സ്പ്രിങ്ക്ളർ വിവാദം ഒരു അവസരമായി കാണണം

Thursday, April 16, 2020


പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്നു എന്നതുകൊണ്ട് മാത്രം സ്പ്രിൻക്ളർ വിവാദം അപ്രസക്തമാകുന്നില്ല. 87 ലക്ഷം റേഷൻ കാർഡ് വിവരങ്ങൾ അമേരിക്കക്ക് മറിച്ച് വിറ്റു എന്ന തരത്തിലുള്ള രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം അടിസ്ഥാനപരമായി ഇതിൽ ഉൾപ്പെടുന്ന ചില ഗൗരവതരമായ സംഗതികൾ ഗവണ്മെന്റിനും ബോധ്യപെട്ടിട്ടുണ്ട് എന്നാണ് ഗവണ്മെന്റിന്റെ പ്രതികരണത്തിൽ നിന്നും മനസിലാകുന്നത്. 

സ്പ്രിൻക്ളർ കമ്പനിയുമായി ഉണ്ടാക്കിയ വാങ്ങൽ ഉത്തരവും, എം.എസ്.എ. യും അനുബന്ധ രേഖകളും പരസ്യപ്പെടുത്താൻ ഗവണ്മെന്റ് തയ്യാറായത് സുതാര്യതയിലേക്കുള്ള നല്ലൊരു ചുവടുവയ്പ്പായാണ് ഞാൻ കാണുന്നത്. ഈ വിവാദം ഉണ്ടായതിനു ശേഷമാണ് നോൺ-ഡിസ്‌ക്ളോഷർ എഗ്രിമെന്റ് ഉൾപ്പെടുന്ന മറ്റു ആശയവിനിമയങ്ങൾ നടന്നിട്ടുള്ളത് എന്നത് ആശങ്കകളോട് ഒരു തുറന്ന സമീപനം ഗവണ്മെന്റ് സ്വീകരിക്കുന്നുവെന്നതിനും അതിനോട് ക്രിയാത്മകമായ പ്രതികരണം ഉണ്ടാകുന്നു എന്നതിനും തെളിവാണ്. കമ്പനി ലെറ്റർപാഡിൽ അടിച്ചതായതുകൊണ്ടു മാത്രം അത് ഒരു എഗ്രിമെന്റ് ആകില്ല എന്ന വാദം ശരിയല്ല. 

ഇത് ഒരു അടിയന്തര ഘട്ടത്തിൽ സദുദ്ദേശപരമായി ഗവണ്മെന്റ് സ്വീകരിച്ച ഒരു നടപടിയാകാനെ തരമുള്ളൂ. ഞാൻ മനസ്സിലാക്കുന്നത് പല ഗവണ്മെന്റുകളും ഇത്തരത്തിൽ നിരവധി കമ്പനികളുടെ സേവനങ്ങൾ ഉപയോഗിച്ചു വരുന്നതായാണ്. സ്പ്രിൻക്ളർ തന്നെ നേരത്തെയും അവരുടെ സേവനം ഗവണ്മെന്റിന് നല്കിയിട്ടുണ്ടാകാം. പക്ഷെ ഇതിനെയൊക്കെ അർഹിക്കുന്ന അവധാനതയോടെയാണോ ഗാവണ്മെന്റുകൾ സമീപിച്ചിട്ടുള്ളത് എന്നു ചോദിച്ചാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി സ്വകാര്യതാ സംബന്ധിച്ച ഗവണ്മെന്റ് പോളിസികൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ഉത്തരം അല്ല എന്നായിരിക്കും. 

സ്വകാര്യതാ ഒരു മൗലിക അവകാശമല്ല എന്നു സുപ്രീംകോടതിയിൽ വാദിച്ച ഒരു ഗവണ്മെന്റാണ് കേന്ദ്രത്തിൽ ഉള്ളത്. സ്വാകാര്യത മൗലീകാവകാശമാണ് എന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം പോലും നാളിതുവരെയായിട്ടും ഒരു വിവരസംരക്ഷണ നിയമം കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അപര്യാക്തമായ ഐ.ടി. ആക്ടിന്റെയും മറ്റു ചില ചട്ടങ്ങളുടെയും ബലത്തിൽ മാത്രമാണ് നമ്മൾ കളിക്കുന്നത്. വളയമില്ലാതെയാണ് നമ്മൾ ചാടുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് ഒരു അവസരമായി കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സംസ്ഥാന ഗവണ്മെന്റിന് എങ്കിലും സമഗ്രമായ ഒരു സ്വകാര്യതാ/വിവരസുരക്ഷാ നയം രൂപീകരിക്കാൻ കഴിയണം. അതിനു കഴിയും. കാരണം സ്വകാര്യതയെക്കുറിച് ഏറ്റവും വിശാലമായ കാഴ്ചപ്പാട് പുലർത്തി പോന്നിട്ടുള്ള രാഷ്ട്രീയ കക്ഷിയാണ് കേരളം ഭരിക്കുന്നത്. നമ്മുടെ മുഖ്യമന്ത്രി ആ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ്. ഘടകക്ഷിയായ സി.പി.ഐ.യും ഇക്കാര്യത്തിൽ ഇടപെടുന്നവരാണ്. മുൻമന്ത്രി ശ്രീ. ബിനോയ് വിശ്വം ആധാർ കേസിൽ കക്ഷി ചേർന്നിരുന്നു. എന്തുകൊണ്ടും അത്തരത്തിൽ വിശാലമായ ഒരു നയരൂപീകരണത്തിന് അനുകൂലസമയമാണിത്. 

ഗവണ്മെന്റ് ഒരു സ്വകാര്യ വിവര-വിശകലന കമ്പനിയുമായി ഉടമ്പടിയിൽ എത്തുമ്പോൾ അത് നാട്ടുകർക്കെല്ലാം വേണ്ടി കമ്പനി ഉണ്ടാക്കിയ പൊതു രേഖയിൽ തുല്യം ചാർത്തൽ ആകരുത്. കാരണം ഗവണ്മെന്റ് ഇവിടെ സംസ്ഥാനത്തെ/രാജ്യത്തെ മുഴുവൻ ജനങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. പൗരർ ഗവണ്മെന്റിനെ വിശ്വസിച്ചാണ് വിവരങ്ങൾ കൈമാറുന്നത്. അവരുടെ വിശ്വാസത്തെ സാധൂകരിക്കുന്ന, അതത് നാടുകളിലെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായ ഘടകങ്ങൾ ഉൾപ്പെടുത്തി, ഗവണ്മെന്റ് നിശ്ചയിക്കുന്ന നിബന്ധനകളിന്മേൽ ആയിരിക്കണം വിവര ശേഖരണ-വിശകലന പരിപാടികൾ നടത്തേണ്ടത്. സമ്മത ശേഖരണം ഉൾപ്പടെയുള്ള കാര്യങ്ങൾ ഒരു മൂന്നാം കക്ഷി ചെയ്യേണ്ടതല്ല. അത് ഗവണ്മെന്റിന്റെ ഉത്തരവാദിത്തമാണ്.

സ്പ്രിൻക്ലെർ ക്രോഡീകൃതമല്ലാത്ത വിവിധ വിവരങ്ങൾ (സോഷ്യൽ മീഡിയ ഫീഡുകളും മറ്റും) ശേഖരിച്ചു ക്രോഡീകരിക്കാൻ സഹായിക്കുന്ന ഒരു SaaS പ്ലാറ്ഫോം ആണ്. ആരോഗ്യമേഖലയുമായി നേരിട്ട് ബന്ധമുള്ളതല്ല. അതിനെ കസ്റ്റമൈസ് ചെയ്തു കേരളസർക്കാറിന്റെ ആവശ്യത്തിന് ഉതകുന്ന തരത്തിൽ ആക്കിയിട്ടുണ്ടാകും. 'സൗജന്യ ഊണ് ഇല്ല' എന്നു പറയുന്നതുപോലെ ഒന്നാം ഘട്ടത്തിൽ ഒരു വിജയകഥ ആയിരുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധഗാഥയിൽ തങ്ങളുടെ പേര് കൂടി എഴുതിച്ചേർക്കുക വഴി ഒരു ഗവണ്മെന്റ് സേവന ദാതാവ് എന്ന നിലയിൽ സ്വയം പ്രചരിപ്പിക്കപ്പെടാനുള്ള സാധ്യതകൂടി സ്പ്രിൻക്ലെർ കണ്ടിട്ടുണ്ടാവാം. അത് വേറൊരു വശമാണ്.

പലരും ഇതിനെ ഒരു സാങ്കേതിക ചർച്ചയാക്കി മാറ്റാൻ നോക്കുന്നുണ്ട്. സാങ്കേതിക വാചാടോപങ്ങൾ കൊണ്ട് അതിനെ ഒന്നുമല്ലാതാക്കി തീർക്കാൻ ശ്രമിക്കുന്നുണ്ട്. SaaS എന്താണെന്നും സെർവർ എന്താണെന്നും ഒന്നും അറിയാത്ത ഒരുപാടുപേർ കാണും. അവരെ അതിനെക്കുറിച്ചൊക്കെ പഠിപ്പിക്കുന്നത് നല്ലതാണ്. കസ്റ്റമർ എസ്‌പീരിയാൻസ് മാനേജ്‌മെന്റ് എന്താണ്, സ്പ്രിൻക്ളർ മെറ്റാഡാറ്റ മാത്രമാണ് കൈകാര്യം ചെയ്യുക, സർവറുകൾ ഇന്ത്യയിലാണ്, ആമസോണ് ഇന്ത്യ ഗവണ്മെന്റ് എംപാനൽ ചെയ്ത സ്ഥാപനമാണ് ഇതൊക്കെ ശരിയാണ്. Reputed ആയ കമ്പനികൾ വിവരങ്ങൾ ദുരുപയോഗം ചെയ്ത് അതു കളഞ്ഞു കുളിക്കില്ല എന്നു വരെ ന്യായീകരണങ്ങൾ കേട്ടു. ഇതൊക്കെ ശരിയായിരിക്കാം. പക്ഷേ, അതൊന്നും അല്ല ഇവിടുത്തെ പ്രശ്നം. നിങ്ങൾ വിവരിക്കുന്ന സാങ്കേതികതകൾ ഒന്നുമല്ല. വിവരശേഖരണ-വിശകലന സംവിധാനങ്ങൾ ആവിഷ്കരിക്കുമ്പോൾ മൗലീകാവകാശ സംരക്ഷണത്തിനുതകുന്ന ഭരണപരവും നിയമപരവുമായ നടപടികൾ അതിനു ഭരണഘടനാപരമായി ബാധ്യതയുള്ള ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടോ എന്നതാണ് കാതലായ ചോദ്യം.

അവിടെയാണ് ആരോപണങ്ങൾ ഉയർന്നതിനു ശേഷമുള്ള ഗവണ്മെന്റിന്റെ നടപടികൾ നമുക്ക് പ്രതീക്ഷ നൽകുന്നത്. അനുഭവങ്ങളുടെ വെളിച്ചത്തിൽ ഭാവിയിലേക്ക് അവധാനതയോടെയുള്ള തുടർനടപടികൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സ്വകാര്യത സംബന്ധിച്ച് വ്യാപകമായ സാമൂഹികഅവബോധം ഇല്ലാത്ത നമ്മുടെ നാട്ടിൽ ഭരണസംവിധാനത്തിൽ എങ്കിലും അതിനെക്കുറിച്ചുള്ള അറിവും ജാഗ്രതയും ഉയർത്താൻ ഈ വിവാദം സഹായകമാകും എന്നാണ് ഞാൻ കരുതുന്നത്. അതേ സമയം പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന തരത്തിലുള്ള emergency നയവും അനിവാര്യമാണ്. എന്നാൽ അടിയന്തരഘട്ടം കഴിയുന്ന മുറക്ക് ആ ഇളവുകൾ ഇല്ലാതാകുന്നുവെന്നും ശേഖരിച്ച വിവരങ്ങൾ നശിപ്പിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താനും കഴിയണം.

ശേഖരിക്കുന്ന വിവരങ്ങളുടെ കാര്യത്തിലും കൈകാര്യം ചെയ്യുന്ന കാര്യത്തിലും ആനുപാതികത ഉറപ്പു വരുത്താനും ഗവണ്മെന്റുകൾ ബാധ്യസ്ഥരാണ്. നിയമപരമായ ഒരു ഉദ്ദേശ്യത്തിന് വേണ്ടിയാകണം വിവരങ്ങൾ ശേഖരിക്കുന്നത് ആ ലക്ഷ്യം നേടുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ വിവരങ്ങൾ മാത്രമായിരിക്കണം എന്നൊക്കെയാണത്. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ ഫോട്ടോയും വിവരങ്ങളും പരസ്യമായി കാണത്തക്ക വിധത്തിൽ ഓൻലൈനായും അല്ലാതെയും പ്രസിദ്ധീകരിക്കുന്ന കാഴ്ച്ച പല ഇടങ്ങളിലും നമ്മൾ കാണുന്നു. (അമേരിക്കൻ കമ്പനികൾക്കെന്നല്ല, ആർക്കും എടുക്കാവുന്ന വിധത്തിൽ). ചിലർ ആവശ്യപ്പെടുന്നത് ഓരോ മണിക്കൂറിലും സെൽഫി എടുത്ത് അയക്കാനാണ്. അവിടെയൊക്കെ നടക്കുന്ന അവകാശ ലംഘനം നോക്കുമ്പോൾ കേരളത്തിലേത് അനുവദനീയമായ പരിധികൾക്കുള്ളിൽ നടക്കുന്ന വിവരശേഖരണമാണ്.

സർക്കാരുകൾ ബ്രാൻഡഡ് സോഫ്റ്റ്‌വെയർ സങ്കേതങ്ങൾ ഉപയോഗിക്കണോ, അതോ സർക്കാർ തലത്തിൽ സ്വന്തമായി വികസിപ്പിച്ച സംവിധാനങ്ങൾ മാത്രമാണോ ഉപയോഗിക്കേണ്ടത് എന്നത് മറ്റൊരു വിഷയമാണ്. സി-ഡിറ്റിനും, ഐ.ടി.മിഷനും ഒക്കെ അതിനു കഴിയുമോ എന്ന ചോദ്യം വേറെ. ക്രോഡീകൃതമല്ലാത്ത വിവര ശേഖരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വേർ സൊലൂഷൻസ് തെരഞ്ഞെടുത്തു കസ്റ്റമൈസ് ചെയ്‌തു ഉപയോഗിക്കാൻ കഴിയുന്ന തരത്തിലേക്ക് ഗവണ്മെന്റ് സംവിധാനങ്ങൾ വികസിപ്പിക്കണം.

അതുകൊണ്ട് ഇത് ഒരു അവസരമായി കാണണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം ഇതുവരെ വേണ്ടത്ര ഗൗനിക്കാതെ പോയ ഒരു മേഖലയെ ഗുണകരമായി വിപുലീകരിക്കാനും നയങ്ങൾ രൂപീകരിക്കാനും നിയമ ചട്ടക്കൂടുകൾ ഉണ്ടാക്കാനും ഉള്ള ഒരു യോജിപ്പിലേക്ക് എല്ലാവരും വരേണ്ട സമയമാണിത്. എന്തിനും കോവിഡ് എന്നു മാത്രം മറുപടി പറയുന്ന തരത്തിലേക്ക് ഗവണ്മെന്റും ഗൗരവമുള്ള ഒരു പ്രശ്നത്തിനുമേൽ അപഹാസ്യമായ ആരോപണങ്ങൾ ഏച്ചു കെട്ടി പ്രതിപക്ഷവും ഈ അവസരം നഷ്ടപ്പെടുത്തരുത്. നമ്മൾ ഒരുമിച്ചു നിൽക്കേണ്ട സമയമാണിത്. കാരണം ഇവിടെ നാം അഭിസംബോധന ചെയ്യുന്നത്, കേവലം സാങ്കേതികതയുടെയോ, കമ്പനികളുടെ വിശ്വാസ്യതയുടെയോ കാര്യമല്ല നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനുള്ള ശരിയായ മാർഗങ്ങൾ ഗവണ്മെന്റുകൾ സ്വീകരിക്കുന്നുണ്ടോ എന്ന കാര്യത്തെയാണ്. I don't give a damn about the companies or their working or even the technology. My question is to my government, that is constitutionally bound to protect my fundamental right to privacy. Do you people understand the legal obligations after the Pattuswamy Judgement that redefined the concept of privacy in our country?

read more from P B Jijeesh at pbjijeesh.in

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum