ഉയര്‍ന്നു വരണം, മതാതീതമായ മാനവികത

Wednesday, September 6, 2017

ലോകം വിറങ്ങലിച്ചു നില്‍ക്കുകയാണ്. കണ്ണില്‍ വെറുപ്പിന്റെ അഗ്നികുണ്ഠവും കയ്യില്‍ യന്ത്രത്തോക്കുകളും ചുണ്ടില്‍ മതസൂക്തങ്ങളും ചിന്തയിലും പ്രവൃത്തിയിലും പൈശാചികതയുമായി അവര്‍ വരുന്നു....ഭയം, ഒരു 'നിശബ്ദവസന്ത'മായി ജനപഥങ്ങളില്‍ ഘനീഭവിക്കുന്നു. അശാന്തിയുടെ പകലിരവുകളില്‍ മനുഷ്യത്വം മരവിച്ചു നില്‍ക്കുമ്പോള്‍ ഐ.എസ് പുതിയ ഇടങ്ങള്‍ തേടുകയാണ്. സിനായി, ബെയ്‌റൂ ട്ട്, പാരീസ്, മാലി....രണ്ടാഴ്ചക്കുള്ളില്‍ ഐ.എസ് ഭീകരതയില്‍ മരണപ്പെട്ടവരുടെ എണ്ണം ആയിരത്തോടടുക്കുന്നു. ഐ എസ് ഇറാഖിലും സിറിയയിലും അമേരിക്കയുടെ അധികാര താത്പര്യങ്ങളുടെ പരിമിത വൃത്തിലൊതുങ്ങുന്നതല്ല കട എന്ന തിരിച്ചറിവിലേക്ക് പാശ്ചാത്യലോകവും ഉണരുകയാണ്.

അതിരുകളെയും ദേശീയതകളെയും അപ്രസ്തമാക്കിയ അധിനിവേശങ്ങളുടേയും പങ്കുവയ്ക്കലുകളുടേയും പതിറ്റാണ്ടുകള്‍ മധ്യപൂര്‍വേഷ്യക്കു നല്‍കിയ അസ്ഥിരതയുടെ, അരക്ഷിതത്വത്തിന്റെ, ദുരന്താവര്‍ത്തമാനങ്ങളുടെ കാവ്യപരിണിതി ചോര വിയര്‍ക്കുന്ന മണലാരണ്യങ്ങളില്‍ പരസ്പരം പോ രടിച്ച പ്രാചീന അറബ് ഗോത്രങ്ങളില്‍ രൂഢമൂലമായ മതഭീകരതയുടെ പുനരുദ്ധാരണം. മനുഷ്യത്വത്തിന്റെ മരണമുറ്റത്ത് ഇരകളായിപ്പോലും പരിഗണിക്കപ്പെടാത്തവരുടെ അടങ്ങാത്ത രോഷത്തിന്റെ മെറ്റാമോര്‍ഫോസിസ്.... നിര്‍വചനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമപ്പുറം മധ്യകാല മതഭീകരതയുടെ പിശാചപ്പുനര്‍ജനിയുടെ, അന്ത്യവിധിയുടെ, പാഠഭേദമാവുകയാണ് ഐ.എസ്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും അവയുടെ മുള്‍വേലികളുമായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രതീകങ്ങളെങ്കില്‍ ഈ നൂറ്റാണ്ടിന്റെ പ്രതീകം ഒരു പക്ഷേ ഐ എസിന്റെ കറുത്ത കൊടികളായിത്തീര്‍ന്നേക്കാം.
കേരളത്തില്‍ നിന്നും ഐ എസലേക്ക് റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടുണ്ട് എന്ന വാര്‍ത്ത ഭയാശങ്കകള്‍ ഉയര്‍ത്തുമ്പോള്‍ ഭീകരതയുടെ മൂലങ്ങളെ നേരാംവണ്ണം മനസ്സിലാക്കേണ്ടതുണ്ട്.

ഭീകരതയും മതവും


'ഭീകരതയ്ക്കു മതമില്ല' - സ്ഥിരം ഉയര്‍ന്നു കേള്‍ക്കുന്ന വാദം. മതാന്ധതയിലധിഷ്ഠിതമായ നിരവധി   ഭീകരസംഘടനകള്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. ഭരണഘടനയ്ക്കും നിയമവ്യവസ്ഥിതിയ്ക്കും മേലെ മധ്യകാലഘട്ടത്തിലെ വിശ്വാസപ്രമാണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാനുഷികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന സംഘങ്ങള്‍. ഇത്തരം മതവാദികള്‍ സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
ഈ പ്രസ്ഥാനങ്ങളെ നിലനിര്‍ത്തി കൊണ്ടുപോരുന്നത് മതദര്‍ശനങ്ങളാണ്. എന്നിട്ടും നാമതു കണ്ടില്ലെന്നു നടിക്കുന്നു. സമൂഹം വഴിതെറ്റുന്നതിന് കാരണം സിനിമയും സാഹിത്യവും സംഗീതവും ചുംബനസമരവുമാണെന്ന് കണ്ടെത്തുന്നവര്‍ മതാന്ധഹിംസാത്മകതയ്ക്ക് മതവുമായി ബന്ധമില്ലെന്ന് സ്ഥാപി ക്കാന്‍ ശ്രമിക്കുന്നതിന്റെ യുക്തി എന്താണ്?
ചരിത്രത്തില്‍ ഏറ്റവുമധികം മനുഷ്യര്‍, സാധാരണജനങ്ങള്‍ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത്, വധിക്കപ്പെട്ടിട്ടുള്ളത് മതത്തിന്റെ പേരിലാണ്. നവോത്ഥാനപൂര്‍വ്വ കാലഘട്ടത്തില്‍ ക്രിസ്ത്യസഭകളുടെ നേതൃത്വത്തില്‍ പേപ്പസിയുടെ കീഴില്‍ നിലനിന്നിരുന്ന ഭീകരവാഴ്ചയ്ക്ക് ചരിത്രത്തില്‍ സമാനതകളില്ല: സ്പാനിഷ്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് അധിനിവേശങ്ങളിലും ഇതിന്റെ പിന്തുടര്‍ച്ച കാണാം. തദ്ദേശീയരെ കൂട്ടത്തോടെ കത്തിക്കുക, തലയറുത്ത് മരത്തില്‍ കെട്ടിത്തൂക്കുക, കറുത്തവരെ ജീവനോടെ തീയില്‍ എറിഞ്ഞ്, കരിയുന്ന മനുഷ്യജീവന്റെ ഗന്ധമാസ്വദിച്ച്  അത് ആഘോഷമാക്കിയിരുന്നത്...എല്ലാം സമീപഭൂതകാലത്താണ്.
ആത്മീയത സത്വാന്വേഷണമാണ്. ആത്മീയ അന്വേഷണം അവസാനിക്കുന്നിടത്താണ് മതങ്ങളുടെ ആരംഭം. ആത്മീയത മതഘടനയിലേക്കെത്തുമ്പോഴേക്കും സത്യം നിര്‍വചിക്കപ്പെട്ടുകഴിയുന്നു. ദൈവം മോഡല്‍ ചെയ്യപ്പെട്ടു കഴിയുന്നു. മോക്ഷത്തിനു ള്ള, ദൈവത്തിലേക്കുള്ള മാര്‍ഗവും നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. ഓരോ മതവിശ്വാസിയും അവരുടെ മതം പറയുന്നതാണ് ഏകമോക്ഷമാര്‍ഗം, ഏകദൈവം, ഏകസത്യം എന്നു കരുതുന്നു.
പിന്നെ ആവശ്യം അന്വേഷണമല്ല, സത്യത്തിന്റെ പ്രതിരോധമാണ്. പരമസത്യം വെളിപ്പെട്ടുകഴിഞ്ഞ നിലയ്ക്ക് ഇതരവിശ്വാസങ്ങളെല്ലാം അസംബന്ധമാണെന്നു വരുന്നു. അസത്യമാണെന്നു വരുന്നു. പരമസത്യത്തിനുവേണ്ടി അതിനെ പ്രതിരോധിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 'മറ്റുമതങ്ങള്‍'ക്ക് എതിരായി മാറുന്നു. 'അറിവി'നെ വിശ്വാസം കൊണ്ട് പകരം വയ്ക്കാന്‍ ശ്രമിയ്ക്കുന്നതിലെ അപകടമാണിത്. അറിവ് അന്വേഷണത്തില്‍ നിന്നുമാണ്. വിശ്വാസം മതഗ്രന്ഥപാരായണം നല്‍കുന്ന മസ്തിഷ്‌ക പ്രക്ഷാളനമാണ്. അറിവ് സ്വയം പ്രതിരോധിക്കുന്നതാണ്, പരിണമിക്കുന്നതാണ്, എന്നാല്‍ വിശ്വാസത്തിന് സ്വയം പ്രതിരോധിക്കാനാവില്ല. ആത്മീയത അവിടെ അവസാനിക്കുകയും പ്രതിരോധത്തിനായി ഹിംസാത്മകപ്രമാണങ്ങള്‍ പിറവിയെടുക്കുകയും ചെയ്യുന്നു.
ചരിത്രത്തില്‍, എല്ലാ ഗുരുക്കന്‍മാരുടേയും, പ്രവാചകന്‍മാരുടേയും ദര്‍ശനങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളത് ഈ ദുര്‍വിധിയാണ്. ഗുരുവിന്റെ മരണത്തിനൊപ്പം അദ്ദേഹം മുന്നോട്ടുകൊണ്ടുപോയ ആത്മാന്വേഷണവും മരണപ്പെടുന്നു. അവശേഷിക്കുന്നത് ദര്‍ശനങ്ങളുടെ ജഡമാണ്. ഗുരുക്കന്‍മാരുടെ ആത്മീയദര്‍ശനം അപക്വമതികളായ അനുചരവൃന്ദത്തിനുമുന്നില്‍ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്നു. കാലാന്തരത്തില്‍ വളരാതെ, മുരടിച്ച്  ഫോസിലുകളാകുന്നു. രാഷ്ട്രീയാധികാര വ്യവസ്ഥിതിയുടെ ഭാഗമാകുന്നു. അത് വീണ്ടും വികൃതമാകും. വ്രണപ്പെടും. പൊട്ടിയൊലിക്കും. വ്രണപ്പെടുന്ന വികാരങ്ങളെ തൃപ്തിപ്പെടുത്തുക എന്നതു മാത്രമാണ് സാമൂഹികധര്‍മ്മം എന്ന സ്ഥിതി അപകടകരമായ അവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കും.
നിലവിലുള്ള വിശ്വാസങ്ങളോട് വിയോജിക്കാതെ, വിമര്‍ശിക്കാതെ, 'വ്രണപ്പെടുത്താതെ' എങ്ങിനെയാണ് നാം മുന്നോട്ട് പോകുക? നിലവിലെ സാമൂഹികവ്യവസ്ഥകളോട് സന്ധി ചെയ്തിരുന്നെങ്കില്‍ ഇവിടെ ഒരു ബുദ്ധനോ, ക്രിസ്തുവോ, നബിയോ ഉണ്ടാകുമായിരുന്നില്ലല്ലോ. 'വ്രണപ്പെടുന്ന' വികാരങ്ങളെക്കുറിച്ച്  അത്യധികം ആകുലപ്പെടുന്ന സമൂഹം പിന്നോട്ടു നടക്കുന്നു. ഈ പിന്നോട്ടു നടത്തം വിശ്വാസസംരക്ഷണത്തിന്റെ പേരിലാണെങ്കില്‍ അത് മറ്റു വിശ്വാസങ്ങള്‍ക്കെതിരെയുള്ള കലാപങ്ങളിലേക്കാണ് നമ്മെ നയിക്കുക.
പിന്നോട്ടു നടന്ന സമൂഹങ്ങളില്‍ സംഭവിക്കുന്ന ഹിംസാത്മകതയുടെ ഏറ്റവും പൈശാചികമായ മുഖമാണ് ഐ എസിന്റെ ഇരുണ്ട പതാകയ്ക്കു പിന്നിലും നാം കാണുന്നത്. ഭീകരവാദത്തിന്റെ രാഷ്ട്രീയപരിണിതിയും സാമ്പത്തിക ശാസ്ത്രവും നയതന്ത്രസാധ്യതകളും എന്തുതന്നെയായാലും അതിനെ നിലനിര്‍ത്തുന്ന, മുന്നോട്ടുനയിക്കുന്ന അക്ഷയമായ ഊര്‍ജ്ജം മതമാണ്. മനുഷ്യരെക്കൊണ്ട് അസംബന്ധങ്ങള്‍ വിശ്വസിപ്പിക്കാന്‍ കഴിയുന്ന ഏതൊരു പ്രത്യയശാസ്ത്രത്തിനും അവരെക്കൊണ്ട് എത്ര വലിയ അനീതിയും ക്രൂരതയും പ്രവര്‍ത്തിപ്പിയ്ക്കാന്‍ കഴിയും.

ഐ.എസും സൗദി വഹാബിസവും


ഐ.എസിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൊക്കെയും സൗദിയും പരാമര്‍ശവിധേയമാകാറുണ്ട്. സൗദി അറേബ്യ ഇവരെ അനുകൂലിക്കുന്നോ? അമേരിയ്ക്കക്കൊപ്പമാണോ? എന്നിങ്ങനെ പലതും. സൗദി ഭരണകൂടം തന്നെ ഇക്കാര്യത്തില്‍ രണ്ടു തട്ടിലാണ്. അസാദിനും ഇറാനുമെതിരെ, 'ഷിയ' വിഭാഗത്തിനെതിരെ ഉള്ള 'സുന്നി' മുന്നേറ്റമായി ഇതിനെ കാണുന്നവരുണ്ട്. ഒരു പക്ഷേ, അവര്‍ അതില്‍ സന്തോഷിക്കുന്നുമുണ്ടാവാം. അതേ സമയം സൗദി അധികാരത്തിനു ഭീഷണിയായി വളര്‍ന്നേക്കാം എന്ന ഉത്കണ്ഠയുമുണ്ട്. സൗദിയുടെ രാഷ്ട്രീയ അസ്ഥിത്വത്തിന്റെ ചരിത്രപരമായ സങ്കീര്‍ണ്ണതകളാണ് ഈ വൈരുദ്ധ്യത്തിനു കാരണം.
പതിനെട്ടാം നൂറ്റാണ്ടില്‍ അറേബ്യയില്‍, ഹതാശമായ മരുഭൂമികളില്‍ പരസ്പരം പോരടിച്ച് കഴിഞ്ഞിരുന്ന നിരവധി ഗോത്രങ്ങളില്‍ ഒരു ചെറു നേതാവായിരുന്ന മുഹമ്മദ് ഇബ്ന്‍ സൗദ്, വിശാലമായ അറബ് ദേശത്തിന്റെ ഭരണാധികാരിയായി വളരുന്നത് വഹാബിസം എന്ന് ഇന്ന് നമ്മള്‍ വിളിക്കുന്ന തീവ്രവാദ ഇസ്ലാമിക റിവൈവലിസ്റ്റ്  ദര്‍ശനങ്ങളുടെ പ്രചാരകനായാണ്.
ദരിദ്രമായിരുന്ന അറബ് മണലാരണ്യത്തിലെ ഒരു ചെറുപട്ടണമായി നെജ്‌നിലെ മുഹമ്മദ് ഇബ്ന്‍ അബുദ് ഉള്‍ വഹാബ് എന്ന തീവ്രമതവാദി മുന്നോട്ട് വച്ച ശുദ്ധ മതോദ്ധാരണ മൗലികവാദമാണ് വഹാബിസം. സൂഫിസത്തെ, ഷിയാ പാരമ്പര്യങ്ങളെ, അന്നത്തെ ഇസ്ലാമിക ലോകത്ത് വ്യാപകമായിരുന്ന ഖബര്‍ സന്ദര്‍ശനം പോലെയുള്ള 'അനാചാരങ്ങളെ' പിഴുതെറിഞ്ഞ് 'യഥാര്‍ത്ഥ' ഇസ്ലാമിനെ വീണ്ടെടുക്കുകയായിരുന്നു വഹാബിന്റെ ലക്ഷ്യം. ഇബ്‌ന് തയ്മയ്യയെപ്പോലുള്ള മധ്യകാലമതപണ്ഡിതരുടെ കാഴ്ചപ്പാടുകളുടെ കാരുണ്യ രഹിതമായ പുനരുദ്ധാരണമായിരുന്നു വഹാബിസം. പ്രവാചകന്‍ മദീനയില്‍ കഴിഞ്ഞിരുന്ന കാലഘട്ടമാണ് യഥാര്‍ത്ഥ ഇസ്ലാമിസ്റ്റുകള്‍ മാതൃകയാക്കേണ്ടതെന്നായിരുന്നു വാദം. ഷിയാ, സൂഫി, ഗ്രീക്ക് സംസ്‌ക്കാരങ്ങള്‍ക്കെതിരെ പോരാടുന്നത് 'മുസ്ലീങ്ങളുടെ' ഉത്തരവാദിത്തമായി കണക്കാക്കപ്പെട്ടു. ഓട്ടോമന്‍ സാമ്രാജ്യത്തെയും സംസ്‌ക്കാരത്തെയും എതിര്‍ത്തു. വെറുപ്പിന്റെയും അസഹിഷ്ണുതയുടേയും ഈ മതപാഠത്തിന്റെ പേരില്‍ സ്വന്തം നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട വഹാബ് മുഹമ്മദ് ഇബ്ന്‍ സൗദുമായി ധാരണയിലെത്തുകയായിരുന്നു.
ഇബ്ന്‍ സൗദിന്റെ ഗോത്രസേന വഹാബിന്റെ മതശാസനകള്‍ക്കനുസരിച്ച് അടുത്ത പ്രദേശങ്ങളിലൊക്കെ കൊള്ളയും ആക്രമവും നടത്തി. അത് ജിഹാദ് ആണെന്ന് അവകാശപ്പെട്ടു. ജിഹാദിന്റെ പേരിലുള്ള 'രക്തസാക്ഷിത്വവും ഇന്‍സ്റ്റന്റ്  സ്വര്‍ഗപ്രവേശവും' പുനരവതരിപ്പിക്കപ്പെട്ടു. പടയോട്ടങ്ങളില്‍ കീഴടക്കപ്പെട്ട പ്രദേശവാസികള്‍ക്കു മുന്നില്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ അവര്‍ക്കൊപ്പം ചേരുക.
18-ാം നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങളായപ്പോഴേക്കും വഹാബിസം അറബ് പ്രദേശങ്ങളിലാകെ പടര്‍ന്നു. 1801 ല്‍ ഇറാഖിലെ വിശുദ്ധ നഗരമായ കര്‍ബല ആക്രമിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു. 'ഞങ്ങള്‍ കര്‍ബല കീഴടക്കി. അവരെ വധിച്ചു. ആളുകളെ അടിമകളാക്കി. അതില്‍ ഞങ്ങള്‍ക്ക് പശ്ചാത്താപമില്ല. അവിശ്വാസികളോട് ചെയ്യേണ്ടത് ഇതു തന്നെയാണ്.' ആദ്യസൗദി രാഷ്ട്രത്തിന്റെ ചരിത്രകാരനായിരുന്ന ഒസ്മാന്‍ ഇബ്ന്‍ ബിഷര്‍ നാജുദ്ദീന്‍ എഴുതി.
1803 ല്‍ അബ്ദുള്‍ അസീസ് മെക്കയും മെദീനയും കീഴടക്കി. ഖബറിടങ്ങളും പുണ്യസ്ഥലങ്ങളും ചരിത്രസ്മാരകങ്ങളും പ്രൗഡമായ ഇസ്ലാമിക വാസ്തുശാസ്ത്ര സ്മാരകങ്ങളും തകര്‍ത്തു. സാമ്രാജ്യത്തിനു ഭീഷണിയായി വളരുമെന്ന ഘട്ടമായപ്പോള്‍ 1812ല്‍ ഓട്ടോമന്‍ സേന വഹാബിസത്തെ മെക്കയില്‍ നിന്നും, മെദീനയില്‍ നിന്നും ജിദ്ദയില്‍ നിന്നും തുരത്തി 1814 ല്‍ അബ്ദുള്‍ ഇബ്ന്‍ സൗദിനെ പിടികൂടി ഇസ്താംബൂൡലേക്കു കൊണ്ടുപോയി. തെരുവിലൂടെ മൂന്നു ദിവസം വലിച്ചിഴച്ച് തെരുവില്‍ കെട്ടിത്തൂക്കി തലയറുത്ത് തല ഒരു പീരങ്കിയില്‍ വച്ച് വെടിവച്ച് തകര്‍ത്തു. 1818 ആകുമ്പോഴേയ്ക്കും ഓട്ടോമന്‍ സാമ്രാജ്യത്തിനു വേണ്ടി വഹാബി സഖ്യത്തെ പൂര്‍ണ്ണമായി പരാജയപ്പെടുത്തി. ഒന്നാം സൗദി രാഷ്ട്രം ശിഥിലമായി. ശേഷിച്ച വഹാബികള്‍ വിജനമായ മണലാരണ്യങ്ങളിലേക്ക് പിന്‍വലിഞ്ഞു.
പിന്നീട്  വളരെക്കാലം അടങ്ങിയിരുന്ന വഹാബികള്‍ വീണ്ടും സജീവമാകുന്നത് ഒന്നാം ലോകമഹായുദ്ധത്തിന്റെയൊടുവില്‍ ഓട്ടോമന്‍ സാമ്രാജ്യം ഇല്ലാതാകുന്നതോടെയാണ്. 1913 ല്‍ പുനരേകീകരിക്കപ്പെട്ട സൗദി 'ഇഖ്‌വാന്‍' 1800 കളിലെപ്പോലെ മെക്കയും മെദീനയും കീഴടക്കി മുന്നേറി. 1924 ല്‍ ഇന്നത്തെ സൗദി സാമ്രാജ്യമാകെത്തന്നെ സൗദിന്റെ കീഴിലായി. എന്നാല്‍ മതാന്ധതയുടെ ഭീഷണസീമകളില്‍ ഭ്രാന്തമായി കുതിക്കുന്ന വഹാബി സേനയുടെ കടിഞ്ഞാണില്ലാത്ത പ്രയാണം തന്റെ തന്നെ അധികാര താത്പര്യങ്ങള്‍ക്ക് വിനയായി മാറിയേക്കാം എന്നു തിരിച്ചറിഞ്ഞ അബ്ദ് അല്‍ അസീസ് അവര്‍ക്കെതിരെ തിരിഞ്ഞു. 1930 വരെ നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍ രാജാവ് തന്നെ വിജയം കണ്ടു. ക്രമേണ, ദൈവീക വിശുദ്ധീകരണത്തിന്റെ പടയോട്ടത്തില്‍ നിന്നും സൗദി രാജാധികാരത്തെ പിന്താങ്ങുകയും പ്രതിരോധിക്കുകയും നീതീകരിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക ഇസ്ലാമിക രാഷ്ട്രീയ പ്രമാണമായി വഹാബിസം മാറി. സൗദി അറേബ്യ വഹാബി/സലാഫി ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രയോക്താക്കളും പ്രചാരകരുമായി സ്വയം അവരോധിച്ചു.
എണ്ണ നിക്ഷേപങ്ങള്‍ നല്‍കിയ സാമ്പത്തിക കുതിപ്പില്‍ മധ്യേഷയിലെ പ്രധാനശക്തിയായി സൗദി വളര്‍ന്നു. ആധുനികാഡംബര ജീവിത ശൈലിയുടെ വാഗ്ദത്ത ഭൂമിയായി സൗദി മാറി. ഇതോടൊപ്പം തന്നെ വഹാബിസത്തിന്റെ വ്യാപനവും നടക്കുന്നുണ്ടായിരുന്നു. അറബ് മേഖലയ്ക്കപ്പുറത്ത്  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രൂപം കൊണ്ട വിവിധ വഹാബി മതമൗലിക സംഘടനകളുടേയും പിന്നില്‍ എണ്ണപ്പാടങ്ങളുടെ   പണക്കൊഴുപ്പായിരുന്നു. എന്നാല്‍ സൗദി രാജകുടുംബത്തിന്റെ വളര്‍ച്ചയും വികാസവും മധ്യേഷ്യയിലെ  ആധുനികതയുടെ വസന്തമായി മനസ്സിലാക്കാനാണ് പാശ്ചാത്യ രാഷ്ട്രീയ നേതൃത്വം ഇഷ്ടപ്പെട്ടത്. അതിന് ചില രാഷ്ട്രീയ കാരണങ്ങളുമുണ്ട്.

ഓയില്‍ ഷോക്ക്

1944 ലെ ബ്രട്ടന്‍വൂഡ്‌സ് ഉടമ്പടിപ്രകാരം ബ്രിട്ടനും സഖ്യകക്ഷികളും അമേരിക്കന്‍ ഡോളറിനെ റിസര്‍വ്  കറന്‍സിയായി അംഗീകരിച്ചു. ഔണ്‍സിന് 35 ഡോളര്‍ എന്ന നിരക്കില്‍ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണ് ഡോളറിന്റെ മൂല്യം നിര്‍ണയിക്കപ്പെട്ടിരുന്നത്. എന്നാല്‍ 1960 കളുടെ അവസാനമായപ്പോഴേയ്ക്കും അമേരിക്കന്‍ ഡോളറിന് അത്ര മൂല്യമില്ലെന്ന തോന്നല്‍ ലോകവ്യാപകമായുണ്ടായി. വ്യാപാരബന്ധങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഡോളറിനുപകരമായി സ്വര്‍ണ്ണനിക്ഷേപങ്ങള്‍ പിന്‍വലിക്കാനാരംഭിച്ചു. ഡോളര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. ഇതേത്തുടര്‍ന്ന് നിക്‌സണ്‍ ഭരണകൂടം, ഏകപക്ഷീയമായി 1944 ലെ ബ്രട്ടന്‍വുഡ്‌സ്  ഉടമ്പടിയില്‍ നിന്നും പിന്‍മാറി. ഡോളര്‍ സ്വര്‍ണ്ണത്തില്‍ നിന്നും സ്വതന്ത്രമാക്കി. ഗോള്‍ഡ് കണ്‍വേര്‍ട്ടിബിലിറ്റി അവസാനിപ്പിച്ചു. പ്രശ്‌നം ഇതുകൊണ്ടു മാത്രം അവസാനിച്ചില്ല. ഡോളറിന്റെ വിനിമയനിരക്ക് പിന്നെയും താഴോട്ട്‌പോയി.
ഈ സമയത്താണ് ഓയില്‍ ഷോക്ക്, എന്നു നമ്മള്‍ ഇന്നു വിശേഷിപ്പിക്കുന്ന സാഹചര്യം ഉടലെടുത്തത്. 1971 ലെ യുദ്ധത്തില്‍ ഇസ്രയേലിനൊ പ്പം നിന്ന പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു. ഇത് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. തുടര്‍ന്നുണ്ടായ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ സൗദി ഭരണകൂടവുമായി ഒരു ധാരണയിലെത്തി. ഈ ഉടമ്പടിയാണ് ഇന്ന് നമുക്ക് അവിശ്വസനീയമെന്നു തോന്നുന്ന സൗദി - അമേരിക്കന്‍ രാഷ്ട്രീയ ബാന്ധവത്തിന്റെ അടിസ്ഥാനം.
ഉടമ്പടിപ്രകാരം എണ്ണവ്യാപാ രത്തിന് ഉപയോഗിക്കുന്ന ഏക നാ ണയമായി അമേരിക്കന്‍ ഡോളര്‍ അംഗീകരിക്കപ്പെട്ടു. പകരം സൗദി അധികാര വ്യവസ്ഥിതിയ്ക്ക് രാഷ്ട്രീയവും സൈനീകവുമായ സര്‍വ പിന്തുണയും നല്‍കാമെന്ന് അമേരിക്ക ഉറപ്പു നല്‍കി. അങ്ങനെ ആഗോളതലത്തില്‍ യു.എസ് ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിച്ചു. ഡോളര്‍ സ്ഥിരതയാര്‍ജ്ജിച്ചു. മറുവശത്ത് സൗദി രാഷ്ട്രം അമേരിക്കയുടെ തണലില്‍ രാഷ്ട്രീയവും സൈനീകവുമായ സുരക്ഷിതത്വം ഉറപ്പാക്കി. അമേരിക്കന്‍ പി ന്തുണയോടെ നടക്കുന്ന ഇസ്രയേലിന്റെ അധിനിവേശങ്ങള്‍ക്കോ, അമേരിക്കയുടെ തന്നെ അധിനിവേശങ്ങള്‍ക്കോ എതിരെ സൗദിയോ സൗദി പിന്തുണയോടെ വഹാബിസ്റ്റ് പ്രസ്ഥാനങ്ങള്‍ ലോകമാകെ അശാന്തി പടര്‍ത്തുമ്പോള്‍ അമേരിക്കയോ പ്രതികരിക്കാത്തിന്റെ കാരണം മറ്റൊന്നുമല്ല.

പെട്രോ - ഡോളര്‍ - മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ്


മാനുഷിക മൂല്യങ്ങള്‍ അപ്പാടെ നിഷേധിച്ചുകൊണ്ട് പ്രചരിച്ച വഹാബി പ്രസ്ഥാനങ്ങളെ സാമ്രാജ്യത്വ  താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയ ആയുധമായി പാശ്ചാത്യ രാജ്യങ്ങള്‍ ഉപയോഗിച്ചു. സോഷ്യലിസം, ബാത്തിസം, നാസറിസം, ഇറാനിയന്‍ സ്വാധീനം, സോവിയറ്റ് യൂണിയന്‍ - 'ഭീഷണികള്‍'ക്കെതിരെ മതഭീകരരെ ഉപയോഗിക്കുകയെന്ന അത്യന്തം അപകടകരമായ പ്രാകൃത നയതന്ത്രപദ്ധതിയാണ് അമേരിക്കയും പാശ്ചാത്യരാജ്യങ്ങള്‍ പൊതുവേയും സ്വീകരിച്ചത്.
അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് 'അധിനിവേശം' അവസാനിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വഴി മതാന്ധരായ ജിഹാദി ഗ്രൂപ്പുകളാണ് എന്ന അമേരിക്കന്‍ ചിന്തയാണ് അല്‍ഖ്വയിദയുടേയും താലിബാന്റെയും വളര്‍ച്ചയ്ക്ക് വളവും വെള്ളവുമായത്. ഒരു വിമോചനപ്പോരാളിയുടെ പരിവേഷമാണ് ഒസാമ ബിന്‍ലാദന് പാശ്ചാത്യര്‍ നല്‍കിയത്. സിയാ ഉള്‍ഹഖിന്റെ പാക്കിസ്ഥാന്‍ ഗവണ്‍മെന്റും പാക്ചാരസംഘടനയായ ഐ.എസ് ഐയും  സി ഐ എയും ചേര്‍ന്നു നടപ്പിലാക്കിയ 'ഓപ്പറേഷന്‍ സൈക്ലോണ്‍' എന്ന ലേകചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രഹസ്യ യുദ്ധതന്ത്രപദ്ധതിയായിരുന്നു അഫ്ഗാനിസ്ഥാനില്‍ വഹാബി മിലിട്ടന്‍സിയെ പരിപോഷിപ്പിച്ചത്. സോവിയറ്റ് 'അധിനിവേശ'ത്തിനെതിരെയുള്ള നടപടികള്‍ അഫ്ഗാനിസ്ഥാനെ നയിച്ചത് മധ്യകാലഘട്ടത്തിലെ പിശാചനീതിശാസ്ത്രം സാര്‍വത്രികമാക്കിയ മതഭീകരതയുടെ താലിബാന്‍ കാലഘട്ടത്തിലേക്കാണ്.
ഇന്ന് 'മലാല'യെ പെണ്‍കുട്ടികളും വിമോചനശാക്തീകരണ സ്വപ്നങ്ങളുടെ പ്രതീകമായി ഉയര്‍ത്തിക്കാട്ടികൊണ്ട് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ പ്രചാരണം നടത്തുന്ന പാശ്ചാത്യര്‍, 1950 കളിലും 60 കളിലും 70കളിലും സാമൂഹ്യ ജീവിതത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്ന അഫ്ഗാന്‍ വനിതകള്‍ എങ്ങനെ ഈ നിലയില്‍ എത്തി എന്നതിനെക്കുറിച്ച് ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടുകള്‍കൊണ്ട് അവര്‍ തകര്‍ത്തെറിഞ്ഞ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ഇനിയെത്ര നൂറ്റാണ്ടുകള്‍ മതിയാവും?
1961 ലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍, അമേരിക്കയില്‍ മിലിട്ടറി - ഇന്‍ഡസ്ട്രിയല്‍ - കോംപ്ലക്‌സ് നിലനില്‍ക്കുന്നുവെന്നും അധികാര - ആയുധവ്യാപാര ബാന്ധവം ഭീഷണമായ  തലത്തിലേക്ക് ശക്തിപ്രാപിക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും അമേരിക്കന്‍ പൊതു സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധങ്ങളാണ് മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിനെ നിലനിര്‍ത്തുന്നത്. ''നിലയ്ക്കാത്ത യുദ്ധങ്ങളിലൂടെ നിലയ്ക്കാത്ത ലാഭം'' എന്നതാണ് അതിന്റെ സാമ്പത്തിക ശാസ്ത്രം. ഐസന്‍ഹോവര്‍ ഭയപ്പെട്ടിരുന്നതിനേക്കാള്‍ വേഗത്തില്‍ അത് അമേരിക്കന്‍ ഭരണസംവിധാനത്തേയും മാത്രമല്ല പൊതുബോധത്തെപ്പോലും കീഴ്‌പ്പെടുത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ അതിലാഭവിപണനം കൂടിയായപ്പോള്‍  അത് വിനാശകരമായ ഏതു ഭീകരതയോടും സന്ധിചെയ്യുന്ന തലത്തിലേക്ക് വികാസം പ്രാപിച്ചു. ഓയില്‍ ഷോക്കിനുശേഷം പെട്രോ ഡോളര്‍ സാമ്പത്തിക യുക്തി അമേരിക്കയുടെ നിലനില്‍പ്പിന്റെ തന്നെ അടിസ്ഥാനപ്രമാണമായി മാറി.
ജെ.പി മോര്‍ഗന്‍, എച്ച.എസ്.ബി.സി, ബി.എന്‍.പി, സൗദി ആംകോ, എക്‌സോം, ഗാസ്‌പ്രോം...ലോക്ക്ഹിഡ്മാര്‍ട്ടിന്‍, ബോയിംഗ്, ജനറല്‍ ഡൈനാമിക്‌സ്...ടൈം വാര്‍ണര്‍, ന്യൂസ് കോര്‍പറേഷന്‍....കുറച്ച് ബാങ്കിംഗ്   ഭീമന്‍മാരും എണ്ണക്കമ്പനികളും ആയുധനിര്‍മ്മാതാക്കളും മാധ്യമ കുത്തകകളും ചേര്‍ന്ന് ലോകം ഭരിക്കുന്ന സാഹചര്യമാണ് ഇന്ന്. സാമ്രാജ്യത്വ കോര്‍പ്പറേറ്റ് ശക്തികള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന പെട്രോ-ഡോളര്‍ - മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ - മീഡിയ കോംപ്ലക്‌സ് ആണ് ഐ എസും , ബോക്കോ ഹറാമും അല്‍ഖ്വയിദയുമുള്‍പ്പടെയുള്ള ഭീകരസംഘടനകളെ നിലനിര്‍ത്തുന്നത്.

ഐ എസിന്റെ സാമ്പത്തിക അടിത്തറ

ദി എക്കണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 15 സൈനികരുടെ മാസവേതനം 1400 ആണ്. ഇറാഖി സൈനികര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട പ്രതിഫലമാണിത്. 2008 -09 ല്‍ പ്രതിമാസം പത്തുലക്ഷം ഡോളര്‍ മാത്രമായിരുന്ന ഐ എസിന്റെ വരുമാനം പ്രതിമാസം 7 കോടി ഡോളറായി ഉയര്‍ന്നുവെന്ന് ഞമിറ ഇീൃുമൃമശേീി കണക്കാക്കുന്നു. വിദേശധനസഹായങ്ങളും നികുതി പിരിവും കൊള്ളയും പൗരാണിക വസ്തുവകകളുടെ കരിഞ്ചന്തയും കിഡ്‌നാപ്പിംഗുമൊക്കെ ധനസമാഹരണോപാധികള്‍ ആണെങ്കിലും ഐഎസിന്റെ പ്രധാന വരുമാന സ്രോതസ്സ് എണ്ണയാണ്. പടിഞ്ഞാറന്‍ സിറിയയിലെ ഐ.എസിനു കീഴിലുള്ള ദെയര്‍ ഏസര്‍ പ്രവിശ്യയില്‍ നിന്നുമാത്രം ദിവസേന 36,000 മുതല്‍ 40,000 വരെ ബാരല്‍ ക്രൂഡ് ഓയില്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ദിവസേന  15 ലക്ഷം ഡോളറിലേറെയാണ് എണ്ണക്കച്ചവടത്തിലൂടെ ഐ.എസ് നേടുന്നത്. ഇത്രയധികം എണ്ണ ആരാണു വാങ്ങുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറാവുകയില്ല.
ജി 20 ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കവെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിന്‍ സൂചിപ്പിച്ചത്, 40 രാജ്യങ്ങള്‍ ഐ എസിനെ ഫണ്ട് ചെയ്യുന്നതായി ഇന്റലിജന്‍സ് ഉണ്ടെന്നും അതില്‍ ഏ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ്. ഇത്തരമൊരു വേദിയില്‍ അതു പരസ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിലെ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിന് മുഖമടച്ചു കൊടുത്ത അടിയാണ് പുട്ടിന്റെ വാക്കുകള്‍.

പിശാചിന്റെ  പോറ്റമ്മ

നാമറിയണം, ബ്രയാന്‍ ക്ലീനനെ. 1980 കളില്‍ ലെബനണില്‍ ഹിസ്ബുള്ള തീവ്രവാദികളുടെ തടവില്‍ നാലരവര്‍ഷം കണ്ണുകള്‍ മൂടിക്കെട്ടി, കൈകാലുകളില്‍ വിലങ്ങുമായി, മരണത്തിനു കാതോര്‍ത്തുകൊണ്ട്  കഴിയേണ്ടി വന്ന ഐറിഷ് എഴുത്തുകാരനെ. 1990, ആഗസ്റ്റ് 24 ന് വിമോചിതനായ ശേഷം 4 തവണ ലെബനന്‍ സന്ദര്‍ശിച്ചിട്ടുണ്ട്, അദ്ദേഹം താനനുഭവിച്ച ക്രൂരതകളുടെ വേരുകള്‍ തേടി. അദ്ദേഹമെഴുതിയ 'അി ഋ്ശഹ  ഇൃമറഹശിഴ'' എന്ന പുസ്തകം ഭീകരമായ ദുരിതങ്ങള്‍ക്കിടയിലും വെളിച്ചമാകുന്ന മാനവികതയുടെ പ്രകാശഗോപുരമാണ്.
പാരീസ് ഭീകരാക്രമണത്തിനുശേഷം റോബര്‍ട്ട് ഫ്രിസ്‌കിനു നല്‍കിയ അഭിമുഖത്തില്‍ മദ്ധ്യേഷ്യയില്‍ തങ്ങള്‍ നിരന്തരം അന്യായമായി വേട്ടയാടപ്പെടുന്നവരാണ് എന്ന ബോധം ഏതു കൊടിയ ഭീകരതയെപ്പോലും നീതീകരിക്കുന്ന തലത്തിലേക്ക് വളര്‍ന്നതിനെ വിശദീകരിക്കുന്നു. ''ഇതൊക്കെ വളരെ മുന്‍പ് തന്നെ പ്ലാന്‍ ചെയ്തിരുന്ന നിരവധി സംഘടനകളുണ്ട്. ആളുകളെ കൊല്ലാന്‍ ഒരുപാട് ഇീാാശാേലി േ ന്റെ ആവശ്യമൊന്നുമില്ല.'' അദ്ദേഹം പറയുന്നു. ''ഇനി നാം എന്തു ചെയ്യണം? ആഗോളതലത്തില്‍ നമ്മളെല്ലാം ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തേ തീരൂ. നാലരവര്‍ഷത്തെ തടവുജീവിത്തിനുശേഷം എന്റെ വിചാരം കുടിയൊഴിക്കുലുകളും തുടര്‍ന്നുണ്ടാകുന്ന രോഷവും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതാണ് എന്നാണ്. പ്രതികാരത്തിനും വിശുദ്ധയുദ്ധങ്ങള്‍ക്കും ഇസ്ലാമിക വെളിപാടുകള്‍ക്കു പോലും അപ്പുറം എന്തെങ്കിലും ഈ ജനതക്കു നല്‍കേണ്ടതുണ്ട്.''
നയതന്ത്രം യുദ്ധം മാത്രമാകുന്നതാണ് മിഡില്‍ ഈസ്റ്റിലെ പ്രധാനപ്രശ്‌നം. അടിസ്ഥാനപരമായി ഇതിനെ എങ്ങനെ ന്യായീകരിക്കും, അര്‍ത്ഥപൂര്‍ണ്ണമായി അഭിമുഖീകരിക്കുമെന്നുമാണ് നാം മനസ്സിലാക്കേണ്ടത്. പലകാരണങ്ങളെക്കുറിച്ചും നാം പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. ബ്രയാന്‍ പറയുന്നു;''ആരാണ് യുദ്ധ കുറ്റവാളി? ഒരു യുദ്ധകുറ്റവാളി ആരാണെന്നും എന്താണ് യുദ്ധകുറ്റം എന്നതിനെക്കുറിച്ചും വികലമായ കാഴ്ചപ്പാടാണ് നമുക്കുള്ളത്. നാം നീതിയെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇതിനെക്കുറിച്ച് സത്യസന്ധമായി ചിന്തിക്കുവാന്‍ തയ്യാറാകണം. കാരണം, നീതി നടപ്പിലാക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും തോന്നേണ്ടതുണ്ട്.
''നഖ്ബ (1948 ല്‍ ഫലസ്റ്റയിനികളെ സ്വദേശത്തു നിന്ന് പുറത്താക്കിയ നടപടി) ആഗോളവല്‍ക്കരിക്കപ്പെട്ടു എങ്കില്‍ നമുക്ക് പുതിയ മൂല്യബോധങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.  പക്ഷെ, അങ്ങനെയൊരു ആത്മപരിശോധനയ്ക്ക് നാം തയ്യാറാകുമോ എന്നറിയില്ല.''
''ഞാന്‍, നാലരവര്‍ഷം ഇരുളില്‍, ഏകാന്തതയില്‍, കണ്ണുകെട്ടി ജീവിച്ചു. പാശ്ചാത്യ ജനാധിപത്യം എന്നോടു പറഞ്ഞത് നീതി അന്ധമാണെന്നാണ്. പക്ഷെ, അധികാരത്തിന്റെ അസന്തുലിതാവസ്ഥകളെ ചോദ്യം ചെയ്യാന്‍ കഴിയാത്തിടത്തോളം കാലം നാമെല്ലാം കണ്ണുകെട്ടി ജീവിക്കുന്നവരാണ്.''
ബ്രയാനിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നയരൂപീകരണത്തിന്റെ അടിസ്ഥാനം യുക്തിയാകണം, വികാരങ്ങളായിക്കൂടാ എന്നാണ്. പക്ഷെ, നമ്മുടെ പ്രതികരണത്തിന്റെ രീതിശാസ്ത്രവും ഭീകരവാദികളുടെ വ്യാകരണപുസ്തകത്തില്‍ നിന്നു തന്നെ എടുത്തതാണ്. ''യുദ്ധപ്രഖ്യാപനം, ദയാരഹിതമായ പ്രതികാരം....' ഭരണകൂടങ്ങളും സംസാരിക്കുന്നത് ഐ.എസിന്റെ ഭാഷയിലാണ്. അത് ഭീരകരതയ്ക്ക് വളമാവുകയാണ് ചെയ്യുക.
ഭീകരതയ്‌ക്കെതിരായ യുദ്ധങ്ങളെല്ലാം കൂടുതല്‍ ഭീകരതകളിലേക്ക് വഴി തെളിക്കുന്നത് നാം കണ്ടു. നീതീകരിക്കാനാവാത്ത ഇറാക്ക് അധിനിവേശമാണ് ഐ എസ്സിന്റെ വളര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കിയത് എന്നു മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തന്നെ അടുത്തിടെ കുമ്പസാരിക്കുകയുണ്ടായി. സാമ്രാജ്യത്വ താല്പര്യങ്ങളുടെ അധിനിവേശ രാഷ്ട്രീയവും രഹസ്യമായി നടപ്പിലാക്കുന്ന 'ഭീകര നയതന്ത്രവും' ഒരു ജനതയെ ഹിംസാത്മക ദര്‍ശനങ്ങളിലേക്ക് അടുപ്പിക്കുന്നു.
നാടും നഗരവും ചുട്ടെരിക്കപ്പെടുമ്പോള്‍ പ്രിയരും പ്രിയപ്പെട്ടതൊക്കെയും നവ സാമ്രാജ്യത്വഭീകരതയില്‍ നഷ്ടമാകുമ്പോള്‍ പോകാനൊരിടവുമില്ലെന്നും തങ്ങളുടേതെന്നു പറയാന്‍  ഒരു ഭാവികാലം പോലുമില്ലെന്നു വരുമ്പോള്‍, ഹിംസയുടെ പ്രത്യേകിച്ചും മതാത്മക ഹിംസയുടെ ദര്‍ശനങ്ങള്‍ക്ക് യുവ മനസ്സുകളില്‍ വേരോടുവാന്‍ നിലമൊരുങ്ങുന്നു.

ഐ എസ്സിന്റെ ലക്ഷ്യം

ഫലസ്തീനികളോടുള്ള ഐ എസ്സിന്റെ സമീപനം എന്തെന്നു വ്യക്തമല്ല. അവര്‍ ഫലസ്തീന്‍ പതാക കത്തിച്ചുവെന്ന് വാര്‍ത്തകളുണ്ട്. പ്രശ്‌നം ആശയപരമായിരിക്കും. കാരണം, ക ട ന്റെ ലക്ഷ്യം ഒരൊറ്റ ഇസ്ലാമിക ഖലിഫേറ്റ് ആണ്. ആഗോളതലത്തില്‍ ഏക ശിലാത്മകമായ ഇസ്ലാം. സംശുദ്ധ ഇസ്ലാം! അതിനെ നയിക്കാന്‍, നിയന്ത്രിക്കാന്‍ ഒരൊറ്റ ഭരണാധികാരി. പതിനെട്ടാം നൂറ്റാണ്ടില്‍ വഹാബും ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ സൗദി ഇഖ്‌വാനും മുന്നോട്ടു വെച്ച അതേ ആശയം. ക ട ഉം സൗദി വഹാബിസവും ഒന്നാകുന്നതും ഇവിടെയാണ്. ഇക്കാര്യങ്ങളില്‍ എവിടെയെങ്കിലും ആശയപരമായി ഭിന്നത നമുക്ക് കാണാനാവില്ല. രണ്ടും ഇസ്ലാമിക റിവൈലിസ്റ്റ് പ്രസ്ഥാനങ്ങളാണ്. രണ്ടു കൂട്ടരുടേയും മാതൃക മദ്ധ്യകാല മത-ന്യായ പ്രമാണങ്ങളാണ്. രണ്ടും മനുഷ്യത്വ വിരുദ്ധമാണ്. അതു തന്നെയാണ് സൗദി ഭയപ്പെടുന്നതും. അവരുടെ അധികാര വ്യവസ്ഥിതിക്ക് ഏറ്റവും ശക്തമായ വെല്ലുവിളിയായി മാറാന്‍ പോകുന്നതും ക ട തന്നെയാണ്.

പ്രതിരോധങ്ങള്‍ മതാത്മകമാകുമ്പോള്‍

പ്രതിരോധങ്ങളുടെ പിതൃത്വം തേടിയാല്‍ രാഷ്ട്രീയവും മതേതരവുമായ കാരണങ്ങള്‍  കണ്ടെത്താവുന്ന പല പ്രസ്ഥാനങ്ങളും സായുധ നീതിയുടെ അസമവിതാനങ്ങളില്‍ വഴി തെറ്റി മത മൗലിക തീവ്ര വാദ ധാരയിലേക്കൊഴുകിയെത്തുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയ, പ്രാദേശിക പ്രതിരോധങ്ങള്‍ക്ക് ലഭിക്കാത്ത സാമ്പത്തിക സൈനിക സഹായങ്ങള്‍ ആഗോള മുതലാളിത്വത്തിന്റെ സവിശേഷ സാഹചര്യങ്ങളില്‍ മതതീവ്രവാദികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നതു മാത്രമല്ല, അതിനു കാരണം. മതാതീതമായ മാനവികതയും മൂല്യബോധവും ധാര്‍മ്മികതയും സൃഷ്ടിച്ചെടുക്കുവാന്‍ നമുക്കു കഴിയാത്തതു കൊണ്ടു കൂടിയാണ്.
ക ട ലേക്ക് റിക്രൂട്ടു ചെയ്യപ്പെടുന്ന ചെറുപ്പക്കാരില്‍ ബഹുഭൂരിപക്ഷവും അഭ്യസ്തവിദ്യരാണ്. ബോംബു സ്‌ഫോടനങ്ങളുടേയും നിലയ്ക്കാത്ത നിലവിളികളുടേയും ഹതാശമായ സാഹചര്യങ്ങളില്‍ നിന്നും മാത്രമല്ല സുരക്ഷിതമായ സ്വകാര്യജീവിതം നയിക്കുന്ന നിരവധി യുവാക്കള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അശാന്തിയുടെ കൂടാരങ്ങളിലേക്ക് ചേക്കേറുന്നുവെന്ന അശുഭവര്‍ത്തമാനം നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്ത് നിന്ന് 150 യുവാക്കളെങ്കിലും ഐ എസിന്റെ വലയത്തില്‍പെട്ടിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. അതില്‍ ഭൂരിപക്ഷവും താരതമ്യേന മെച്ചപ്പെട്ട ജീവിത നിലവാരമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്‌നാട്ടില്‍ നിന്നും  കര്‍ണ്ണാടകയില്‍ നിന്നുമുള്ള യുവാക്കള്‍ ക ട ന്റെ പ്രസക്തമായ ചില ചുമതലകളിലേക്ക് എത്തിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നിന്നും റിക്രൂട്ടുകളുണ്ടാകാം എന്നു പറയപ്പെടുന്നു. സുരക്ഷാ ഏജന്‍സികളുടെ റഡാറില്‍ പെട്ടിട്ടുള്ളവരെല്ലാം അഭ്യസ്തവിദ്യരും പ്രത്യേകിച്ച് സാങ്കേതികരംഗത്ത്  പ്രവര്‍ത്തിക്കുന്നവരുമാണ്. ഐ.ടി. എഞ്ചിനീയറിംഗ് മേഖലയില്‍ നിന്നുള്ളവര്‍.
എന്താണിതിനു കാരണം? സാങ്കേതിക, തൊഴിലധിഷ്ഠിത വിഷയങ്ങള്‍ക്ക് പ്രാമുഖ്യം കൈവരികയും ചരിത്രവും മാനവികതയും വിദ്യാഭ്യാസമേഖലയില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുമ്പോള്‍ ധാര്‍മ്മികതയും മൂല്യബോധവും മാനവികതയുടെ ചരിത്രപാഠങ്ങളും അപ്രസക്തമായതുകൊണ്ടൊണോ ഇതു സംഭവിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അധികാരത്തിനും ഹിംസാത്മകതയ്ക്കുമെതിരെയുള്ള സമരം മറവിയ്‌ക്കെതിരെയുള്ള ഓര്‍മ്മപ്പെടുത്തലുകളുടെ സമരമാണ്. ഓര്‍മ്മകളും പുനര്‍വായനകളുമാണ് പ്രതിരോധങ്ങളെ ജാഗ്രത്താക്കുന്നത്. എന്നാല്‍ ഇവിടെ ഓര്‍മ്മകള്‍ക്ക് നാം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്. പ്രതിരോധങ്ങള്‍ക്ക് അനുപൂരകമാകേണ്ട സാംസ്‌ക്കാരിക സ്മരണകള്‍ സാങ്കേതികതയുടെ നവലേകത്ത് ചതഞ്ഞരയുമ്പോള്‍ രോഷങ്ങള്‍ അശാന്തിയുടെ ഉന്മാദ സ്‌ഫോടനങ്ങളായി വഴിതെറ്റുകയാണ്.

മതാതീതമായ മാനവികത


നമുക്ക് മാനവികതയെ വീണ്ടെടുക്കേണ്ടതുണ്ട്. അത് മതസൂക്തങ്ങളുടെ വ്യാഖ്യാന വൈവിധ്യങ്ങളില്‍ നിന്നല്ല, ഹൃദയത്തില്‍ നിന്നുമാണ് ഉണ്ടോകേണ്ടത്. അതിനനുസൃതമായ സാമൂഹ്യ പാശ്ചാത്തലം ഒരുക്കേണ്ടതുണ്ട്.
ചരിത്രത്തില്‍ മതങ്ങളോളം ഹിംസാത്മകമായ മറ്റൊരു ചിന്താ പദ്ധതികളും ഉണ്ടായിട്ടില്ല. വ്യാഖ്യാനവൈകല്യങ്ങളില്‍ നിന്നാകാം, എക്കാലത്തും വിനാശകരമായ മുഖം മതങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ച് തങ്ങള്‍ പറയുന്നതാണ്, അതുമാത്രമാണ് സത്യമെന്നും, മോക്ഷമാര്‍ഗ്ഗം ഒന്നുമാത്രമാണെന്നു വാശിപിടിക്കുമ്പോള്‍ അതങ്ങനെയാവാനേ തരമുള്ളൂ. സ്വന്തം വിശ്വാസസംരക്ഷണമെന്നത് ഒരേ സമയം മറ്റു വിശ്വാസങ്ങള്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം കൂടിയായി മാറുന്നതാണ് മതങ്ങളുടെ ചരിത്രം. അവിശ്വാസിയെ ഉന്‍മൂലനം ചെയ്യാന്‍ ഉദ്‌ഘോഷിക്കുന്ന ഒരു മതസൂക്തം ഉയര്‍ത്തിക്കൊണ്ട് ദൈവത്തെ പിശാചാക്കുന്ന കൂട്ടര്‍ക്ക് മറുപടിയായി ദൈവം ദയയും സ്‌നേഹവുമാണെന്ന് അതേ മതഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് പറയുന്നത് പ്രതിരോധമേ ആകുന്നില്ല എന്നതാണ് അനുഭവം. അവരവര്‍ക്കാവശ്യമുള്ളതുമാത്രം വായിച്ചെടുക്കുകയാണ് മൗലികവാദികളുടെ പൊതുരീതി. ലക്ഷ്യം രാഷ്ട്രീയസാധ്യതകള്‍ കൂടിയാകുമ്പോള്‍ മറുവാദങ്ങള്‍ അപ്രസക്തമാണ്. മതമായാലും മാര്‍ക്‌സിസമായലും ദുരയുടെ കമ്പോള നീതിയായാലും ഇതു തന്നെയാണ് സ്ഥിതി.
ഇവിടെ പ്രതിരോധമാകാന്‍ കഴിയുന്നത് മതാതീതമായ മാനവികതയ്ക്കു മാത്രമാണ്. മതങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അതീതമായേ ഒരു മൂല്യബോധവും മാനവികതയും. പക്ഷെ നമ്മുടെ ധാര്‍മ്മിക - മൂല്യബോധ പാഠങ്ങളൊക്കെയും മതവുമായി ബന്ധപ്പെടുത്തിയാണ് നാം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്. എല്ലാ നന്മകളുടേയും ധാര്‍മ്മിക സമസ്യകളുടേയും അവസാന വാക്ക് മതമാണെന്ന ബോധത്തിന്റെ പാറപ്പുറത്താണ് നമ്മുടെ മൂല്യബോധനങ്ങള്‍. ഇതേ യുക്തിതന്നെയാണ് മതഭീകരവാദികളും ഉന്നയിക്കുന്നത്. അവര്‍ പകരുന്നത് വെറുപ്പിന്റെ മതപാഠമാണെന്നു മാത്രം.
മതഗ്രന്ഥങ്ങളില്‍ പറയുന്നത് എന്തുതന്നെയായാലും ജീവനെക്കാള്‍, ജീവിതത്തെക്കാള്‍ വിലയുള്ള 'മൂല്യങ്ങള്‍' ഒന്നും തന്നെയില്ല എന്ന് നമ്മുടെ കുട്ടികളെ പഠിപ്പിക്കുവാന്‍ നമുക്ക് കഴിയണം. ജീവനേക്കാള്‍ വിലയുള്ള 'വിശ്വാസപ്രമാണങ്ങള്‍' ഉണ്ടെന്ന ബോധനമാണ് രക്തസാക്ഷിത്വസങ്കല്‍പ്പങ്ങള്‍ക്കു പിന്നിലെ മോഹനയുക്തി. യുദ്ധത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതും ഇതേ യുക്തി തന്നെ. ദുരന്തങ്ങളോടുള്ള ബഹുമാനവും ആരാധനയുമാണ് ചരിത്രത്തെ രക്തരൂക്ഷിതമാക്കിയത്.
ഒരു യുദ്ധവും 'വിശുദ്ധമല്ലെന്ന തിരിച്ചറിവിലേക്കാണ് നാമുണരേണ്ടത്. യുദ്ധങ്ങളില്‍ ജയിക്കുന്നവരും കീഴടക്കുന്നവരും കൊല്ലപ്പെടുന്നവരും അല്ല, യുദ്ധങ്ങളെ തടഞ്ഞവരും ഒഴിവാക്കാന്‍ ശ്രമിച്ചവരുമാണ് മനുഷ്യരാശിയുടെ പ്രകാശഗോപുരങ്ങള്‍ എന്ന് നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുക. ഇത് പറയാന്‍ ഒരു മതത്തിന്റെയും പിന്‍ബലം ആവശ്യമില്ല. മതങ്ങളുടേയും വിശുദ്ധപുസ്തകങ്ങളുടേയും വ്യാഖ്യാനഭേദങ്ങള്‍ക്കതീതമായി മാനവികത വളര്‍ന്നു വരേണ്ടതുണ്ട്.
ആവര്‍ത്തിച്ചു പറയട്ടേ, ജീവനേക്കാള്‍, ജീവിതത്തെക്കാള്‍, മൂല്യവത്തായി മറ്റൊന്നും ഈ പ്രപഞ്ചത്തില്‍ ഇല്ലെന്നുള്ള തിരിച്ചറിവിലേക്ക് ഓരോ ജീവിതവും ഉണരണം. അതാകട്ടെ, സര്‍വ്വമതങ്ങള്‍ക്കും അതീതമായ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശമായിരിക്കണം.

0 comments:

Post a Comment

 
PB Jijeesh © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum