ശബരിമല വിധി : പുനഃപരിശോധനാ വ്യവഹാരങ്ങളെ പുനർനിർണയിക്കുന്നതെങ്ങനെ?

Friday, November 15, 2019



സുപ്രീംകോടതിയുടെ അന്തിമ തീരുമാനങ്ങളിൽ തെറ്റുണ്ടെന്നു തോന്നിയാൽ അതു വീണ്ടും പരിഗണിക്കുവാൻ, തിരുത്തുവാൻ അവസരമൊരുക്കുന്നതാണ് പുനപരിശോധനാ ഹർജികൾ. ആർട്ടിക്കിൾ 137 പ്രകാരമാണ് റിവ്യൂ ഹർജികൾ. സുപ്രീംകോടതി വിധിയുടെ അന്തിമത്വം നിലനിർത്തുക എന്നത് നിയമവാഴ്ചയുടെ നിലനിൽപ്പിന് അന്ത്യന്താപേക്ഷിതമായതുകൊണ്ട് അപൂർവമായാണ്  റീവ്യൂ പരിഗണിക്കുക.  അതിന് ഒന്നുകിൽ മുമ്പ് പരിഗണിച്ചിട്ടില്ലാത്ത വളരെ പ്രധാനപ്പെട്ട തെളിവ് വേണം അല്ലെങ്കിൽ നിലവിലെ വിധിയിൽ 'പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാകുന്ന തെറ്റുകൾ' (error apparent on the  face of record) വേണം.  റിവ്യൂ എന്നാൽ ഒരു വിധിക്കെതിരെയുള്ള അപ്പീലല്ല. Apparent error  on the face of record എന്നു പറഞ്ഞാൽ നിയമവ്യാഖ്യാനങ്ങളിലെ പിഴവുകളല്ല. (അവ പരിഗണിക്കുക അപ്പീലിൽ ആണ്). പ്രഥമദൃഷ്ട്യാ തെറ്റായ വിവരങ്ങൾ കാണണം വിധിയിൽ.

ശബരിമല വിധിയിൽ അങ്ങനെ റിവ്യൂവിന് പരിഗണിക്കാവുന്ന യാതൊരു കാരണങ്ങളും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ പുനപരിശോധനാ ഹർജികൾ ഒന്നും അനുവദിച്ചിട്ടില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലെ സ്വാഭാവിക നടപടി ഹർജികൾ തള്ളുക എന്നതാണ്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡും ജസ്റ്റിസ് നരിമാനും അതാണ് ചെയ്തതും. എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയും ജസ്റ്റിസ്. ഖാൻവൽക്കറും ജസ്റ്റിസ്. ഇന്ദു മൽഹോത്രയും ചേർന്ന് പുതിയൊരു കീഴ്‌വഴക്കം സൃഷ്ടിക്കുകയാണ് ഇവിടെ. ജസ്റ്റിസ്. ഖാൻവാൽക്കർ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ  സ്ത്രീ പ്രവേശനത്തിന് അനുകൂലമായ വിധിയ്ക്കൊപ്പം ചേർന്നതാണ്, കഴിഞ്ഞ വർഷം. ഇത്തവണ പുതിയ ചീഫ് ജസ്റ്റിസിനൊപ്പമാണ്.

പുതിയ ഭൂരിപക്ഷ വിധി തുടങ്ങുന്നത് തന്നെ സുപ്രീംകോടതി ചട്ടങ്ങൾ അനുസരിച്ചാണ് സാധാരണ റിവ്യൂ ഹർജികൾ പരിഗണിക്കേണ്ടത്, എന്നാൽ ഇവിടെ റിവ്യൂ ഹർജികളും ഇതേ വിഷയത്തിലെ മറ്റ് റിട്ട് ഹർജികളും ഒരുമിച്ചാണ് കേൾക്കുന്നത് എന്ന ആമുഖത്തോടെയാണ്. നിലവിലെ വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടുകയാണ് പുനഃപരിശോധനാ ഹർജികളുടെ ലക്ഷ്യം. അതു പരിഗണിക്കുക വിധി പറഞ്ഞ അതേ ബെഞ്ചാണ്. ഒരു വിധിക്കെതിരെ മറ്റൊരു റിട്ട് ഫയൽ ചെയ്യാനും കഴിയില്ല. പിന്നെ എന്താണ് ഒരുമിച്ചു പരിഗണിക്കുക എന്നത് ന്യായമായ സംശയമാണ്.

