുപ്പ് യന്ത്രം വിതരണം ചെയ്തവകയിൽ  ലഭിച്ച തുക രൂ . 652,56,44,000/-, തെരഞ്ഞെടുപ്പ് കമ്മീഷൻ ചെലവഴിച്ചതാകട്ടെ രൂ . 536,01,75,485 /- യും. അതായത് കമ്മീഷൻ നല്കിയതിനേക്കാൾ  നൂറ്റിപ്പതിനാറു കോടി രൂപ കൂടുതൽ ഈ കമ്പനികൾക്ക് ലഭിച്ചു! ഇതൊക്കെ സമഗ്രമായ മറുപടി ആവശ്യപ്പെടുന്ന വസ്തുതകളാണ്. എന്നാൽ കമ്മീഷൻ ആകെ പറയുന്നത് വിവരാവകാശപ്രവർത്തകൻ വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നുള്ളകണക്കുകൾ സെലക്ടീവ് ആയി എടുത്ത് പൊതുതാത്പര്യഹർജിയുമായി  സമീപിച്ചതാണ് എന്ന് മാത്രമാണ്. ഇത്ര സുപ്രധാനമായ കാര്യങ്ങളിൽ എല്ലാ അധികാരസ്ഥാപനങ്ങളും നൽകുന്ന കണക്കുകൾ ഒത്തുപോകും എന്നല്ലേ കരുതേണ്ടത്? മറ്റൊരു വിശദീ കരണം കമ്മീഷൻ കൃത്യമായ ഇ.വി.എം. മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ഉണ്ട്. അത്പരിശോധിച്ചയാൾ ഓരോ യന്ത്രവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭിക്കും ഒരു യന്ത്രം പോലും നഷ്ടമാകില്ല എന്നാണ്. എന്നാൽ യന്ത്രം ഒരിക്കലും എത്തപ്പെടാൻപാടില്ലാത്ത പലയിടങ്ങളിലും ഇത് കണ്ടെത്തുന്നതായുള്ള റിപ്പോർട്ടുകൾ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ദിവസേനയെന്നോണം വന്നുകൊണ്ടിരിക്കുകയാണ്.

ഇലക്ഷൻ യന്ത്രങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സംവിധാനത്തിൽ ശേഖരിക്കപ്പെട്ട   വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് കമ്മീഷൻ നൽകിയ മറുപടി. ആ വിവരങ്ങൾ ലഭ്യമല്ല എന്നാണ്. അതിനർത്ഥം ഇലക്രോണിക് രൂപത്തിലും ഭൗതീകരൂപത്തിലും അവ ശേഖരിച്ചു സൂക്ഷിക്കുന്നില്ല എന്ന്. പിന്നെ എന്തിനാണ് ജി.പി.എസ്. എന്ന സംശയം ബാക്കിയാവുന്നു. പിന്നീടെപ്പോൾ വേണമെങ്കിലും പരിശോധിച് ഉറപ്പു വരുത്താൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സംവിധാനം?

ലോക്സഭാമണ്ഡലം തിരിച് ആകെ പോൾ ചെയ്ത വോട്ടുകളുടെ  എണ്ണവും വോട്ടെണ്ണിയപ്പോൾ ആകെ ലഭിച്ച വോട്ടുകളുടെ എണ്ണവും പൊരുത്തപ്പെടാത്തത് വലിയ പ്രശ്നമായി ഉയർന്നുവരികയാണ്. ന്യൂസ്ക്ലിക്ക്  പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്  373 മണ്ഡലങ്ങളിൽ ഈ പൊരുത്തക്കേട് നിലനിൽക്കുന്നു. ആംജനത.കോം-നു വേണ്ടി വിദ്യുത് വോട്ടെണ്ണ-പൊരുത്തക്കേടുകളുടെ ലോകസഭാമണ്ഡലങ്ങൾ തിരിച്ചുള്ള ഇന്ററാക്ടീവ് ഭൂപടം തന്നെ ഒരുക്കിയിട്ടുണ്ട്. 2014 -ലെ ഇലക്ഷൻ കണക്കുകളിലും ഇത്തരം പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു  ഈ ലേഖകൻ നടത്തിയ പരിശോധനയിൽ 2014 മെയ് 17 -ണ് ലഭ്യമായിരുന്ന വിവരങ്ങൾ ഉത്തർപ്രദേശിലെ ബലിയാ മണ്ഡലത്തിൽ 91,459 വോട്ടുകളുടെ വ്യത്യാസം കാണാൻ കഴിഞ്ഞിരുന്നു. നിരവധി മണ്ഡലങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞു.  ആരോപണം ഉയർന്നപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടു ചെയ്തവരുടെ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും അപ്‌ലോഡ് ചെയ്തിരുന്നത് പ്രൊവിഷണൽ കണക്കായിരുന്നു അവസാനവിവരങ്ങൾ ആയി വരുന്നതേയുള്ളൂ എന്ന് വിശദീകരണക്കുറിപ്പ് ഇറക്കുകയുംചെയ്തു. എന്നാൽ ഓർക്കേണ്ട ഒരു കാര്യമുണ്ട് , ഇലക്ഷൻ കമ്മീഷൻ വോട്ട് ചെയ്ത ആളുകളുടെ എണ്ണം ആദ്യം തന്നെ പുറത്തു വിടുന്നത് അതൊരു ആചാരമായായത്‌ കൊണ്ടല്ല. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു മുൻപ് ബാലറ്റ് സ്റ്റഫിംഗ്  നടക്കാതിരിക്കാനാണ്. അതായത് പിന്നീട് പെട്ടിയിൽ ബാലറ്റുകൾ കുത്തി നിറച് ഫലം അട്ടിമറിക്കാതിരിക്കാൻ. ആദ്യം പ്രഖ്യാപിച്ച ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണവും ഫലം എണ്ണിയപ്പോൾ ഉള്ള ആകെ വോട്ടെണ്ണവും തുല്യമായിരിക്കണം. വോട്ടെണ്ണി കഴിഞ്ഞിട്ടേ, പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പറയൂ എന്നു വന്നാൽ പിന്നെ അതിന്റെ അര്ഥമെന്താണ്?
ഓരോ 2 മണിക്കൂറിലും ചെയ്ത വോട്ടുകളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പോളിങ് അവസാനിക്കുമ്പോൾ മുഴുവൻ പോൾ ചെയ്ത വോട്ടും ലഭ്യമാകും. പിന്നെ പോസ്റ്റൽ ബാലറ്റുകൾ മാത്രമാണ് കൂട്ടിക്കിച്ചേർക്കേണ്ടി വരിക. അതുകൊണ്ടുതന്നെ ഈ എണ്ണങ്ങൾ പിന്നീട് മാറാൻ പാടുള്ളതല്ല. അത് എണ്ണിയ വോട്ടുകളുമായി ടാലി ആവുകയും വേണം.ജനാധിപത്യം തന്നെ അപകടത്തിലാകുമോ എന്ന ആശങ്കകള്‍ ഉയരുന്ന സന്ദര്‍ഭത്തില്‍ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദുരൂഹമായ സാഹചര്യങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ നമ്മുടെ ജനാധിപത്യം സംശയത്തിന്റെ സൂചിമുനയിലാകുകയാണ്. ഈ ഘട്ടത്തിലാണ് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് നമ്മൾ വീണ്ടും ചർച്ച ചെയ്യുന്നത്.

വോട്ടിംഗ് യന്ത്രത്തോട് ജനധിപത്യവിശ്വാസികള്‍ വിയോജിക്കുന്നത് കേവലം സാങ്കേതികതയുടെയോ, സുരക്ഷിതത്വത്തിന്റെയോ പേരിലല്ല. നിലവിലെ ഇ.വി.എം. സംവിധാനങ്ങളൊന്നും അടിസ്ഥാന ജനാധിപത്യ പ്രമാണങ്ങളോട് യോജിച്ചു പോകുന്നില്ല എന്നതുകൊണ്ടാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനമായ വോട്ടെടുപ്പിന്റെ പ്രാഥമിക ചേരുവകള്‍ മൂന്നാണ്. രഹസ്യ ബാലറ്റ്, സുതാര്യത, വിശ്വാസ്യത. നമുക്ക് ഓരോന്നായി പരിശോധിക്കാം.

1. രഹസ്യ ബാലറ്റ്
ഒരു പൗരന്‍ ചെയ്യുന്ന വോട്ട് മറ്റൊരാള്‍ അറിയാന്‍ പാടില്ല എന്നതാണിത്. ബാലറ്റില്‍ നമ്മള്‍ മഷി കുത്തുന്നത് രഹസ്യമായാണ് അത് മടക്കി പെട്ടിയില്‍ നിക്ഷേപിക്കുന്നതും നമ്മള്‍ തന്നെ മറ്റൊരാള്‍ അത് ഏതെന്നറിയാണുള്ള സാധ്യത സാധാരണഗതിയില്‍ ഇല്ല. വോട്ടിംഗ് മെഷീനിലും ഇത് സാധ്യമാണ്, ആധാര്‍ പോലുള്ള ഏതെങ്കിലും പൊതു നമ്പറുമായി ബന്ധല്ലെടുത്തി ഇത് ലോഗ് ചെയ്യപ്പെടാത്തിടത്തോളം കാലം.

എങ്കിൽ പോലും, ഓരോ ബൂത്തിലെയും വോട്ടുകള്‍ പ്രത്യേകം എണ്ണുന്നതുകൊണ്ട് ഇപ്പോള്‍ ബൂത്ത് തലത്തിലുള്ള പ്രൊഫൈലിങ് നടത്തുന്നുണ്ട്. താത്പര്യ കക്ഷികള്‍ക്ക് ബൂത്തു തലത്തില്‍ സ്വാധീനം ചെകുത്താന്‍/ പക വീട്ടാന്‍ ഒക്കെ ഇത് സാധ്യതകള്‍ ഒരുക്കുന്നുണ്ട്. ബാലറ്റ് ആണെങ്കില്‍ എല്ലാം മിക്‌സ് ചെയ്തതിനു ശേഷം മാത്രമേ എണ്ണല്‍ ആരംഭിക്കുമായിരുന്നോള്ളൂ. ഈ പ്രശ്നം പരിഹരിക്കാൻ പല രാജ്യങ്ങളും ടോട്ടലൈസർ  എന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്.

2. സുതാര്യത
തങ്ങള്‍ ചെയ്ത വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണ് പോകുന്നത് എന്ന് ഓരോ സമ്മതിദായകനും സ്വയം നേരിട്ട് കണ്ട് ബോധ്യപ്പെടാനുള്ള അവസരമാണിത്. പേപ്പര്‍ ബാലറ്റില്‍ ഓരോരുത്തരും കുത്തുന്ന വോട്ട് ആ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനുമേല്‍ തന്നെ പതിയുന്നു എന്ന് കണ്ടു ബോധ്യപ്പെടാനാകും. വോട്ടിംഗ് യന്ത്രത്തിലാണെങ്കില്‍, ബാലറ്റ് യൂണിറ്റില്‍ തെളിയുന്ന എല്‍.ഇ.ഡി. വെളിച്ചവും, ബീപ്പ് ശബ്ദവുമാണ് ഏക തെളിവ്. കണ്ട്രോള്‍ യൂണിറ്റില്‍ വോട്ട് ഏത് സ്ഥാനാര്‍ഥിയുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന് സംശയം ഉയര്‍ന്നാല്‍ വെളിച്ചം കണ്ടു വിശ്വസിച്ചോളൂ എന്നു മാത്രമേ പറയാനാകൂ.

3. വിശ്വാസ്യത
ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസ്യത പരമപ്രധാനമാണ്. ഏതെങ്കിലും ഒരു ഘട്ടത്തില്‍ വോട്ടെടുപ്പിനെക്കുറിച്ച്, വോട്ടെണ്ണലിനെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍, അതു പരിശോധിക്കാന്‍ കഴിയണം. ഫലം ഓഡിറ്റബിള്‍ ആകണം. പേപ്പര്‍ ബാലറ്റില്‍ എല്ലാ കക്ഷികള്‍ക്കും പേപ്പറില്‍ നോക്കി തീര്‍ച്ചപ്പെടുത്തി തൃപ്തികരമായ വീണ്ടും വോട്ടെണ്ണല്‍ നടത്തുവാനുള്ള സാധ്യതകള്‍ ഉണ്ട്.

വോട്ടിംഗ് മെഷീനില്‍ റീകൗണ്ടിംഗ് എന്നത് അസംബന്ധമാണ്. കാരണം യന്ത്രത്തിലെ  ഇൻപുട്ട് (ചെയ്ത വോട്ട്) ഏതെന്ന് ആര്‍ക്കും അറിയില്ല, പരിശോധിക്കാനും കഴിയില്ല, അങ്ങനെ പരിശോധിക്കണമെങ്കില്‍ എല്ലാവരുടെയും വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് വോട്ടുവിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ഔട്ട്പുട്ട് (ഓരോ സ്ഥാനര്‍ത്ഥിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം) നമുക്ക് ഇന്‍പുട്ടുമായി ഒത്തു നോക്കാനാവില്ല. അതുകൊണ്ടുതന്നെ തിരിമറികള്‍ നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്താനും കഴിയില്ല.

വോട്ടിംഗ് യന്ത്രം കാല്‍ക്കുലേറ്റര്‍ പോലെ ഒരു ലളിതയന്ത്രമാണ്, തെറ്റുണ്ടെങ്കില്‍ അതു മാറ്റിയാല്‍ പോരെ എന്നു ചോദിക്കുന്നവര്‍ അറിയുക; കള്‍ക്കുലേറ്ററിന്റെ കാര്യത്തില്‍ 5+5=10 എന്ന് ഉത്തരം തരാത്ത കാല്‍ക്കുലേറ്റര്‍ തെറ്റാണ് എന്ന് നമ്മൾ  മനസ്സിലാക്കുന്നത് 10 എന്ന ഉത്തരം വരാന്‍ കാരണം 5+5 എന്ന ചോദ്യമാണ് എന്നു നമുക്ക് അറിയാവുന്നത് കൊണ്ടാണ്. ഇവിടെ നമുക്ക് ചോദ്യമേതെന്ന് (ഇൻപുട്ട്) അറിയില്ല. എന്ന് മാത്രമല്ല, 10 എന്നത് 5+5 ആണോ, 9+1 ആണോ, 6+4 ആണോ എന്നതൊക്കെ പ്രസക്തമായ സാഹചര്യത്തില്‍ ഒരു ഓഡിറ്റിങ് സംവിധാനം അത്യന്താപേക്ഷിതമാണ്. അതുപക്ഷേ, വോട്ടിംഗ് യന്തത്തില്‍ സാധ്യവുമല്ല.

ചുരുക്കത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ക്ക് വിരുദ്ധമാണ്. ഈ ഒറ്റ നിലപാടിന്മേല്‍ ആണ്,  2005ല്‍ ജര്‍മനിയുടെ ഭരണഘടനാ കോടതി വോട്ടിംഗ് യന്ത്രങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞത്. 'ഒരു വിദഗ്ദ്ധന്റെയും സഹായമില്ലാതെ സാധാരണക്കാര്‍ക്ക് പരിശോധിച്ചു വിശ്വാസ്യത ഉറപ്പു വരുത്താന്‍ കഴിയുന്നതാകണം വോട്ടിംഗ് സംവിധാനം'എന്നാണ് കോടതി നിരീക്ഷിച്ചത്.
വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ അതു പരിശോധിച്ച് അറിയാനുള്ള മാര്‍ഗം ഇല്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ അത് ജനാധിപത്യത്തിന് അനുയോജ്യമല്ല എന്നു കരുതേണ്ടിയിരിക്കുന്നു. കാരണം ഒരു തെരഞ്ഞെടുപ്പ് അട്ടിമറി ഉണ്ടാകുകയാണെങ്കില്‍ പുറത്തു നിന്നുള്ള ഒരു തിരിമറിയേക്കാള്‍ സാധ്യത ഒരു ആഭ്യന്തര അട്ടിമറിക്കാണ്. അത്തരത്തില്‍ അട്ടിമറി നടന്നാല്‍ അത് സാധാരണക്കാരന് കണ്ടു ബോധ്യപ്പെടും വിധം തിരിച്ചറിയനാവില്ല. കാരണം വോട്ടിംഗ് യന്ത്രം അതാര്യമാണ്. ഫോറന്‌സിക്ക് പരിശോധനകളുടെ സാധ്യതകള്‍ ഒക്കെ ഉണ്ടെങ്കിലും അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഗവണ്മെന്റും ഭരണകൂടോപകരണങ്ങളും അതു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയോ വെളിച്ചത്തു കൊണ്ടുവരികയോ ഇല്ലെന്നത് വ്യക്തമാണ്. ഒരു മോശം വോട്ടിംഗ് യന്ത്രം ഒരു മോശം ഗവൺമെന്റിനാകും വഴിയൊരുക്കുക. മോശം ഗവണ്മെന്റ് ഒരിക്കലും മോശം യന്ത്രങ്ങൾ ഉണ്ടെന്നു വിളിച്ചു പറയുകയുമില്ല.  അതായത് സംഭവിക്കാൻ പോകുന്നത് ജനാധിപത്യത്തിന്റെ നിശ്ശബ്ദമരണമാണ് .

വി.വി.പാറ്റ് , സംവിധാനം എത്രമാത്രം ഫലപ്രദമാണ് എന്നതും ആലോചനാവിഷയമാണ്. വി.വി.പാറ്റ്  പോളിങ് ബൂത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇപ്രകാരമാണ്. ഒരാള്‍ ബാലറ്റ് യൂണിറ്റില്‍ വോട്ടു ചെയ്താല്‍, അതേ ചിഹ്നത്തില്‍ ഒരു സ്ലിപ്പ് വി.വി.പാറ്റ് യന്ത്രത്തില്‍ പ്രിന്റ് ചെയ്യുന്നു. ആ സ്ലിപ്പ് 7 സെക്കന്‍ഡ് നേരത്തേക്ക് വോട്ടര്‍ക്ക് ദൃശ്യമായിരിക്കും. അതിനുശേഷം അതു മുറിഞ്ഞ് യന്ത്രത്തിന്റെ പെട്ടിയിലേക്ക്  ലേക്ക് വീഴും. ഈ അവസരത്തില്‍ താന്‍ വോട്ടു ചെയ്ത ചിഹ്നത്തില്‍ അല്ലാതെ മറ്റൊരു ചിഹ്നത്തില്‍ വി.വി.പാറ്റ് സ്ലിപ്പ് വരുന്നതായി വോട്ടര്‍ക്ക് തോന്നിയാല്‍ പരാതി പറയാം. അപ്പോള്‍ തന്നെ ടെസ്റ്റ് വോട്ടിനുള്ള അവസരം ഉണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അയാള്‍ക്ക് വീണ്ടും വോട്ടുചെയ്യാം. അപ്പോഴും ഇതേപോലെ തെറ്റു വന്നാല്‍ വോട്ടിംഗ് നിര്‍ത്തിവയ്ക്കും.
എന്നാല്‍ ഇത് മറ്റൊരു തരത്തിലും സംഭവിക്കാം. വി.വി.പാറ്റ് സ്ലിപ്പ് വോട്ടര്‍ യഥാര്‍ത്ഥത്തില്‍ ശരിക്കു കാണാത്തതാകാം.  വളരെ സെന്‍സിറ്റീവ് ആയ മെഷീന്‍ ആയതുകൊണ്ട് നന്നായി വെളിച്ചം കിട്ടുന്ന സ്ഥലത്ത്, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടത്ത്, ഈ മെഷീന്‍ വയ്ക്കാനാകില്ല. അതുകൊണ്ടുതന്നെ കാഴ്ചക്കുറവ് ഉള്ളവര്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും മാനുഷികമായ പിഴവ് പറ്റാം. അങ്ങനെ വന്നാല്‍ ഐ.പി.സി. സെക്ഷൻ 177 അനുസരിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിന് അയാൾക്കെതിരെ കേസെടുക്കും.  6 മാസം വരെ ജയിലില്‍ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ്. ജനാധിപത്യപ്രക്രിയ സുഗമമാക്കുന്നതിന് വേണ്ടിയാണ് യന്ത്രങ്ങള്‍ കൊണ്ടുവരുന്നത് അല്ലാതെ യന്ത്രങ്ങള്‍ക്ക് അനുസരിച്ചു ജനാധിപത്യത്തെ വക്രീകരിക്കുകയല്ല ചെയ്യുകയല്ല വേണ്ടത്. നിയമം ആകട്ടെ ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരിക്കണം, അല്ലാതെ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ വേണ്ടി നിയമത്തെ ഉപയോഗിക്കുകയല്ല വേണ്ടത്.

മറ്റൊരു സാധ്യത ശരിക്കും അട്ടിമറി നടക്കുന്നതാണ്. സാമാന്യബോധമുള്ള ഒരു പ്രോഗ്രാമറും എല്ലാ വോട്ടും തെറ്റായി പ്രിന്റ്  ചെയ്യുന്ന തരത്തില്‍ അത് പ്രോഗ്രാം ചെയ്യില്ല. ഇലക്ഷന്‍ ആരംഭിക്കുന്നതുമുന്പുള്ള മോക്ക്‌പോള്‍ മറികടക്കാന്‍ ഒരു 100-200 വോട്ടുകള്‍ക്ക് ശേഷമേ, എന്തു വന്നാലും ഈ അട്ടിമറി പ്രക്രിയ ആരംഭിക്കൂ. അതിനു ശേഷവും ഒരു കാരണവശാലും അടുപ്പിച്ച് 2 സ്ലിപ്പുകള്‍ തെറ്റായി പ്രിന്റ് ചെയ്യുന്ന തരത്തിലും പ്രോഗ്രാം ചെയ്യില്ല. മൂന്നോ നാലോ വോട്ടുകള്‍ക്ക് ശേഷമാകും ഒരു തെറ്റായ പ്രിന്റ് വരിക. അപ്പോള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വോട്ടര്‍ ടെസ്റ്റ് വോട്ട് ചെയ്യുമ്പോള്‍ ഈ തെറ്റ് ഉണ്ടാകില്ല. എന്തായിരിക്കും ഫലം, ശരിക്കും തെറ്റു കണ്ടെത്തിയ വോട്ടര്‍ 6 മാസം അകത്ത്, അട്ടിമറി സാധ്യമാക്കിയ യന്ത്രം സുരക്ഷിതം.ഇന്നത്തെ സാഹചര്യത്തില്‍ വി.വി.പാറ്റ്  വഴി അട്ടിമറി കണ്ടെത്തുക എളുപ്പമല്ല എന്നു സാരം. എത്ര പേരാണ് ഒരു പ്രയോജനവുമില്ലാതെ, ജനാധിപത്യത്തിന് വേണ്ടി ജയിലില്‍ പോകുക? തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ ഭയപ്പെടുത്തി പിന്‍മാറ്റുന്ന തരത്തിലാണോ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള സംവിധാനം ഒരുക്കേണ്ടത്?

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും, എല്ലാ നിയമങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നു കരുതുക, എങ്കില്‍ പോലും ചിപ്പ് ലെവല്‍ അട്ടിമറികള്‍ക്ക് ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഈ സാധ്യതകളെ  തള്ളിക്കളഞ്ഞുകൊണ്ട് ഇലക്ഷൻ കമ്മീഷൻ നമ്മളോട് പറഞ്ഞിരുന്നത് തങ്ങൾ ഉപയോഗിക്കുന്നത് ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ചിപ്പുകളാണ് അതുകൊണ്ടു തന്നെ പിന്നീട് അതിൽ ഒരു കള്ളത്തരം നടത്തുവാനോ  പുതിയതായി പ്രോഗ്രാം ചെയ്യുവാനോ കഴിയില്ല എന്നതാണ്. എന്നാൽ വി.വി.പാറ്റ് നിലവിൽ വന്നതോടെ വോട്ടിംഗ് യന്ത്രത്തിൽ ഉപയോഗിക്കുന്ന ചിപ്പുകൾ ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്നവ തന്നെയാണോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്. ഇ.വി.എം. നിർമാതാക്കളായ ഭാരത് ഇലക്രോണിക്സ് ലിമിറ്റഡ് വിവരാവകാശ  നിയമപ്രകാരം ഉള്ള ഒരു ചോദ്യത്തിന്നൽകിയ ഏറ്റവും പുതിയ മറുപടി അനുസരിച്ച് ഇപ്പോൾ അവർ ഉപയോഗിക്കുന്നത് എൻ.എക്സ്.പി. എന്ന അമേരിക്കൻ കമ്പനിയുടെ മൈക്ക്രോ കൺട്രോളർ ആണ്. അവരുടെ വെബ്‌സൈറ്റ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അതിന് 3 തരാം മെമ്മറികൾ ഉണ്ട്. SRAM, ഫ്‌ളാഷ്, EEPROM. ഫ്‌ളാഷ് മെമ്മറി ഉള്ള ഒരു ചിപ്പ് വൺ-ടൈം-പ്രോഗ്രാമബിൾ ആണെന്ന് എങ്ങനെ കരുതാനാകും? വി.വി.പാറ്റ് ഏർപ്പെടുത്താനായി, സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ചിഹ്നം പ്രിന്റ് ചെയ്യാനായി നേരത്തെ പ്രോഗ്രാം ചെയ്യുക അസാധ്യമാണ്. അതുകൊണ്ട് ഒരു പക്ഷെ വി.വി.പാറ്റിന് വേണ്ടിയാകാം ഫ്‌ളാഷ് മെമ്മറി ഉപയോഗിക്കേണ്ടി വരിക.

ആം ആദ്മി പാര്‍ട്ടി ഡല്‍ഹി നിയമാസഭയ്ക്കുള്ളില്‍ ചെയ്തുകാണിച്ചതുപോലെ ഒരു പ്രത്യേക കീകോമ്പിനേഷനിലൂടെ, ചില പ്രത്യേക കോഡുകള്‍ യന്ത്രത്തില്‍ അമര്‍ത്തുന്നതോടെ ആരംഭിക്കുന്ന അട്ടിമറിയാണെങ്കില്‍ ഏതു തരത്തിലും റാന്‍ഡമൈ സേഷന്‍ കൊണ്ടും ഇലക്ഷന് മുന്‍പുള്ള മോക്ക് പോള്‍ കൊണ്ടുമൊന്നും  കണ്ടെത്താന്‍ കഴിയില്ല. മാത്രമല്ല യന്ത്രങ്ങളിൽ ഇപ്പോൾ ഉള്ള ക്ളോക്ക് ഉപയോഗിച്ച സമയമാനുസരിച്ച്ചും ഇത്തരം പ്രവർത്തിക്കാൻ കഴിയുന്ന പ്രോഗ്രാമുകൾ ചെയ്യാം. 2010-ൽ മിഷിഗൺ സർവകലാശാലയിലെ സ്‌കോട്ട് വോൾഷോക്, എറിക്ക് വുസ്ട്രോ , അലക്സ് ഹാൽഡർമാൻ, ഹൈദരാബാദ് ആസ്ഥാനമായുള്ള നെറ്റ്ഇന്ത്യയിലെ എഞ്ചിനീയര്മാരായ ഹരി കെ പ്രസാദ്, അരുൺ, സായ് കൃഷ്ണ, വാസവ്യ യാഗാദി എന്നിവർ ചേർന്ന് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇന്ത്യൻ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമല്ല എന്ന കണ്ടെത്തുന്നുണ്ട്. അവർ  രണ്ടാം തലമുറ വോട്ടിംഗ് യന്ത്രത്തിലായിരുന്നു പഠനം നടത്തിയത് . യന്ത്രത്തിൽ വ്യാജ ഡിസ്‌പ്ലെ ഘടിപ്പിക്കുക, മറ്റൊരു ഉപകരണം കൊണ്ട് വോട്ടു വിവരങ്ങൾ ശേഖരിക്കുന്ന മെമ്മറിയിൽ വിവരങ്ങൾ തിരുത്തുക തുടങ്ങി പല ഹാക്കിംഗ് മാര്ഗങ്ങളും അവർ പുറത്തുവിട്ടിരുന്നു. അവയെല്ലാം തന്നേ ആഭ്യന്തരമായി അധികാരമുള്ളവരുടെ ഒത്താശയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. എന്നാൽ തെരഞ്ഞെടുപ്പ് ജോലികളിൽ വ്യാപൃതരായിരിക്കുന്ന ലക്ഷോപലക്ഷം ആളുകളുടെയെല്ലാം അറിവോ സഹകരണമോ അതിന് ആവശ്യമില്ലതാനും. നമ്മുടെ യന്ത്രങ്ങളുടെ  ഏറ്റവും വലിയ ശക്തിയായി ഉയർത്തുകയ്ക്കപ്പെടുന്ന ലളിതമായ ഡിസൈൻ ഒരുക്കുന്ന സാധ്യതകളെ ചൂഷണം ചെയ്യുന്നവയാണ് ആ തന്ത്രങ്ങളെല്ലാം. ലളിതമായ ഘടന റിവേഴ്‌സ് എഞ്ചിനീയറിംഗിനെ എളുപ്പമാക്കും. മാത്രമല്ല ഹാർഡ്‌വെയർ തിരിമറികൾ നടത്തുന്നത് അനായാസമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ത്യൻവോട്ടിംഗ് യന്ത്രങ്ങൾ ഭൗതീകസുരക്ഷിതത്ത്വത്തെ എന്ന് പറയാം. എന്നാൽ കമ്മീഷന്റെ എല്ലാ ചട്ടങ്ങളെയും നിയമങ്ങളെയും മറികടന്നുകൊണ്ട് ഭൗതീക സുരക്ഷാമാനദണ്ഡങ്ങളെല്ലാം നിരന്തരം ലംഘിക്കപ്പെടുന്നതായുള്ള വാർത്തകൾ നാം നിരന്തരം കേൾക്കുന്നു.

ഇതിനര്‍ത്ഥം ഇപ്പോള്‍ നമ്മുടെ യന്ത്രങ്ങളില്‍ ഇത്തരം അട്ടിമറികള്‍ നടക്കുന്നു എന്നല്ല. അതിനുള്ള സാധ്യതകള്‍ ഉണ്ട് എന്നാണ്. ഹാക്ക് ചെയ്യാന്‍ കഴിയാത്ത ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം ഉണ്ടെന്ന് ഇക്കാലത്തു വിശ്വസിക്കുന്നത് സ്വയം കബളിപ്പിക്കലാണ്.  ഏതൊരു ഇലക്ട്രോണിക്ക് സംവിധാനവും ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത ഉണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. പുറമെ നിന്നും അധികാര കേന്ദ്രങ്ങളില്‍ നിന്നുമെല്ലാം അത് സംഭവിക്കാം. അപ്പോള്‍ അത് കണ്ടെത്തുവാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. ഹാക്ക് ചെയ്യപ്പെട്ടാല്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടാല്‍ അത് കണ്ടെത്താന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്‌നം. മൊത്തം യന്ത്രങ്ങളില്‍ വെറും 3%ത്തില്‍ മാത്രം കൃത്രിമം നടത്തിയാല്‍ ഇലക്ഷന്‍ ഫലങ്ങള്‍ അട്ടിമറിക്കാനാകും എന്നു കാണിക്കുന്ന പഠനങ്ങള്‍ ഉണ്ട്.

ഇ.വി.എം.കളില്‍ അട്ടിമറി സാധ്യതളേതുമില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. കാരണം ഇവര്‍ക്കൊന്നും പരിശോധനയ്ക്കായി യന്ത്രത്തിന്റെ പൂര്‍ണമായ ഘടന  (ഫുള്‍ ഡിസൈന്‍) ലഭ്യമായിട്ടില്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. 2006 -ലും 2010 -ലും ഇലക്ഷൻ കമ്മീഷൻ നടത്തിയ ഔദ്യോഗിക സുരക്ഷാ പരിശോധനകളിൽ പോലും യന്ത്രത്തിന്റെ സോഴ്സ്കോഡ് ഓഡിറ്റ് നടന്നിട്ടില്ല. ഈപരിശോധനകളിലൊന്നും  കമ്പ്യൂട്ടർ സുരക്ഷാ രംഗത്തെ വിദഗ്ദർഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം. എല്ലാ വോട്ടിംഗ് യന്ത്രങ്ങള്‍ക്കും അനന്യമായ ഒരു നമ്പര്‍ (യുണീക്ക് നമ്പർ ) ഉണ്ട് എന്നും അത് ഫലപ്രദമായി എന്‍ക്രിപ്റ്റ ചെയ്തിട്ടുണ്ട് എന്നും എന്ത് ഉറപ്പാണ് ഉള്ളത്? ഇതിനു മുന്‍പ് വോട്ടെണ്ണലിന് ഉപയോഗിച്ച  ഇ.വി.എം.ലെ നമ്പര്‍ ഒത്തു വരാതിരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017ലെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2 വര്‍ഷമായി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കാത്തിരിക്കുകയാണ്. മാത്രമല്ല എല്ലാ ചട്ടങ്ങള്‍ക്കും വിരുദ്ധമായ രീതിയില്‍ യന്ത്രം കൈകാര്യം ചെയ്തിട്ടുള്ള നിരവധി അവസരങ്ങള്‍ നമ്മള്‍ കണ്ടതാണ്. ട്രാക്കുകളിലും, കാറുകളിലും, സ്വകാര്യ വാഹനങ്ങളിലും, ഹോട്ടല്‍ മുറിയിലും എല്ലാം സംശയമുണര്‍ത്തുന്ന സാഹചര്യങ്ങളില്‍ ഇ.വി.എം. കണ്ടെത്തിയിട്ടുണ്ട്.

വോട്ടിംഗ് യന്ത്രങ്ങൾ  ട്രക്കുകളിലും ജീപ്പുകളിലും ചായക്കടകളിലുമൊക്കെയായി സുഖദ സഞ്ചാരം നടത്തുന്ന കാഴ്ച കാണുമ്പോള്‍ അതില്‍ സംശയം പ്രകടിപ്പിക്കുന്നവരെ കളിയാക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍  സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലരുടേതായി വന്നു കാണുന്നു. ഇവര്‍ പറയുന്നതൊക്കെ വാദത്തിനു വേണ്ടി അംഗീകരിക്കാം. മെഷീന്‍ ഹാക്കബിള്‍ അല്ല, പേപ്പര്‍ സീലുകള്‍ ഒക്കെ മാറ്റി ഇനി ഇ,വി.എം. അതേ പോലെ തന്നെ സജ്ജീകരിക്കാന്‍  ചെയ്യാന്‍ സാധിക്കില്ല. പക്ഷേ, എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് വോട്ടിംഗ് യന്ത്രങ്ങൾ ഇങ്ങനെ തലങ്ങും വിലങ്ങും ഒരു എസ്‌കോര്‍ട് പോലുമില്ലാതെ പായുന്നത് എങ്ങോട്ടേക്കാണ്, എന്തിനാണ് എന്നതിനുള്ള ഉത്തരം ആരു പറയും?

സംശയിക്കുന്നവരോടല്ല, സംശയജനകമായ സാഹചര്യം സൃഷ്ടിക്കുന്നവരോടാണ് ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടത്. ഈ രാജ്യത്തെ പൗരര്‍ എന്ന നിലയില്‍ എല്ലാവരോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. വിവിധ ഘട്ടങ്ങളിലായി ബി.ജെ.പി യും കോണ്‍ഗ്രസ്സും ഉള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെതന്നെ വോട്ടിംഗ് യന്ത്രത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിലും അതു വ്യാപകമായുണ്ട്. ജനാധിപത്യത്തില്‍ ഏറ്റവും വിലപ്പെട്ടത് പൊതുസമൂഹത്തിന്റെ വിശ്വാസമാണ്. അതു മനസിലാക്കികൊണ്ടാണ് നമ്മളെക്കാള്‍ സാങ്കേതികമായി വളരെ മുകളില്‍ നില്ക്കുന്ന വികസിത ജനാധിപത്യ രാജ്യങ്ങളെല്ലാം വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റിലേക്ക് മടങ്ങുന്നത്. ഈ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും ജനാധിപത്യ പ്രക്രിയയിലുള്ള വിശ്വാസം നിലനിര്‍ത്തുന്നതിന് പേപ്പര്‍ ബാലറ്റുകള്‍ തിരികെ വരേണ്ടതുണ്ട്.

(C) ലേഖനം ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ്

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum