എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി പോയ വാര്‍ത്ത ഏഷ്യാനെറ്റ് ചര്‍ച്ചയാക്കിയിരുന്നല്ലോ, (ചര്‍ച്ച ഇനിയും കാണാത്തവര്‍ തീര്‍ച്ചയായും കാണണം) ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ട്.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന നോണ്‍-പ്രോഫിറ്റ് (registered u/s 8 of companies act) കമ്പനിയാണ് ആധാര്‍ അധിഷ്ടിത പേയ്‌മെന്റ് സംവിധാനങ്ങള്‍ നടത്തുന്നത്. ഗവണ്മെന്റോ, റിസര്‍വ് ബാങ്കോ അല്ല. ആര്‍ ബി ഐ ഒരുക്കുന്ന National Electronic Funds Transfer (NEFT), Real Time Gross Settlement (RTGS) സംവിധാനങ്ങള്‍ ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ IFSC കോഡും ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. IFSC കോഡ് വഴി ബാങ്കിന്റെ ബ്രാഞ്ചും അക്കൗണ്ട് നമ്പര്‍ വഴി വ്യക്തിയേയും കൃത്യമായി മനസിലാക്കുന്നു. ഇടപാടുകള്‍ക്ക് ഉത്തരാവദിത്തം റിസര്‍വ് ബാങ്കിനുണ്ട്. അത് കൃത്യമായി ട്രാക്ക് ചെയ്യാനും അക്കൗണ്ട് ചെയ്യാനും സാധിക്കുന്നു.
എന്നാല്‍ ആധാര്‍ അധിഷ്ഠിത പണമിടപാട് (Aadhaar Enabled Payment System or AePS) NPCI ആണ് മാപ് ചെയ്യുന്നത്. ഡേറ്റാബേസില്‍ രേഖപ്പെടുത്തുന്നത് ഇടപാടുകാരന്റെ ആധാര്‍ നമ്പര്‍ മാത്രമാണ്.
ആധാര്‍ ബാങ്കുമായി ലിങ്ക് ചെയ്യുന്നത് എപ്പോഴും e-KYC വെരിഫിക്കേഷന്‍ വഴി അല്ല. ആധാര്‍ നമ്പര്‍ വെറുതെ അക്കൗണ്ടിലേക്ക് സീഡ് ചെയ്യുകയാണുണ്ടാവുക. മറ്റൊരാളുടേ ബാങ്ക് അക്കൗണ്ടിലേക്ക് നമ്പര്‍ സീഡ് ചെയ്യപ്പെട്ടാല്‍ നമുക്ക് ലഭിക്കേണ്ട പണം അപരന്റെ അക്കൗണ്ടിലേക്ക് പോകും എന്നു സാരം.
എന്റെ ഒരു സുഹൃത്തിന് യൂണീയന്‍ ബാങ്കില്‍ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗ്യാസ് സബ്‌സിഡി ഉള്‍പ്പടെ പണമിടപാടുകള്‍ നടന്നിരുന്നത് ഈ അക്കൗണ്ടിലൂടെയാണ്. എന്നാല്‍ ഒരു ഹൗസിംഗ് ലോണുമായി ബന്ധപ്പെട്ട് എച് ഡി എഫ് സിയില്‍ അദ്ദേഹം ഒരു പുതിയ അക്കൗണ്ട് ആരംഭിച്ചു. അതിലും ആധാര്‍ സീഡ് ചെയ്തു. ഇപ്പോള്‍ സബ്‌സിഡി പണം എത്തുന്നത് ഈ അക്കൗണ്ടിലേക്കാണ്.
കര്‍ണാടകയില്‍ തൊഴിലുറപ്പ് പദ്ദതിയുടെ കൂലി ഇപ്രകാരം വേറെ വ്യക്തികളുടെ അക്കൗണ്ടിലേക്ക് പോകുന്നത് വ്യാപകമാകുകയും നിരവധി മാസങ്ങളൊളം ആളുകള്‍ കൂലി ലഭിക്കാതെ വരികയും ചെയ്തു. ഇത് വലിയ പ്രശ്‌നമായപ്പോള്‍ അക്കൗണ്ട് നമ്പര്‍ എതാണെന്ന് ഉറപ്പിക്കാന്‍ എല്ലാവരുടെയും അക്കൗണ്ടുകളീലേക്ക് ഒരു രൂപ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കേണ്ടി വന്ന പരിഹാസ്യമായ സാഹചര്യവും ഉണ്ടായി. ആളുകളെ കൃത്യമായി തിരിച്ചറിയാനെന്ന പേരില്‍ കൊണ്ടുവന്ന ഒരു സംഗതി അരെയും തിരിച്ചറിയാനാകാത്ത ഊരാക്കുടുക്കിലേക്കാണ് രാജ്യത്തെ എത്തിക്കുന്നത്. ഇവിടെ ദുരിതമനുഭവിക്കുന്നത് ഏറ്റവും പാവപ്പെട്ട മനുഷ്യരാണെന്നതാണ് നമ്മള്‍ മനസിലാക്കേണ്ട കാര്യം.
NPCI, UIDAI എന്നീ നിരുത്തരവാദപ്പരിഷകളുടെ ചെയ്തികള്‍ വെറും വിവരമില്ലായ്മയല്ല. എന്തിനോ വേണ്ടി കൊണ്ടുവന്ന ആധാര്‍ പദ്ധതിയ്ക്ക് purpose ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിന്റെ അനന്തരഫലമാണിത്. ഒരാള്‍ക്ക് പല അക്കൗണ്ടുകള്‍ ഉണ്ടാകുമെന്നും അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ തെറ്റായി സീഡ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും മുന്‍കൂട്ടി കണ്ട് പണമിടപാട് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമായിരുന്നു എന്നും അവിടെ ആരംഭത്തില്‍ തന്നെ തെറ്റുപറ്റി എന്നും ഏഷ്യനെറ്റ് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സത്യമതല്ല. അക്കൗണ്ട് നമ്പറോ, IFSC കോഡോ ഇല്ലാതെ ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ഇടപാടൂകള്‍ നടത്തണം എന്ന നിശ്ചയത്തോടെ തന്നെ ഉണ്ടാക്കിയതാണീ സംവിധാനം. അക്കൗണ്ട് നമ്പറും IFSC കോഡും മനപൂര്‍വം ഒഴിവാക്കിയതാണ്. കാരണം ഇത് രണ്ടും ഉപയോഗിച്ച് പണമിടപാടൂ നടത്താനാണെങ്കില്‍ പിന്നെ ആധാറിന്റെ പ്രസക്തിയെന്താണ്? ഒരാവശ്യവുമില്ല. അങ്ങനെ ഒരു ആവശ്യവുമില്ലാത്ത ആധാര്‍ എന്ന ഉടായിപ്പിന് ഒരു ഉപയോഗമുണ്ടാക്കിക്കൊടുക്കാനും, നിര്‍ബന്ധമല്ല എന്നു പറഞ്ഞുകൊണ്ടു തന്നെ ആളുകളെക്കൊണ്ട് നിരബന്ധിതമായി ആധാര്‍ എടുപ്പിക്കാനുമുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് NPCI യുടെ ഈ വളയമില്ലാ ചാട്ടം.
https://www.facebook.com/jijeeshpb/posts/10212576375740342
കുറിപ്പിന് നന്ദി. കുറച്ചുകൂടി വിശദമായി, ക്ഷമയോടെ ആധാറിനെ കുഴപ്പങ്ങൾ എഴുതിയാൽ വായനക്കാറുണ്ട്.