വിധിയിൽ പറഞ്ഞിരിക്കുന്ന സമാന സ്വഭാവമുള്ള കേസുകൾ. മുസ്‌ലിം സ്ത്രീകളുടെ മസ്ജിദ് പ്രവേശം, ദാവൂദ ബോറ വിഭാഗത്തിൽ പെട്ട സ്ത്രീകളുടെ ചേലാകർമം, പാഴ്‌സി ഫയർ ടെമ്പിളിന്റെ പ്രശ്നം തുടങ്ങിയവയൊന്നും റിവ്യൂ ബഞ്ചിന്റെ മുന്നിലുള്ള കാര്യങ്ങളല്ല. ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്നേക്കാവുന്ന പൊതു സംശയങ്ങളാണ് (ആർട്ടിക്കിൾ 25, 26-ന്റെയൊക്കെ വ്യാഖ്യാനം സംബന്ധിച്ച്), അത് ശബരിമലയിലും ബാധകമായേക്കാം എന്നു നിരീക്ഷിച്ചുകൊണ്ട് ഒരു 7 അംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. ഇവിടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. വന്നേക്കാവുന്ന, ബാധകമായേക്കാവുന്ന എന്നിങ്ങനെയാണ്. അതായത് കോടതിയ്ക്ക് മുന്നിൽ ഇപ്പോൾ ഉള്ള പ്രശ്നങ്ങളെ സംബന്ധിച്ചല്ല പ്രതിപാദിച്ചിരിക്കുന്നത്, ശബരിമല വിധിയിലെ വ്യാഖ്യാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പിശക് ഉണ്ടെന്ന് തോന്നിയതുകൊണ്ടും അല്ല,  ഇനി വരാവുന്ന കാര്യങ്ങളെപ്രതിയാണ് ആവലാതി. മുൻകൂർ വിധി പറയുന്ന ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുകയാണോ കോടതി?

മാത്രവുമല്ല റിട്ട് ഹർജികൾക്ക് നിയതമായ ഒരു വഴിയുണ്ട്. ആദ്യം ഒരു ഡിവിഷൻ ബഞ്ച് പരിഗണിക്കും, അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ വാദം കേൾക്കും. അവിടെ ഗൗരവതരമായ ഭരണഘടനാപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടാൽ 5 അംഗ ബെഞ്ചിന് വിടും.  ഇതൊക്കെ മറികടന്ന് ഒറ്റയടിക്ക് ഈ പ്രശനങ്ങൾ പ്രത്യേകിച്ച് ഒരു കാരണവും കേൾക്കാതെ 7 അംഗ ബെഞ്ചിന് വിടുന്നത് വിധിയിൽ പറയുന്നതുപോലെ ജുഡീഷ്യൽ അച്ചടക്കത്തിനു സഹായകമാവുകയല്ല മറിച്ച്      നിലവിലുള്ള കീഴ്‌വഴക്കങ്ങളെ അട്ടിമറിക്കുകയാണ് ചെയ്യുക. 32 ജഡ്‌ജിമാർ  ഉള്ള കേസുകൾ വിവിധ ബഞ്ചുകളായി തിരിഞ്ഞു കേൾക്കുന്ന സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിലേതുപോലെ ഉള്ള നിയമ സംവിധാനത്തിൽ അതു വളരെ പ്രധാനമാണ്. ഒരേ വിഷയത്തിൽ പല ബഞ്ചുകൾ വ്യതസ്ത അഭിപ്രായങ്ങൾ പറഞ്ഞാലോ, ഭരണഘടനാ ബഞ്ചേങ്കിൽ ഒരേ വലിപ്പം ഉള്ള മറ്റൊരു ബഞ്ച്  നിലവിലെ ഉത്തരവിൽ പിശകുണ്ട് എന്നു കണ്ടെത്തിയാലോ ആണ് വിഷയം വിശാല ബഞ്ചിന്റെ പരിഗണനയ്ക്കു വിടുന്നത്. ഇവിടെ ശബരിമല റിവ്യൂ ബഞ്ച് കഴിഞ്ഞ വർഷത്തെ വിധിയിൽ തെറ്റുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളുടെ വ്യാഖ്യാനത്തിലും അഭിപ്രായ വ്യത്യാസം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഈ റഫറൽ എന്നത് വിധി വായിച്ചാൽ മനസിലാക്കാനാകില്ല.

മാത്രമല്ല വിധിയിൽ പരാമര്ശിച്ചിരിക്കുന്ന കേസുകൾ നിലവിൽ വിവിധ ഡിവിഷൻ ബഞ്ചുകൾ പരിഗണിക്കേണ്ടതാണ്. ശബരിമല വിധിയിൽ റിവ്യൂ അനുവദിച്ചിട്ടില്ല. ആർട്ടിക്കിൾ 25, 26 സംബന്ധിച്ച വിശാല ബഞ്ചിന്റെ  വ്യാഖ്യാനം വരുന്നതുവരെ കേസ് മാറ്റി വച്ചിരിക്കുകയാണ്. അതിനുശേഷം റിവ്യൂ വീണ്ടും പരിഗണിക്കണോ എന്നു തീരുമാനിക്കും. ഫലത്തിൽ ശബരിമലയെ സംബന്ധിച്ച വിധി മാറ്റമില്ലാതെ തുടരുന്നു.  അതായത് ഇനി പുതിയ വിധിയിൽ പറയുന്ന കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബഞ്ചുകൾക്കും ഈ വിധി പിന്തുടരുവാനേ കഴിയൂ. അപ്പോൾ വീണ്ടും നമ്മൾ തുടങ്ങിയിടത്തു തന്നെ വന്നു ചേരും. ശബരിമല പുനഃപരിശോധനാ ഹർജിയിലെ തീരുമാനത്തിന് കാത്തു നിന്നാൽ മാത്രമേ ഏതെങ്കിലും ഒരു പുതിയ വ്യാഖ്യാനത്തിന് ഡിവിഷൻ ബഞ്ചുകൾക്ക് സാധിക്കൂ. ചീഫ് ജസ്റ്റിസ് ഗോഗോയിയുടെ ബഞ്ച് വ്യാഴാഴ്ച അതിൽ തീരുമാനം എടുത്തതുമില്ല.

പുനഃപരിശോധനാ ഹർജിയിൽ കേട്ടുകേൾവി പോലുമില്ലാത്ത അസാധാരണ നടപടികൾക്ക് മുതിരുകവഴി എന്തിനെക്കുറിച്ചും എല്ലാറ്റിനെക്കുറിച്ചും  ഒരുമിച്ചൊരു ഹര്ജി ആർക്കും കൊടുക്കാമെന്നും അതു കോടതി അനുവദിക്കും എന്നുമാണ് അര്ഥമാക്കുന്നതെങ്കിൽ അത് ജുഡീഷ്യൽ അച്ചടക്കത്തിന് എത്രമാത്രം ഗുണകരമാണ് എന്ന കാര്യം ചിന്തനീയമാണ്. ജസ്റ്റിസ്.ചന്ദ്രചൂഡിനും കൂടി വേണ്ടി ജസ്റ്റിസ്. നരിമാൻ എഴുതിയ വിയോജന വിധിന്യായം ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്നുണ്ട്. വിയോജന വിധിയിലെ തടസവാദങ്ങളിൽ ഒന്നുപോലും ഭൂരിപക്ഷ വിധിയിൽ പരാമർശിക്കപ്പെടുന്നില്ല എന്നു മാത്രമല്ല എന്തുകൊണ്ട് റിവ്യൂ ഹർജിയിൽ തങ്ങൾ ഇത്തരം ഒരു തീരുമാനത്തിലെത്തിച്ചേരുന്നു എന്നു വിശദീകരിക്കുന്നുപോലും ഇല്ല. എന്തു തന്നെയായാലും നിയമ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാവുന്ന ഒരു വിധിയല്ല ഭൂരിപക്ഷത്തിന്റേത്.

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum